പത്തനംതിട്ട: സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസൽക്കാരത്തിനിടെ പൊലീസുകാരുടെ തമ്മിലടി. രണ്ടു പേരെ അടിയന്തര പ്രാധാന്യത്തോടെ സസ്പെൻഡ് ചെയ്തു. പരിപാടി സംഘടിപ്പിക്കുകയും തമ്മിലടിക്ക് നേതൃത്വം നൽകുകയും ചെയ്ത ഉദ്യോഗസ്ഥൻ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടതിനാൽ ഇയാൾക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് സൂചന.

പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ ഗിരി, ഡ്രൈവർ എസ്. സി.പി.ഓ സാജൻ എന്ന് അറിയപ്പെടുന്ന ജോൺ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ.ആർ. ക്യാമ്പിലെ മുൻ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ അജയകുമാർ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടതിനാൽ ഇയാൾക്കെതിരേ നടപടിയില്ല.

മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സൽക്കാരം ഇന്നലെ മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഓഡിറ്റോറിയത്തിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസിന്റെ പാർട്ടി സ്ഥിരമായി ഇവിടെ നടക്കാറുള്ളതിനാൽ ദൃശ്യങ്ങൾ നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

അജയകുമാറും ജോൺ ഫിലിപ്പും ചേർന്ന് എഎസ്ഐ ഗിരിയെ മർദിക്കുകയായിരുന്നു. ജില്ലയിലെ പൊലീസ് വാഹനങ്ങളുടെ ചുമതല മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ എന്നിവയുടെയൊക്കെ ബിൽ സമർപ്പിക്കുന്നത് ഇദ്ദേഹമാണ്.

അടുത്തിടെ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബിൽ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സൽക്കാരത്തിന്റെ ലഹരിയിലായിരുന്നവർ ഇതോടെ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥന്റെ ബന്ധുവിന്റെ തട്ടയിലുള്ള പമ്പിൽ നിന്നാണ് പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനം നിറയ്ക്കുന്നത്.

ഇതിന് കമ്മിഷൻ ഇനത്തിൽ അജയകുമാർ തന്റെ സ്വകാര്യ വാഹനത്തിന് ഇന്ധനം നിറയ്ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. ഡീസൽ അടിച്ച ബില്ലിൽ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച് ഇൻഡന്റ് സഹിതം ക്യാമ്പിലെ അസി. കമാൻഡന്റിന് ജോൺഫിലിപ്പ് പരാതി നൽകിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇൻഡന്റ് ജോൺ ഫിലിപ്പ് മോഷ്ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നൽകി. രണ്ടു പേർക്കും പണി കിട്ടുമെന്നായപ്പോൾ പരാതി പിൻവലിച്ച് രമ്യതയിലെത്തി.

ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേർന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്തത്. അടിയും അസഭ്യ വർഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരേ നടപടി വേണ്ട..ഉത്തരവ് മുകളിൽ നിന്ന്

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയെടുക്കേണ്ട എന്നൊരു അലിഖിത നിയമം അടുത്തിടെ ജില്ലയിൽ നിലവിൽ വന്നിട്ടുണ്ടെന്ന് പൊലീസുകാർ തന്നെ പറയുന്നു. ജില്ലാ പൊലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച് ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു വന്നിരിക്കുന്നതത്രേ. മൈലപ്രയിൽ അടിപിടികൂടിയ ഉദ്യോഗസ്ഥൻ മുൻപ് അടൂർ സ്റ്റേഷൻ പരിധിയിൽ മദ്യലഹരിയിൽ വാഹനം ഇടിപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇയാൾക്കെതിരേ മാധ്യമ വാർത്തകൾ വന്നിരുന്നു. അന്ന് ഈ ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്താതെയും കേസെടുക്കാതെയും വിട്ടയച്ചത് അടൂർ പൊലീസ് ഇൻസ്പെക്ടറാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവം സത്യമാണെന്ന് അറിഞ്ഞിട്ടും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വാഹനം ഇടിപ്പിച്ച ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിച്ച അടൂർ ഇൻസ്പെക്ടറും നടപടിയില്ലാതെ രക്ഷപ്പെട്ടു.

പൊലീസ് പി.ആർ.ഓ പദവി ദുരുപയോഗം ചെയ്യുന്ന ജില്ലയിലെ പടിഞ്ഞാറൻ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി തയാറായിരുന്നില്ല. അനുമതി വാങ്ങാതെ തിരുവല്ല പൊലീസ് സബ്ഡിവിഷന്റെ പേരിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ഗാനമേള നടത്തുകയും അതിൽ പാർട്ടി നേതാക്കളെ അണിനിരത്തുകയും ചെയ്തതിന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് അയച്ചിട്ടും വകുപ്പു തല നടപടി ഉണ്ടായില്ല. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ ഒരു ജീവനക്കാരിയുടെ ഭർത്താവും ഉൾപ്പെട്ടതിനാലായിരുന്നു ഇതിന്മേൽ നടപടിയുണ്ടാകാതെ പോയത്. പമ്പ പൊലീസ് സ്റ്റേഷനിൽ കച്ചവടക്കാരിൽ നിന്നും കരാറുകാരിൽ നിന്നും പടി വാങ്ങിയതിന്റെ പേരിൽ പൊലീസുകാരനെതിരേ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടും അട്ടിമറിച്ചു. ഇതിന്റെ പിന്നിൽ ഐ.പി.എസ് തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് പറയുന്നു.

മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കി പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കേണ്ട എന്നൊരു ഉത്തരവ് വാക്കാൽ നൽകിയിട്ടുണ്ടത്രേ. പൊലീസുകാർ തമ്മിലുള്ള പകപോക്കൽ ആണ് വാർത്തകൾ വരാൻ കാരണമെന്ന വിചിത്രമായ കണ്ടുപിടുത്തമാണ് ഇവർ നടത്തിയിരിക്കുന്നത്. ഇത് പൊലീസുകാർക്ക് അനുഗ്രഹമാവുകയും വഴി വിട്ട പ്രവർത്തനങ്ങൾ വർധിക്കുകയുമാണ്. നദികളിലെ മണൽ വാരൽ അടക്കം പൊലീസിന് പടി നൽകി നിർബാധം നടക്കുന്നു. പമ്പ സ്റ്റേഷൻ പരിധി മുതൽ ആറന്മുള, കോയിപ്രം സ്റ്റേഷനുകളുടെ അതിര് വരെ മണൽ വാരൽ നിർബാധം നടക്കുകയാണ്. ഇത് സംബന്ധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.