പത്തനംതിട്ട: ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാതിരുന്ന സ്ഥലം എംഎ‍ൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജിനെതിരേ പത്തനംതിട്ട മുസ്ലിം ജമാഅത്ത് കമ്മറ്റി. സംസ്‌കാര ചടങ്ങിനും അനുസ്മരണത്തിനും ശേഷം മാധ്യമങ്ങളോടാണ് ഉതേപ്പറ്റി ജമാ അത്ത് ഭാരവാഹികൾ പ്രതികരിച്ചത്. മന്ത്രി പങ്കെടുക്കാതെ പോയത് ഒരു വലിയ കുറവ് തന്നെയാണ്. വരും ദിവസങ്ങളിൽ ഇത് പൊതുസമൂഹം ചർച്ച ചെയ്യട്ടെയെന്നും അവർ പറഞ്ഞു.

സർക്കാരിന്റെ പ്രതിനിധികളായി എസ്‌പിയും ജില്ലാ കലക്ടറുമൊക്കെയുണ്ടായിരുന്നു. ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയാണ്. പോരെങ്കിൽ ഇവിടുത്തെ എംഎൽഎയാണ്. അവർ സർക്കാരിന്റെ തന്നെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണ്. അതും അറിയാം. എന്നിരുന്നാൽപ്പോലും രാജ്യം ആദരിക്കുന്ന ഒരു വ്യക്തിത്വമാണ് മരണപ്പെട്ടത്. ഇവിടെ വരെ വരാതിരുന്നത് വലിയ കുറവ് തന്നെയാണ്. ഇക്കാര്യം മുസ്ലിം ജമാ അത്ത് കമ്മറ്റി ചർച്ച ചെയ്തു. രാജ്യത്തെ സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജ്, മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷ, തമിഴ്‌നാട് മുൻ ഗവർണർ എന്നിങ്ങനെ ഈ നാടിന് അഭിമാനിക്കാനുള്ള ഒരു പാട് പദവികൾ വഹിച്ചിരുന്നയാളാണ് ഫാത്തിമ ബീവി. അവരോടുള്ള ആദരം പ്രകടിപ്പിച്ച് ഈ ജില്ലയിലെങ്കിലും പൊതു അവധി പ്രഖ്യാപിക്കാമായിരുന്നു. വേണ്ട, പത്തനംതിട്ട മുനിസിപ്പൽ അതിർത്തിയിലെ സ്‌കൂളുകൾക്കെങ്കിലും അവധി കൊടുക്കാമായിരുന്നു.

അതുണ്ടായില്ല. ജമാ അത്തിന്റെ കീഴിലുള്ള സ്‌കൂളുകൾക്കും മദ്രസകൾക്കുംഅവധി കൊടുത്തുവെന്നും അവർ പറഞ്ഞു. ഫാത്തിമാ ബീവിയുടെ സംസ്‌കാര ചടങ്ങിനോട് സംസ്ഥാന സർക്കാർ അവഗണന കാട്ടിയെന്നാണ് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞത്. സംസ്ഥാന ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ കെയു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എച്ച്.ഷാജഹാൻ, ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവിഎന്നിവരൊക്കെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.