കാസര്‍കോട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് വീണ്ടു കോടതിയില്‍ തിരിച്ചടി. ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതേ വിട്ടു. കൃത്യത്തില്‍ പങ്കെടുത്ത ഒന്ന മുതല്‍ എട്ടു വരെ പ്രതികള്‍ക്ക് കൊലപാതക കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. കേസിലെ 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കുറ്റക്കാരനെന്നാണ് സിബിഐ കോടതിയുടെ കണ്ടെത്തല്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗാണ് കെ വി കുഞ്ഞിരാമന്‍. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷാവിധി ജനുവരി മൂന്നിന് പ്രഖ്യാപിക്കും. എറണാകുളം സിബിഐ കോടതി ജഡ്ജ് എന്‍. ശേഷാദ്രിനാഥനാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാര്‍ട്ടിക്കാരാണ്. 24 പ്രതികള്‍ ഇവരാണ്: 1. പീതാംബരന്‍, 2. സജി ജോര്‍ജ്, 3. സുരേഷ്, 4. അനില്‍ കുമാര്‍, 5. ഗിജിന്‍, 6. ശ്രീരാഗ് 7. അശ്വിന്‍, 8. സുബീഷ്, 9. മുരളി,10. രഞ്ജിത്ത്, 11. പ്രദീപ്, 12. ആലക്കോട് മണി, 13. എന്‍. ബാലകൃഷ്ണന്‍, 14. മണികണ്ഠന്‍, 15. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, 16. റജി വര്‍ഗീസ്, 17. ശാസ്താ മധു, 18. ഹരിപ്രസാദ്, 19. രാജേഷ് എന്ന രാജു, 20. കെ.വി കുഞ്ഞിരാമന്‍, 21. രാഘവന്‍ വെളുത്തോളി, 22. കെ.വി ഭാസ്‌കരന്‍ 23. ഗോപകുമാര്‍ വെളുത്തോളി, 24. സന്ദീപ് വെളുത്തോളി. ഇതില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞതായി വിധിയില്‍ പറയുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം കേരളം രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്ത കേസായിരുന്നു പെരിയയിലെ ഇരട്ടക്കൊല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയുമാണ് സിപിഎമ്മുകാര്‍ അന്ന് അരുംകൊല ചെയ്തത്. രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടിയുണ്ടാക്കിയ കൊലപാതക കേസിലെ പ്രതികളെല്ലാം പാര്‍ട്ടിക്കാരാണ്. അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും വഴിവിട്ട് ഉപയോഗിച്ചു. ഒടുവില്‍ കേസ് വാദിച്ച വക്കീല്‍ പോലും പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയ കാഴ്ച്ചയും കേരളം കണ്ടു.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയില്‍നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടത്. കൊലയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍വരെ വാദിക്കുകയും ചെയ്തു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ത്തു. ഇതില്‍ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്.

അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.