- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പെൻഷൻകാരാണ് നിത്യേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്; സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ മാത്രം കുശികയും ക്ഷാമാശ്വാസവും വിതരണം ചെയ്യുമെന്ന ഉത്തരവ് സർവീസ് പെൻഷൻകാർക്ക് നൽകുന്നത് നിരാശ; ഒരു തെരഞ്ഞെടുപ്പുകാല പ്രഖ്യാപനം കൂടി അട്ടിമറിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വർഷം (2023-24) മെച്ചെപ്പെട്ടാൽ മാത്രമേ സർവീസ് പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആർ) കുടിശികയും നൽകാൻ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കളും ക്ഷാമാശ്വാസ കുടിശികയുടെ 2 ഗഡുക്കളും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതു നോക്കി അടുത്ത സാമ്പത്തിക വർഷം വിതരണം ചെയ്യാനാണ് ശ്രമം. പക്ഷേ അതും നടക്കാനിടയില്ല.
ഈ വർഷത്തെക്കാൾ സാമ്പത്തിക ബുദ്ധിമുട്ട് അടുത്ത വർഷമാകും സർക്കാർ നേരിടുകയെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതിനാൽ അടുത്ത വർഷവും കുടിശിക ലഭിക്കാനുള്ള സാധ്യത കുറവാണ്. അഞ്ചേകാൽ ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്‌കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നൽകിയിരുന്ന ഉറപ്പ്. അതാണ് പൂർണ്ണമായും പാലിക്കപ്പെടാതെ പോകുന്നത്. ഒന്നും രണ്ടും ഗഡുക്കൾ നൽകി. പെൻഷൻ കുടിശികയിനത്തിൽ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണു നൽകാനുള്ളത്.
സർവീസ് പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്‌കരണ കുടിശികയും ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു പങ്കും സംസ്ഥാന ബജറ്റിൽ അനുവദിക്കാൻ സാധ്യത പ്രവചിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇതിന് മുതിർന്നില്ല. പിന്നാലെയാണ് ഉടൻ നൽകില്ലെന്ന ഉത്തരവ്. പെൻഷൻ പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, 2 ഗഡുക്കളെ നൽകിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നൽകുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം ഈ സാമ്പത്തിക വർഷത്തേക്കും (2022-23), നാലാം ഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും (2023-24) മാറ്റിവച്ചു. എന്നാൽ പണമില്ലാത്തത് പ്രതിസന്ധിയായി തുടരുന്നു.
കുടിശികത്തുക വാങ്ങാൻ കഴിയാതെ ഒട്ടേറെ പെൻഷൻകാർ കഴിഞ്ഞ വർഷം മരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൻഷൻകാരുടെ വിവിധ സംഘടനകൾ സർക്കാരിനു നൽകിയ നിവേദനവും സിപിഎമ്മിന്റെ നിർദ്ദേശവും കണക്കിലെടുത്താണ് കുടിശിക നൽകാൻ മാർഗമുണ്ടോ എന്നു പരിശോധിച്ചിരുന്നു. പക്ഷേ സ്ഥിതി മെച്ചമല്ലെന്നാണ് സർക്കാർ നിലപാട്. ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന പെൻഷൻകാരുടെ അവസ്ഥ പരിഗണിച്ച് കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഒരുമിച്ചു നൽകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെ എല്ലാ പെൻഷൻകാരും നിർദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം ട്രഷറികളിൽ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പെൻഷൻകാരുടെ പ്രതീക്ഷകൾക്ക് ചിറകു മുളച്ചു. കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പെൻഷൻകാരാണ് നിത്യേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കെ.എസ്.എസ്‌പി.യു ഉൾപ്പെടെയുള്ള വിവിധ പെൻഷൻ സംഘടനകൾ സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇത് അനുഭാവ പൂർവം പരിഗണിക്കുമെന്ന് പെൻഷൻകാർ വിചാരിച്ചിരുന്നു. പക്ഷേ പെൻഷൻകാരോട് സർക്കാർ തൽകാലം മുഖം തിരിക്കുകയാണ്. പെൻഷൻ പരിഷ്‌ക്കരണ കുടിശികയിനത്തിൽ 2800 കോടിയും ക്ഷാമാശ്വാസ കുടിശികയ്ക്കായി 1400 കോടി രൂപയും വേണ്ടി വരും. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ സർക്കാറിന് ഇത്രയും തുക ഈ സാമ്പത്തിക വർഷം കണ്ടെത്താൻ പ്രയാസമാണ്. അടുത്ത വർഷവും അതിന്റെ അടുത്ത വർഷവുമെല്ലാം പ്രതിസന്ധി തുടരാനാണ് സാധ്യത.
ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസമാണ് കേരളത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധിയിൽ നിന്ന് 2700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത്. ഇനി മൂന്നു മാസത്തിനുള്ളിൽ 937 കോടി രൂപയേ കടമെടുക്കാൻ സാധിക്കുകയുള്ളൂ. ഇതാണ് പ്രതിസന്ധി കൂട്ടിയതെന്ന് സർക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