ന്യൂഡൽഹി: കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി ഐസിസിൽ ചേർക്കുന്നത് ഇതിവൃത്തമാക്കിയ സുദീപ്‌തോ സെന്നിന്റെ 'ദി കേരള സ്‌റ്റോറിയെ' ചൊല്ലിയുള്ള വിവാദവും കോലാഹലങ്ങളും കെട്ടടങ്ങിയിട്ടില്ല. കേരളത്തെ മോശമാക്കി ചിത്രീകരിക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്നു തുടങ്ങിയവയാണ് വിമർശനങ്ങൾ. ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് ഇടതുരാഷ്ട്രീയ കക്ഷികളും പ്രവർത്തകരും ആവശ്യപ്പെടുന്നു. അതിനിടെ, ബോളിവുഡിൽ നിന്നും ടിപ്പുസുൽത്താനെ ജിഹാദി എന്നുവിശേഷിപ്പിച്ചുകൊണ്ടുള്ള സിനിമയും വരുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയതോടെ വീണ്ടും വിവാദത്തിന് കളമൊരുങ്ങുകയാണ്. കരിയോയിൽ ടിപ്പുവിന്റെ മുഖത്ത് തേച്ചുകൊണ്ടാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

കേരള സ്‌റ്റോറി -2 എന്നാണ് സോഷ്യൽ മീഡിയിൽ ചിലർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിൽ 2000 ബ്രാഹ്‌മണ കുടുംബങ്ങളെ ടിപ്പു തുടച്ചുനീക്കിയിട്ടുണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. നാലുകോടി ഹിന്ദുക്കളെ മതംമാറ്റി. 8000 ക്ഷേത്രങ്ങളും 27 ക്രിസ്ത്യൻ പള്ളികളും തകർത്തതായും മോഷൻ പോസ്റ്ററിൽ പറയുന്നുണ്ട്.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര പോരാളിയായാണ് ടിപ്പു സുൽത്താൻ പൊതുവെ അറിയപ്പെടുന്നത്. ചരിത്ര പുസ്തകങ്ങളിൽ ടിപ്പുവിന്റെ ഭരണനേട്ടങ്ങളെ കുറിച്ചും, യുദ്ധമുറകളെ കുറിച്ചും വിശദീകരിക്കുന്നു. എന്നാൽ ടിപ്പുവിന്റെ ഇരുണ്ട വശം, ജിഹാദി വശം അധികം പേർക്ക് അറിയില്ലെന്നാണ് ടിപ്പു, ദി സ്‌റ്റോറി ഓഫ് ഫനാറ്റിക് സുൽത്താൻ സിനിമ പറയുന്നത്.

'മൈസുരിലെ കടുവ'യുടെ യഥാർഥ നിറം വെളിവാക്കുന്നത് എഴുത്തുകാരനായ രജത് സേഥിയുടെ ആഴമേറിയ ഗവേഷണത്തിലൂടെയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു. ' ടിപ്പു സുൽത്താന്റെ യഥാർഥ ചരിത്രം പഠിച്ചപ്പോൾ ഞാൻ ഞെട്ടി പോയി. ഇത് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്ന സിനിമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ, വീർ സവർക്കർ ആവട്ടെ, ബാൽ ശിവാജിയാകട്ടെ, എന്റെ സിനിമ സത്യത്തിന് വേണ്ടി നിലകൊള്ളും. ടിപ്പു സുൽത്താൻ ഭയങ്കരനായ സ്വേച്ഛാധിപതി ആയിരുന്നെന്ന കാര്യം ആളുകൾ ബോധപൂർവം മറക്കുകയാണ്. 70 എംഎമ്മിൽ ഈ ചിത്രം ചിത്രീകരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. സത്യം പറഞ്ഞാൽ, ടിപ്പുവിനെ സുൽത്താൻ എന്നുപോലും വിളിക്കാൻ അർഹനല്ല നമ്മടെ ചരിത്ര പുസ്തകങ്ങളിൽ പറയുന്നത് വായിച്ച് ടിപ്പു ധീരനായ പോരാളി എന്നാണ് ഞാൻ തെറ്റിദ്ധരിച്ചിരുന്നത്. അയാളുടെ ദ്രോഹങ്ങൾ ആർക്കും അറിയില്ല. ഭാവി തലമുറയ്ക്ക് വേണ്ടി അയാളുടെ ഇരുണ്ട വശം തുറന്നുകാട്ടുകയാണ് എന്റെ ലക്ഷ്യം, നിർമ്മാതാവ് സന്ദീപ് സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

' ടിപ്പു സുൽത്താനെ കുറിച്ച് നമ്മളെ സ്‌കൂളിൽ പഠിപ്പിച്ചിരുന്നത് തെറ്റായവിവരമാണ്. മതഭ്രാന്തനായ മുസ്ലിം രാജാവ് ആയിരുന്നു ടിപ്പു എന്ന യാഥാർഥ്യം അറിഞ്ഞപ്പോൾ ഞാനാകെ ഉലഞ്ഞുപോയി. പോരാളിയായ നായകൻ എന്ന തെറ്റായചിത്രം സിനിമയിലൂടെ പൊളിച്ചുകാട്ടും. മറ്റുമതക്കാരെ ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തിയ സുൽത്താനായിരുന്നു ടിപ്പു. ക്ഷേത്രങ്ങളും പള്ളികളും അയാൾ തകർത്തു. ടിപ്പുവിന്റെ ഇസ്ലാമിക മതമൗലികവാദം പിതാവ് ഹൈദർ അലിയേക്കാൾ മോശമായിരുന്നു. അയാൾ ആ കാലഘട്ടത്തിലെ ഹിറ്റ്‌ലറായിരുന്നു', സംവിധായകൻ പവൻ ശർമ പറഞ്ഞു.

