- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിലെത്തിയ ടാങ്കർ ലോറിയുണ്ടാക്കിയ അപകടങ്ങൾ; ചീറിപാഞ്ഞു വരുന്ന ടാങ്കർ കണ്ട് പാലത്തിന് സമീപം പരമാവധി അരികിലേക്ക് ട്രാവലർ ഒതുക്കിയത് നിർണ്ണായകമായി; വാതക ചോർച്ചയുണ്ടാകാത്തത് ആശ്വാസം; പഴയങ്ങാടിയിൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂർ : കണ്ണൂരിൽ വീണ്ടും വൻ ടാങ്കർ ലോറി അപകടമുണ്ടായാലും ദുരന്തം ഒഴിവായത് ആശ്വാസമായി. പിലാത്തറ-പയ്യന്നൂർ റോഡിലെ പഴയങ്ങാടി പാലത്തിൽ പാചക വാതക ടാങ്കർ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. വാതക ചോർച്ചയുണ്ടാകാത്തതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
മംഗളുരുവിൽ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകൾക്കുമുൾപ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോർച്ചയില്ല. എന്നാൽ ടാങ്കർ മറിഞ്ഞ സാഹചര്യത്തിൽ അപകട സാധ്യതയൊഴിവാക്കാൻ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ലോറി ഇടിച്ചത്.
വാഹനത്തിന്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവധി അരികിലേക്ക് അടുപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ലോറിയിൽ നിന്ന് ടാങ്കർ ഭാഗം ഇളകി ട്രാവലറിന് മുകളിൽ വീണു. തൊട്ടുപിന്നാലെ മറ്റൊരു കാറിനെയും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വരുന്ന കാറിലും മറ്റൊരു കാറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാർ(40) പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് പഴയങ്ങാടി വഴി കണ്ണൂർ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉച്ചയോടെ മംഗളുരുവിൽ നിന്ന് ഉദ്ദ്യോഗസ്ഥർ എത്തിയാൽ മാത്രമേ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റൂ. ലോറിയിൽ നിന്ന് ടാങ്കർ ഇളകി താഴേക്ക് തൂങ്ങി നിൽക്കുകന്ന അവസ്ഥയിലാണ്.
റോഡിൽ ഉരസാത്തതാണ് വാതക ചോർച്ച ഒഴിവാക്കിയത്. പയ്യന്നൂരിൽ നിന്ന് കെ.വി പ്രഭാകരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും ഫയർ റെസ്ക്യൂസ് ടീമും ഉൾപ്പെടെ പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി സ്റ്റേഷനുകളില പൊലീസ് സംഘവും സ്ഥലത്തുണ്ട്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്