- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു; സിപിഎം ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല; ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സത്യപ്രതിജ്ഞ നടക്കില്ലെന്ന കാരണം പറഞ്ഞ് നടപ്പാക്കുന്നത് നേതാക്കളുടെ അജണ്ട
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരൻ രാജി വച്ചതോടെ വെട്ടിലായിരിക്കുന്നത് അടൂർ ഏരിയാ നേതൃത്വം. മുൻ ധാരണ പ്രകാരം സിപിഎം ഭരിക്കുന്ന അടൂർ നഗരസഭയിലും കടമ്പനാട് പഞ്ചായത്തിലും അധ്യക്ഷ സ്ഥാനത്തിന് മാറ്റമുണ്ടാകേണ്ടതാണ്. രണ്ടിടത്തും അധ്യക്ഷരെ മാറ്റാൻ ഒടുവിൽ ചേർന്ന ഏരിയാ കമ്മറ്റി തീരുമാനിക്കുകയും ചെയ്തു. എന്നാൽ, അടൂർ നഗരസഭയിൽ ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദിന്റെയും കടമ്പനാട് പഞ്ചായത്തിൽ പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെയും രാജി വൈകുകയാണ്.
കടമ്പനാട് പഞ്ചായത്തിൽ ഭരണമാറ്റം നടത്തുന്നതി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി. ബൈജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പ്രസിഡന്റ് പ്രിയങ്ക പ്രതാപിനോട് രാജി വയ്ക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. എന്നാൽ, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിന്റെ ബന്ധുവായ പ്രിയങ്ക ഇതു വരെ രാജി വച്ചിട്ടില്ല. ഏരിയാ കമ്മറ്റിയുടെ തീരുമാനം നടപ്പാക്കാൻ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി. ബൈജുവിന് കഴിഞ്ഞിട്ടുമില്ല. പ്രിയങ്ക രാജി വച്ചാൽ 12-ാം വാർഡ് അംഗം സിന്ധു ദിലീപാണ് പ്രസിഡന്റാകേണ്ടത്.
കടമ്പനാട് പഞ്ചായത്തിൽ ശരിക്കും പ്രസിഡന്റാകേണ്ടിയിരുന്നത് പാർട്ടിയിലെ മുതിർന്ന അംഗമായിരുന്ന സിന്ധു ദിലീപാണ്. ഏരിയാ സെക്രട്ടറിയടക്കം ഇടപെട്ട് പാർട്ടിയിലെ ഏറ്റവും ജൂനിയറായ പ്രിയങ്കയെ പ്രസിഡന്റാക്കുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായി. ഒടുവിൽ രണ്ടര വർഷം വീതം ഇരുവർക്കും നൽകാമെന്ന് ധാരണയായി. രണ്ടര വർഷം കഴിഞ്ഞിട്ടും പ്രിയങ്ക ഒഴിയാൻ തയാറായില്ല. പാർട്ടി ആവശ്യപ്പെട്ടതുമില്ല. സിന്ധു ദിലീപ് പാർട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് വരുത്തി തീർത്താണ് അധ്യക്ഷമാറ്റം വൈകിപ്പിച്ചത്. മൂന്നു വർഷത്തിന് ശേഷമാണ് അധ്യക്ഷ മാറാണമെന്ന് ഏരിയാ കമ്മറ്റിയിൽ തീരുമാനം ആയത്. അതാകട്ടെ നടപ്പാക്കുന്നില്ല. ഇപ്പോൾ പ്രസിഡന്റ് രാജി വച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പുതിയ ആളെ തെരഞ്ഞെടുക്കുന്നതിന് തടസമാകുമെന്ന് പറഞ്ഞാണ് രാജി ഒഴിവാക്കിയിരിക്കുന്നത്.
ഇതേ കഥ തന്നെയാണ് അടൂർ നഗരസഭയിലും പ്രചരിപ്പിക്കുന്നത്. ചെയർപേഴ്സൺ രാജി വയ്ക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പുതിയ ആളിന് മൂന്നു മാസം കഴിഞ്ഞേ അധ്യക്ഷനാകാൻ കഴിയൂവെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, അധ്യക്ഷൻ മാറുന്നതും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ന് രാജി വച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞത്. അധികാരമാറ്റം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ പരിധിയിൽ വരുന്നതല്ല.
അടൂർ നഗരസഭയിൽ ആദ്യ രണ്ടു വർഷം സിപിഐക്കായിരുന്നു അധ്യക്ഷ സ്ഥാനം. കൃത്യസമയത്ത് തന്നെ ധാരണ പാലിച്ച് സിപിഐയിലെ ഡി. സജി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. ശേഷിച്ച മൂന്നു വർഷം സിപിഎം മൂന്നു പേർക്ക് പങ്കിട്ടു നൽകാനാണ് തീരുമാനം. ആദ്യ തവണ ദിവ്യ റെജി മുഹമ്മദ് അധികാരമേറ്റു. ഒരു വർഷം പൂർത്തിയാക്കിയ ദിവ്യ ഇനി ഒഴിയണം. അടുത്തതായി മഹേഷ് കുമാറിനും അവസാന ടേം ഷാജഹാനുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇവിടെ ദിവ്യ രാജിവയ്ക്കാൻ തയാറായിട്ടില്ല. സിപിഎ, ഏരിയാ കമ്മറ്റിയാണ് രാജി ആവശ്യപ്പെടാൻ തീരുമാനിച്ചത്. അടൂരിൽ ദിവ്യ രാജി വച്ചാൽ കടമ്പനാട്ട് പ്രിയങ്കയും രാജി വയ്ക്കേണ്ടി വരും. അതൊഴിവാക്കാനാണ് ഇല്ലാത്ത തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടെന്ന് വരുത്തി ഏരിയാ നേതാക്കൾ അടക്കം പ്രചരിപ്പിക്കുന്നത്. ഓമല്ലൂർ ശങ്കരന്റെ രാജിയോടെ ഏരിയാ സെക്രട്ടറിയടക്കമുള്ളവരുടെ കുതന്ത്രം പാളിയിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്