പത്തനംതിട്ട: ജില്ലയ്ക്ക് പൊലീസ് മേധാവി ഇല്ലാതെയായിട്ട് രണ്ടാഴ്ച. ഇവിടെ യുണ്ടായിരുന്ന സ്വപ്നിൽ മധുകർ മഹാജൻ ഡെപ്യൂട്ടേഷനിൽ എൻഐഎയിലേക്ക് പോയതിന് ശേഷം ആരെയും നിയമിച്ചിട്ടില്ല. കോട്ടയം എസ്‌പി കാർത്തിക്കിന് അധിക ചുമതല നൽകിയിരിക്കുകയാണ്. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്നതിന് ശേഷം അദ്ദേഹത്തിന് ഇവിടേക്ക് തിരിഞ്ഞു നോക്കാൻ സമയം ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം.

സിപിഎം നേതാക്കളുടെ ഇഷ്ടക്കാരായ കൺഫേർഡ് ഐപിഎസുകാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള ചരടുവലികൾ നടക്കുന്നതാണ് എസ്‌പി നിയമനം വൈകാൻ കാരണം. ഓരോ ഉദ്യോഗസ്ഥർക്കും വേണ്ടി ഒരോ നേതാക്കൾ രംഗത്തുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയെ കാണാൻ നിരവധി ഉേദ്യാഗസ്ഥർ എത്തുന്നുണ്ടാണ് എന്ന് അറിയുന്നത്. മുൻപ് അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിവൈഎസ്‌പി ആയിരുന്ന വി. അജിത്തിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. 2019 ബാച്ച് ഐപിഎസ് കൺഫേർഡ് ഉദ്യോഗസ്ഥനാണ് അജിത്ത്. മറ്റു ചിലരും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാകാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്.

പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കാൻ നിലവിൽ ജില്ലയിൽ ആളില്ല. പുളിക്കീഴ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവുമധികം കേസുകൾ കഴിഞ്ഞ ഒരു മാസമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്, പ്രസവിച്ചു കിടന്ന യുവതിയെ വായു കുത്തി വച്ച് കൊല്ലാൻ ശ്രമിച്ചത് അടക്കമുള്ള കേസുകളാണ് അന്വേഷണം മുന്നോട്ടു പോകാതെ കിടക്കുന്നത്.

പാർട്ടിക്കാരുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇവർ കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഡയറക്ടർ ഐപിഎസുകാർ വന്നാൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയാതെ വരും. കൺഫേർഡ് ഐപിഎസുകാർ ഉപകാരസ്മരണ കാണിക്കുമെന്നതിനാലാണ് അവർക്ക് വേണ്ടി ചരടുവലി നടക്കുന്നത്.