കൊല്ലം: സ്‌കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട 'ബ്രാഹ്‌മണിക്കൽ അജണ്ട'' പോസ്റ്റ് വിവാദമായതുകൊണ്ടൊന്നും ഡോ.കെ.അരുൺകുമാർ തുറന്നുപറച്ചിൽ നിർത്തുന്നില്ല. കൊല്ലം ശാസ്താംകോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിലാണ് പുതിയ പരാമർശം.

ഓരോതവണ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണ്. ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുൺകുമാർ പറയുന്നു. 24 ന്യൂസ് മുൻ അവതാരകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് ഡോ. കെ. അരുൺകുമാർ.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

'നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂർ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല, നല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളിൽ നിലനിൽക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോൽപ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു''.

അരുൺകുമാറിന് എതിരെ യുജിസി അന്വേഷണം

സംസ്ഥാന സ്‌കൂൾ കലോത്സവം കഴിഞ്ഞെങ്കിലും, അരുൺ കുമാറിന്റെ പഴയിടം പോസ്റ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡാ. അരുൺകുമാറിനെതിരെ യുജിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുൺകുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.

അരുൺ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും യുജിസി ചെയർമാൻ എം ജഗ്ദീഷ് കുമാർ നിർദ്ദേശിച്ചിരുന്നു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ജെ നന്ദകുമാർ ആണ് പരാതി അയച്ചത്.

അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:

ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

വിഷയത്തിൽ അരുൺകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കിട്ടിയിട്ടുണ്ട്. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക എന്നിവ കാട്ടിയാണ് അരുൺകുമാറിന് എതിരെ സ്വദേശി ജാഗരൺ ബഞ്ച് യൂത്ത് വിങ് സംസ്ഥാന കൺവീനർ യുവരാജ് ഗോകുൽ പരാതി നൽകിയത്.