തൃശൂർ: ചേതനയറ്റ് അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ കിടന്നത് രണ്ടുദിവസത്തോളം. അമ്മ മരിച്ചവിവരമറിയാതെ കുട്ടികൾ മറ്റൊരിടത്തും. അവസാനമായി മക്കളെ ആ മുഖമൊന്നു കാണിക്കാൻ കളക്ടർക്കും എംഎ‍ൽഎ.യ്ക്കും പൊലീസിനുംവരെ ഇടപെടേണ്ടിവന്നു. അങ്ങനെ ആ കുട്ടികൾ അവിടെ എത്തി. ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹമാണ് ഭർതൃവീട്ടുകാരുടെ വിലക്കിനൊടുവിൽ മക്കളെ കാണിച്ചത്. മൃതദേഹം കാണാൻ രണ്ടു മക്കളെയും കൊണ്ടുവരില്ലെന്ന് നേരത്തേ ഭർതൃവീട്ടുകാർ ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടർന്ന് അന്ത്യകർമങ്ങൾ മൂന്നുദിവസത്തോളം വൈകി. വെള്ളിയാഴ്ച മക്കളെത്തി ആശയുടെ സംസ്‌കാരച്ചടങ്ങിൽ അന്ത്യകർമങ്ങൾ ചെയ്തു.

പാവറട്ടി സ്വദേശി കവര വീട്ടിൽ വേലുക്കുട്ടിയുടെ മകൾ ആശ(35)യുടെ മരണമാണ് വിവാദത്തിലായത്. ഒടുവിൽ മക്കളായ ശ്രീറാം(10), സഞ്ജയ് (8) എന്നിവർ തന്നെ അന്ത്യകർമ്മങ്ങളും നടത്തി. ആത്മഹത്യക്കുശ്രമിച്ച ആശ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. ഭർത്താവ് പനങ്ങാട്ടിൽ സന്തോഷും കുടുംബാംഗങ്ങളും മൃതദേഹം നാട്ടികയിലെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധംപിടിച്ചു. അരമണിക്കൂറെങ്കിലും ആശയുടെ മൃതദേഹം പാവറട്ടിയിലെ സ്വന്തംവീട്ടിൽവെക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് വിസമ്മതിച്ചു. അതോടെ പൊലീസ് ഇടപെട്ടു. മൃതദേഹം വ്യാഴാഴ്ച പാവറട്ടിയിലെ ആശയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ, ഭർത്തൃവീട്ടുകാർ ആരും അവിടേക്കെത്തിയില്ല. മക്കളെ വിടാനും തയ്യാറായില്ല.

മൃതദേഹം ആദ്യം ആശയുടെ വീട്ടിലെത്തിച്ചതാണ് പ്രശ്‌നമായത്. പിന്നീട് ഭർതൃവീട്ടിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ മൃതദേഹം ഭർതൃവീട്ടിലേക്ക് കൊണ്ടുവരാനോ കുട്ടികളെ കാണിക്കാനോ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനോ ഭർത്താവ് സന്തോഷും വീട്ടുകാരും സമ്മതിച്ചില്ല. ഇതോടെ മൃതദേഹം സംസ്‌കരിക്കാനാവാതെ ആശയുടെ വീട്ടുകാർ മൂന്നു ദിവസത്തോളം പ്രതിസന്ധിയിലായി. അതുവരെ മൃതദേഹം ആശയുടെ വീട്ടുമുറ്റത്ത് ഫ്രീസറിൽവെച്ചിരിക്കുകയായിരുന്നു. പിന്നീട് മുരളി പെരുനെല്ലി എംഎ‍ൽഎ.യും കളക്ടർ ഹരിത വി. കുമാറും കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി.യും ഇടപെട്ട് സന്തോഷിനെയും മക്കളെയും വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നീണ്ട ചർച്ച.

രണ്ടുമണിക്കാണ് മക്കളെ ആശയുടെ വീട്ടിലെത്തിച്ചത്. ശേഷം സംസ്‌കാരച്ചടങ്ങുകൾ നടത്തി മൃതദേഹം വീട്ടിൽ സംസ്‌കരിച്ചു. ചടങ്ങുകൾക്കുശേഷം കുട്ടികൾ സന്തോഷിന്റെ വീട്ടിലേക്കുമടങ്ങി. അതിനിടെ ആശയുടെ മരണം ഭർത്തൃവീട്ടിലെ പീഡനം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസിൽ പരാതി നൽകി. 12 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. വിസിറ്റിങ് വിസയിൽ ഭർത്താവിനൊപ്പം വിദേശത്തുപോയ ആശ ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചത് അറിഞ്ഞാണ് ഭർത്താവ് സന്തോഷ് നാട്ടിലെത്തിയത്.

