പട്ന: റോഡിലെ കുണ്ടും കുഴിയും പലപ്പോഴും യാത്രികർക്ക് പേടിസ്വപ്നമാണ്. എന്നാൽ ഉത്തർപ്രദേശിൽ ഒരു 50-കാരിയുടെ കാര്യത്തിൽ റോഡിലെ ആ വലിയ കുഴി ഒരു പുണ്യമായി മാറി. ശരീരത്തിൽ ജീവന്റെ ലക്ഷണങ്ങൾ അവസാനിച്ചുവെന്ന് കരുതി ഡോക്ടർമാർ മരണം പ്രവചിച്ച വിനീത ശുക്ല എന്ന സ്ത്രീക്കാണ് ആംബുലൻസ് കുഴിയിൽ ചാടിയതിലൂടെ ജീവൻ തിരികെ ലഭിച്ചത്. ബറേലി-ഹരിദ്വാർ ദേശീയപാതയിലെ (NH-74) ഒരു കുഴിയാണ് വിനീതയ്ക്ക് അപ്രതീക്ഷിതമായി തുണയായത്.

പിലിബിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ശുക്ല ഫെബ്രുവരി 22-നാണ് വീട്ടിലെ ജോലികൾക്കിടെ പെട്ടെന്ന് ബോധരഹിതയായി വീണത്. ഉടൻ തന്നെ ബന്ധുക്കൾ ഇവരെ പിലിബിത്തിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബറേലിയിലെ ആശുപത്രിയിൽ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും വിനീതയുടെ ആരോഗ്യനില തീർത്തും വഷളായി. തലച്ചോറിന്റെ പ്രവർത്തനം നിലച്ചുവെന്നും (Brainstem reflexes absent) ബോധനിലവാരം അളക്കുന്ന ഗ്ലാസ്ഗോ കോമ സ്കെയിൽ (GCS) ഏറ്റവും താഴ്ന്ന നിലയായ മൂന്നിൽ എത്തിയെന്നും ഡോക്ടർമാർ വിലയിരുത്തി. രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് കണ്ടതോടെ ഫെബ്രുവരി 24-ന് ഇവരെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി മരണം സംഭവിക്കുമെന്ന് കരുതി കുടുംബം അന്ത്യകർമ്മങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പോലും തുടങ്ങിയിരുന്നു.

ഭർത്താവ് കുൽദീപ് കുമാർ ശുക്ലയും ബന്ധുക്കളും ചേർന്ന് വിനീതയെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആ അവിശ്വസനീയമായ സംഭവം നടന്നത്. ഹാഫിസ്ഗഞ്ചിന് സമീപം ഹൈവേയിലെ ഒരു വലിയ കുഴിയിൽ ആംബുലൻസ് വീഴുകയും വണ്ടി പെട്ടെന്ന് ശക്തമായി കുലുങ്ങുകയും ചെയ്തു.

ഈ ആഘാതത്തിന് തൊട്ടുപിന്നാലെ വിനീത ശ്വാസമെടുക്കാൻ തുടങ്ങുന്നത് കണ്ട് ഭർത്താവ് അമ്പരന്നു. ജീവന്റെ ലക്ഷണങ്ങൾ കണ്ടതോടെ വിനീതയെ ഉടൻ തന്നെ പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ എത്തിച്ചു. അവിടെ ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സകൾ ആരംഭിച്ചു.

ന്യൂറോസിറ്റി ആശുപത്രിയിലെ ന്യൂറോസർജൻ ഡോ. രാകേഷ് സിങ് നടത്തിയ വിശദമായ പരിശോധനയിൽ വിനീതയുടെ ശരീരത്തിൽ ന്യൂറോടോക്സിനുകളുടെ (Neurotoxins) സാന്നിധ്യം കണ്ടെത്തി. ലക്ഷണങ്ങൾ പരിശോധിച്ച ഡോക്ടർ ഇത് പാമ്പുകടിയേറ്റതാകാമെന്ന് സംശയിക്കുകയും ഉടൻ തന്നെ പാമ്പിൻ വിഷത്തിനുള്ള പ്രതിമരുന്ന് (Anti-snake venom) നൽകുകയും ചെയ്തു.

ആംബുലൻസ് കുഴിയിൽ വീണപ്പോഴുണ്ടായ ആഘാതം വിനീതയുടെ ശരീരത്തിന് ഒരു സ്റ്റിമുലസ് (Stimulus) പോലെ പ്രവർത്തിച്ചിരിക്കാമെന്നും ഇതാകാം നിലച്ചുപോയ ശ്വസനപ്രക്രിയ പുനരാരംഭിക്കാൻ സഹായിച്ചതെന്നും ഡോക്ടർമാർ കരുതുന്നു. കൃത്യമായ ചികിത്സയും അപ്രതീക്ഷിതമായി ലഭിച്ച ആ പ്രഹരവും വിനീതയെ മരണമുഖത്ത് നിന്ന് രക്ഷിച്ചു. തിങ്കളാഴ്ച പൂർണ്ണ ആരോഗ്യത്തോടെ വിനീത വീട്ടിലേക്ക് മടങ്ങി.