' നമ്മുട പാഠപുസ്തകങ്ങളിൽ ടിപ്പുവിന്റെ ക്രൂരതകൾ ഭംഗിയായി ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ചരിത്രത്തിൽ മാത്രമല്ല, ജനകീയ കലയിലും അങ്ങനെ തന്നെ. യാഥാർഥ്യബോധത്തോടെ ഉള്ള ടിപ്പുവിന്റെ ചിത്രീകരണത്തിനാണ് ശ്രമിക്കുന്നത്,ഠ എഴുത്തുകാരൻ രജത് സേഥി പറഞ്ഞു.

ഇറോസ് ഇന്റർനാഷണലിന്റെ ബാനറിൽ രഷ്മി ശർമ ഫിലിംസും സന്ദീപ് സിങ്ങും നിർമ്മിക്കുന്ന ചിത്രം പവൻ ശർമ സംവിധാനം ചെയ്യുന്നു. ഗവേഷണം രജത് സേഥി. ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ടിപ്പു അനുകൂലികൾ പറയുന്നത്

അപദാനങ്ങൾ ഏറെയുള്ള ചക്രവർത്തിയാണ് ടിപ്പു സുൽത്താൻ. അദ്ദേഹം ഒരു ഹൈന്ദവ വിരോധിയായിരുന്നില്ലെന്ന് ഡോ ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ നിരവധി ഉദാഹരണങ്ങൾ വെച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ടിപ്പുവിന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിന്റെ മരണം വരെ 'പൂർണയ്യ' എന്ന ബ്രാഹ്‌മണൻ അയിരുന്നു പ്രധാനമന്ത്രി. മന്ത്രിസഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു. 9 മന്ത്രിമാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു. ടിപ്പുവിന്റെ കരം പിരിവുകാരും നവാബുമാരും 95 ശതാമനം ഹിന്ദുക്കൾ ആയിരുന്നു. ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 70 ശതമാനവും ഹിന്ദുക്കൾ ആയിരുന്നു.

ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക് ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നൽകിയിരുന്നു. ഗുരുവായൂര് ക്ഷേത്രത്തിനു ഏക്കര് കണക്കിന് ഭൂമി ഇനാം കൊടുത്തിരുന്നു.താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പുവാണ്. മറാട്ടി രാജാക്കന്മാർ ശൃംഗേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമ്മാണം നടത്തിയത് ടിപ്പു സുൽത്താന്റെ പേരിൽ മൂകാംബിക ഹിന്ദു ക്ഷേത്രത്തിൽ ഇന്നും പൂജ നടത്തുന്നു. ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് ടിപ്പു സംഭാവന ചെയ്ത പൂജാ ഉപകരണങ്ങൾ ഇന്നും അവിടേ ഉപയോഗിക്കുന്നു. നഞ്ചൻ കോട് കാൻതെശ്വര ക്ഷേത്രത്തിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ശിവ ലിഗം ടിപ്പു സംഭാവന ചെയ്തതാണ് മലബാറിലെ ഒട്ടു മിക്ക റോഡുകളും ടിപ്പു നിർമ്മിച്ചതാണ് ബാംഗ്ലൂരിലെ ലാല്ബാഗ് ഗാർഡൻ അടക്കമുള്ളവ ഉദാഹരണം.

മൈസൂരിലെ അണകെട്ടിന് തറകല്ലിട്ടു. ഇങ്ങനെ എത്രയെത്ര ഭരണനേട്ടങ്ങൾ. പക്ഷേ ഇത് ടിപ്പുവിന്റെ ഒരു വശം മാത്രമാണ്. ഇതിന് മറുവശവുമുണ്ട്. അത് പക്ഷേ കേരളത്തിലടക്കം വലിയ തോതിൽ ചർച്ചയായിട്ടില്ല.

ദക്ഷിണേന്ത്യയുടെ ഔറംഗസീബ്

പക്ഷേ ടിപ്പുസുൽത്താൻ നടത്തിയ കൊള്ളയുടെയും കൊലയുടെയും ക്രൂരമായ കഥകൾ ചരിത്ര സാക്ഷ്യങ്ങളിൽനിന്നുതന്നെ ഉദ്ധരിച്ചുകൊണ്ട് എതിരാളികൾ സമർത്ഥിക്കാറുണ്ട്. 'ടിപ്പു സുൽത്താൻ വില്ലനോ നായകനോ' എന്ന ഒരു പുസ്തകംപോലും ഇതിനായി രചിക്കപ്പെട്ടിട്ടുണ്ട്. കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി. പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലിം രാജ്യങ്ങളുടെ സഹായം തേടി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലിം പള്ളികളാക്കിയെന്നും പുസ്തകം പറയുന്നു.

നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന വില്യം കിർക്ക്പാട്രിക്ക് എന്ന സൈനിക ഉദ്യോഗസ്ഥൻ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ച 'ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ' എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവ. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം, ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ, ദേശസ്‌നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പുവിന്റെ സൈന്യം നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടിരുന്നു. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.

1784ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കി. കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കി. അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും ഈ പുസ്തകം പറയുന്നു. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നുണ്ട്.

ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ കത്തും വിവാദത്തിലാണ്. കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ മാറ്റുമെന്നും, ഇത് ജതിഹാദായാണ് കരുതുന്നതെന്നും കത്തിൽ പറയുന്നു. തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്നുണ്ട്. ഇതെല്ലാം ടിപ്പുവിന്റെ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഔറഗസീബ് എന്നാണ് പരിവാറുകാർ ടിപ്പുവിന് കൊടുക്കുന്ന വിശേഷണം.