മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പു കോടതി കയറിയതോടെ കേരളം ഇന്നേ വരെ കാണാത്ത വിധത്തിലുള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബാലറ്റ് പെട്ടിയിൽ നിന്നും തപാൽ വോട്ടുകൾ കാണാതെ പോയ സംഭവങ്ങളാണ് കോടതി കയറിയതും വിവാദങ്ങൾക്ക് വഴിവെച്ചതും. കാണാതായ തപാൽ വോട്ടുകൾ 22 കിലോമീറ്റർ അകലെ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ ഓഫിസിൽ കണ്ടെത്തുകയും ചെയ്ത ബാലറ്റ് പെട്ടിയിൽനിന്നു സാധുവായ 482 തപാൽ വോട്ടുകൾ നഷ്ടപ്പെട്ടതായി സബ് കലക്ടറുടെ റിപ്പോർട്ട് കൂടി പുറത്തുവരുമ്പോൾ ഇനി എന്താണ് സംഭവിക്കുന്ന എന്ന ആകാംക്ഷയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ.

തപാൽ പെട്ടി തുറന്ന നിലയിലായിരുന്നു. ബാലറ്റുകളും അനുബന്ധ രേഖകളും അടങ്ങിയ കവറുകൾ പെട്ടി കണ്ടെത്തിയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റ്രാർ ഓഫിസിന്റെ മൂലയിൽ പൊടിപിടിച്ചു കിടക്കുകയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടിയിൽനിന്നാണു ബാലറ്റുകൾ കാണാതായത്.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന തെളിവായ, അസാധുവായി കണക്കാക്കിയ 348 സ്‌പെഷൽ ബാലറ്റുകളും ഈ പെട്ടിയിലാണു സൂക്ഷിച്ചിരുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഓഫിസിന്റെ മൂലയിൽനിന്നു കവറുകൾ കണ്ടെത്തിയതെന്നു സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിലെ 4, 5, 6 നമ്പർ മേശകളിലെ സാധുവായതും അസാധുവായതും നിരസിക്കപ്പെട്ടതുമായ തപാൽ വോട്ടുകളാണു പെട്ടിയിലുണ്ടായിരുന്നത്. ഇതിൽ 5ാം നമ്പർ മേശയിൽനിന്നുള്ള വോട്ടുകളടങ്ങിയ കവറാണു കാണാതായത്. മറ്റു ബാലറ്റുകൾ സൂക്ഷിച്ചിരുന്ന കവറുകളുടെ സീൽ പൊട്ടിച്ചിട്ടില്ല.

5ാം നമ്പർ മേശയിലെ വോട്ടുകളുടെ കണക്കു രേഖപ്പെടുത്തിയ ടാബുലേഷൻ ഷീറ്റും വോട്ടുകൾ എണ്ണിയതായി മൈക്രോ ഒബ്‌സർവർ, വോട്ടെണ്ണിയ ജീവനക്കാർ, മേശയുടെ ചുമതലക്കാരനായ അസിസ്റ്റന്റ് വരണാധികാരി, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ എന്നിവർ സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നൽകിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ ടാബുലേഷൻ പെരിന്തൽമണ്ണ നിയോജകമണ്ഡലം വരണാധികാരിയും നിരീക്ഷകനും അംഗീകരിച്ച ശേഷമാണു ഫലം പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നു നിർദേശിക്കുന്ന റിപ്പോർട്ടിൽ അതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നു ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസ് 30നാണ് കോടതി ഇനി പരിഗണിക്കുന്നത്.

അതേസമയം ഹൈക്കോടതിയിൽ നിലവിലുള്ള തിരഞ്ഞെടുപ്പു കേസിലെ ബാലറ്റ് കാണാതായതു ഗൗരവമേറിയ സംഭവമാണെങ്കിലും ഇതു തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കില്ലെന്നു നിയമ വിദഗ്ദ്ധർ പറയുന്നു. ഇപ്പോൾ കാണാതായ വോട്ടുകൾകൂടി എണ്ണിയ ശേഷമാണു ഫലം പ്രഖ്യാപിച്ചത്. എന്നാൽ, കേസിന് ആധാരമായ 348 സ്‌പെഷൽ വോട്ടുകൾ ഇതേ പെട്ടിയിലായിരുന്നുവെന്നതും പെട്ടി തുറന്ന നിലയിലായിരുന്നുവെന്നതും അതീവ ഗൗരവമുള്ളതാണ്. ഇതിൽനിന്നു ബാലറ്റ് കാണാതായെന്ന റിപ്പോർട്ടും കോടതിയുടെ ഗൗരവമായ പരിഗണനയ്ക്കു വരും.

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം 38 വോട്ടിനാണു ജയിച്ചത്. ഫലം ചോദ്യം ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി.മുഹമ്മദ് മുസ്തഫയാണു കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥന്റെ ഒപ്പില്ലെന്നു കാണിച്ച് അസാധുവാക്കിയ 348 സ്‌പെഷൽ വോട്ടുകൾ എണ്ണണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായി വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ ഹൈക്കോടതിയിലേക്കു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പെട്ടി സൂക്ഷിച്ച പെരിന്തൽമണ്ണ സബ് രജിസ്റ്റ്രാർ ഓഫിസിലെത്തിയപ്പോഴാണു പെട്ടികളിലൊന്നു കാണാനില്ലെന്നു മനസ്സിലായത്. ഇതു പിന്നീട് 22 കിലോമീറ്റർ അകലെ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ ഓഫിസിൽനിന്നു കണ്ടെത്തി. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണെന്നു തെറ്റിദ്ധരിച്ചാണ് മാറ്റിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു.

വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പെരിന്തൽമണ്ണ ട്രഷറി ഓഫിസർ എൻ.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ്, ജോയിന്റ് രജിസ്റ്റ്രാർ ഓഫിസിലെ സീനിയർ ഇൻസ്‌പെക്ടർ സി.എൻ.പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോയിന്റ് രജിസ്റ്റ്രാറായ എസ്.പ്രബിത് എന്നിവർക്കു കലക്ടർ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. എൻ.സതീഷ് കുമാറിനെയും രാജീവിനെയും ട്രഷറി ഡയറക്ടർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സതീഷ് കുമാർ സിപിഎം അനുകൂല സംഘടനയായ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയാണ്.