പത്തനംതിട്ട: ഈ മാസം 31 ന് വിരമിക്കുന്ന അഡീഷണൽ എസ്‌പി ആർ. പ്രദീപ്കുമാർ അർഹമായ സ്ഥാനക്കയറ്റം കിട്ടാത്തതിൽ പ്രതിഷേധിച്ച് യാത്രയയപ്പ് ചടങ്ങുകൾ ബഹിഷ്‌കരിക്കുന്നു. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ നിന്നും വിട്ടു നിന്ന അദ്ദേഹം നാളെ ജില്ലാ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നൽകുന്ന യാത്രയയപ്പും സ്വീകരിക്കില്ല.

ഒപ്പം സർവീസിൽ കയറിയ മിക്കവരും എസ്‌പിയായി. അവരിൽ പലർക്കും ഐപിഎസും കൺഫർ ചെയ്ത് ലഭിച്ചു. തനിക്കർഹമായ എസ്‌പി തസ്തിക പോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദീപ്കുമാർ യാത്രയയപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. അസോസിയേഷനുകളുടെയും ജില്ലാ കമ്മറ്റികൾ സംയുക്തമായി വിരമിക്കുന്ന പൊലീസുകാർക്ക് ബുധനാഴ്ച ഔദ്യോഗിക യാത്രയയപ്പ് നൽകുന്നുണ്ട്.

ഇൻസ്പെക്ടർമാർ അടക്കം ജില്ലയിൽ നിന്ന് ഈ മാസം വിരമിക്കുന്ന എല്ലാവരുടെയും ചിത്രം പരിപാടി നോട്ടീസിലുണ്ട്. ഏറ്റവും മുകളിലായി സ്ഥാനം പിടിക്കേണ്ടത് ഇക്കൂട്ടത്തിൽ വിരമിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനായ അഡീ. എസ്‌പി ആർ. പ്രദീപ്കുമാറിന്റെ ചിത്രമാണ്. എന്നാൽ തനിക്ക് യാത്രയപ്പും വേണ്ടെന്ന് അസോസിയേഷൻ ഭാരവാഹികളെ പ്രദീപ്കുമാർ അറിയിച്ചു. ഇക്കഴിഞ്ഞ 17 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു.

അതിലും പ്രദീപ്കുമാർ പങ്കെടുത്തില്ല. 1996 ൽ സർവീസിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലം പെരുംങ്കുളം സ്വദേശിയായ പ്രദീപ്കുമാർ. ഒപ്പമുള്ളവർക്കെല്ലാം കൺഫേർഡ് ഐപിഎസ് ലഭിച്ചു. പത്തനംതിട്ടയിൽ നിലവിലെ എസ്‌പി വി. അജിത്തും പ്രദീപ്കുമാറും ഒരേ ലിസ്റ്റിൽ വന്ന ഉദ്യോഗസ്ഥരാണ്. സർക്കാരിന് കഴിയുമായിരുന്നിട്ടും സ്ഥാനക്കയറ്റം നൽകിയില്ലെന്ന നീരസം പ്രദീപ്കുമാർ സഹപ്രവർത്തരോട് പങ്കുവെച്ചതായാണ് വിവരം. യാത്രയയപ്പ് വേണ്ടെന്ന് വെച്ചത് സ്ഥാനക്കയറ്റം ലഭിക്കാത്തതിലെ നീരസം കൊണ്ടാണെന്ന പ്രചാരണം അദ്ദേഹം നിഷേധിക്കുന്നുമില്ല.