- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെൻഷന്റെ ക്രെഡിറ്റ് മുഴുവൻ പിണറായി കൊണ്ടുപോകുന്നു! കേന്ദ്ര പെൻഷൻ വിഹിതം ഇനി മുതൽ നേരിട്ട് അക്കൗണ്ടിൽ നൽകും; പരിഷ്‌ക്കാരം ഈ മാസം മുതൽ; സംസ്ഥാനവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല
തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇനി മുതൽ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങൾ പ്രത്യേകമായിട്ടാകും ഇനി മുതൽ ലഭിക്കുക. വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതൽ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിലെ പെൻഷൻ വിഹിതം നൽകുന്നതിന്റെ ക്രെഡിറ്റ് പിണറായി സർക്കാർ കൊണ്ടുപോകുന്നു എന്ന വികാരത്തിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പരിഷ്‌ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സർക്കാർ വഴിയായിരുന്നു പെൻഷൻ നൽകിയിരുന്നത്. കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസർക്കാർ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന.
മുമ്പ് എല്ലാവർക്കും 1600 രൂപ സംസ്ഥാന സർക്കാർ നൽകിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതൽ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവിൽ സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെൻഷൻ തുക നൽകി വരുന്നത്.
80 വയസ്സിൽ താഴെയുള്ളവർക്കു ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നൽകുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നത്.
80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെൻഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു. 80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാറും നൽകി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേർക്ക് പെൻഷൻ 1400 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിരുന്നത്.
സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്. അതേസമയം, ക്ഷേമ പെൻഷൻ വിതരണത്തിനുള്ള പണം ബാങ്കുകളിൽ എത്തിയെങ്കിലും ട്രഷറികളിൽ എത്തിയില്ല.
സർക്കാർ ഇന്ന് പണം അനുവദിച്ചില്ലെങ്കിൽ വിഷുവിന് മുൻപ് പെൻഷൻ വിതരണം നടക്കില്ല. സഹകരണ ബാങ്കുകൾ വഴിയാണ് നേരിട്ടു പെൻഷൻ വാങ്ങുന്നവർക്കുള്ള തുക വീട്ടിലെത്തിക്കുന്നത്. ട്രഷറികൾ വഴിയാണ് സഹകരണ ബാങ്കുകൾക്ക് സർക്കാർ പണം കൈമാറുന്നത്. മറ്റു ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവർക്ക് ഈ തടസ്സമില്ല.
മറുനാടന് മലയാളി ബ്യൂറോ