നാട്ടികയിലെ ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവിന്റെ അനുജൻ മാനസികമായി പീഡിപ്പിരുന്നെന്ന് ആശ പറഞ്ഞായി സുഹൃത്തുക്കളും ആരോപിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തിൽ ചൈൻഡ് ലൈൻ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശ ജീവനൊടുക്കിയ നാട്ടികയിലെ ഭർതൃവീട്ടിൽ മക്കൾ സുരക്ഷിതരല്ലെന്ന് കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ. പാവറട്ടിയിലെ ജന്മവീട്ടിൽ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായതിനെ പിന്നാലെ മക്കളെ ഭർത്താവായ സന്തോഷിന്റെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയിരുന്നു. സന്തോഷിന്റെ സഹോദരനെതിരെ ആശയുടെ സുഹൃത്തുക്കളും രംഗത്തെത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുൻപാണ് ഭർത്താവിന്റെ സഹോദരൻ മാനസികമായി പീഡിപ്പിക്കുന്ന വിവരം ആശ വീട്ടുകാരോട് പറഞ്ഞത്.

ആശയുടെ ബന്ധുക്കളുടെ പരാതി പരിശോധിച്ച് തുടർ നപടിയെടുക്കുമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. പന്ത്രണ്ട് വർഷം മുൻപാണ് പാവറട്ടി സ്വദേശിനി ആശയെ നാട്ടിക സ്വദേശി സന്തോഷ് വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലിയുള്ള സന്തോഷിന്റെ വീട്ടിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് ആശയും പത്തും ആറും വയസ്സുള്ള കുട്ടികളും കഴിഞ്ഞിരുന്നത്. മൃതദേഹം ആശയുടെ വീട്ടിലേക്ക് കൊണ്ടു പോയാൽ മക്കളെ സംസ്‌കാര ചടങ്ങിനയക്കില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ നിലപാടെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്നാണ് മക്കളെ എത്തിച്ച് സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. നിലവിൽ അച്ഛനൊപ്പം തന്നെ കുട്ടികളെ തുടരാൻ അനുവദിക്കുന്ന ചൈൽഡ് ലൈൻ വരും ദിവസങ്ങളിൽ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പരിഹാര സാധ്യത തേടും.

കുടുംബത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടെന്നുപറഞ്ഞ് സന്തോഷിന്റെ അമ്മയും സഹോദരനും ശല്യംചെയ്‌തെന്നാണ് ആരോപണം. വലപ്പാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ 12-ന് നാട്ടികയിലെ ഭർതൃവീട്ടിൽവെച്ച് വിഷക്കായ കഴിച്ചാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ ആശുപത്രിയിൽവെച്ച് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. ആശയുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന അന്വേഷണത്തിലേക്ക് പൊലീസ് അടുത്ത ഘട്ടത്തിൽ കടന്നേക്കും. മൃതദേഹം സംസ്‌കരിച്ചതിനെത്തുടർന്ന് ഇനി നിയമനടപടികളിലേക്ക് പ്രവേശിക്കാനാണ് ആശയുടെ വീട്ടുകാരുടെ തീരുമാനം.

ആശയുടേതായി ഗാർഹിക പീഡനം സംബന്ധിച്ച പരാതികളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ആശയുടെ മരണമൊഴിയിലും ഭർതൃവീട്ടുകാർക്കെതിരായി ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഭർതൃവീട്ടിലുണ്ടായിരുന്ന ചില പ്രശ്നങ്ങൾ ആശ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. വലിയ പീഡനങ്ങളാണ് ഭർതൃവീട്ടിൽനിന്ന് നേരിടേണ്ടി വരുന്നതെന്നും ഭക്ഷണം നൽകുന്നതിൽ ഉൾപ്പെടെ വിവേചനം കാണിച്ചിരുന്നുവെന്നും ആശ വെളിപ്പെടുത്തിയിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു.