തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോടതി ചേര്‍ന്ന് നടപ്പിലാക്കിയ അരുംകൊലയായിരുന്നു പെരിയയിലേത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ എങ്ങനെയാണോ പാര്‍ട്ടി സംരക്ഷിച്ചത് അതേ മാര്‍ഗ്ഗത്തിലാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും കൊല ചെയ്ത സിപിഎമ്മുകാരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷിച്ചത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായി കുഞ്ഞിരാമന്‍ അടക്കം പ്രതിയായ കേസില്‍ സിപിഎം സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സിബിഐ കോടതി കുഞ്ഞിരാമനെയും കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍ അവിടെ ചോര പുരളുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയില്‍ തന്നെയാണ്.

സാധുക്കളായ യുവാക്കളെയും അരിഞ്ഞു തള്ളിയവര്‍ക്ക് പിന്തുണ നല്‍കിയ മുഖ്യമന്ത്രിക്ക് കനത്ത പ്രഹരമാണ് സിബിഐ കോടതിയുടെ വിധി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐയെ കുറ്റപ്പെടുത്തി തടിയെടുക്കാനാകും സിപിഎം ശ്രമിക്കുക. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തെളിയുന്നതാണ് പ്രതികളുടെ പശ്ചാത്തലം പരിശോധക്കുമ്പോള്‍ വ്യക്തമാകുന്നത്. പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഎം നേതാക്കളില്‍ നാലുപേര്‍ കുറ്റക്കാരാണെന്നാണ് കണ്ടത്തല്‍.

ഉദുമയിലെ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനാണ് ഇതില്‍ പ്രധാനി. രണ്ടാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് കുഞ്ഞിരാമനെതിരായ കുറ്റം. കേസിലെ 14-ാം പ്രതിയായ ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠനാണ് മറ്റൊരാള്‍.

പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 21-ാം പ്രതിയാണിയാള്‍. ഒന്നാം പ്രതിയും പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരനുമാണ് പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ള കുറ്റക്കാര്‍. കേസില്‍ പതിനാല് വരെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പത്ത് പേരെ സിബിഐ പ്രതിചേര്‍ത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് എട്ടുവരെയുള്ള പ്രതികള്‍. പീതാംബരന്റെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്.




മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ കേസില്‍ അറസ്റ്റിലായ രണ്ടാംപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കൊലപാതകത്തിലും ഗൂഡാലോചനയിലും ഇരുവര്‍ക്ക് പങ്കില്ല. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടാനും സഹായിച്ചതാണ് കെ. മണികണ്ഠനെതിരായ കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പീതാംബരന്‍. പീതാംബരന്റെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്.

കല്യോട്ട് ടൗണില്‍ വെച്ച് സിപിഎം നേതാക്കളായ പീതാംബരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. മുന്നാട് കോളജിലെ കെഎസ് യു, എസ്ഫ്‌ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. ഇതിന് തുടര്‍ച്ചയായി 2019 ഫെബ്രുവരി 17 വൈകീട്ട് 6.30 ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിന്‍നെയും കൃപേഷിന്‍നെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മുല്ലപ്പള്ളിയുടെ കണ്ണീരും പരിഹസിച്ച് സൈബര്‍ സഖാക്കളുടെ ക്രൂരത

കേരളക്കരയെ മൊത്തം കരയിപ്പിച്ച രംഗങ്ങളായിരുന്നു ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായത്. നാട് മൊത്തം കണ്ണീര്‍ വാര്‍ത്തു. നാടിന് പ്രിയപ്പെട്ടവരായ യുവാക്കളായിരുന്നു അവര്‍. അന്ന് ശരത്‌ലാലിന്റെ വീട് സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളുടെ കണ്ണീര്‍കണ്ട് അദ്ദേഹം വിതുമ്പിപ്പോയി. എന്നാല്‍, ആ കണ്ണീരിനെയും പരിഹസിക്കുന്ന കഠിനഹൃദയരായിരുന്നു സൈബര്‍ സഖാക്കള്‍ ചെയ്തത്. കൊല്ലപ്പെട്ട യുവാക്കളെ അവഹേളിക്കുന്ന വിധത്തിലുള്ള കഥകളും ഇവര്‍ സൈബറിടത്തില്‍ പ്രചരിപ്പിച്ചു. ഇതിനെല്ലാം ഒത്താശ ചെയ്ത്ത സിപിഎം പാര്‍ട്ടി സംവിധാനം തന്നെയായിരുന്നു.

സിബിഐ അന്വേഷണത്തോടെ വാലില്‍ തീപിടിച്ച സിപിഎം, ലക്ഷങ്ങള്‍ പൊടിച്ച് സുപ്രീംകോടതിയില്‍

ഈ കേസില്‍ സിപിഎം പങ്ക് വ്യക്തമാകുന്നത് സിബിഐ അന്വേഷണത്തെ ചെറുക്കാന്‍ സുപ്രിംകോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയ സര്‍ക്കാര്‍ നടപടിയില്‍ വ്യക്തമായിരുന്നു. സി.ബി.ഐ. അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പോയത് സുപ്രീംകോടതി വരെ, അതിനായി ചെലവഴിച്ചത് ലക്ഷങ്ങളും. സി.പി.എമ്മിന്റെ ജില്ലാ നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ അത്രയേറെയാണ് ഇടതുസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തത്. പക്ഷേ, സുപ്രീംകോടതിവരെ അപ്പീലുമായി പോയിട്ടും പെരിയയിലേക്ക് സി.ബി.ഐ. വന്നു. സി.പി.എം. നേതാക്കള്‍ പ്രതികളായി. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിധിയും വന്നു.




ഇതിനിടെ, 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പെരിയ ഇരട്ടക്കൊല പ്രധാന പ്രചാരണവിഷയമായി. ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയവര്‍ക്ക് വോട്ടില്ലെന്നുപറഞ്ഞ് കോണ്‍ഗ്രസും യു.ഡി.എഫും ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19-ഉം നേടി യു.ഡി.എഫ്. മിന്നുംജയം നേടി. എല്‍.ഡി.എഫ്. ഒരൊറ്റ സീറ്റിലൊതുങ്ങി.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായദിശയിലല്ല നടന്നതെന്നും കൊലപാതകത്തിന്റെ ഗൂഢാലോചനയിലടക്കം കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്നും ഇവരൊന്നും ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലില്ലെന്നും ആരോപണമുയര്‍ന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. പക്ഷേ, ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ. വിട്ടു.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരുപിടി സംശയങ്ങളുന്നയിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. സി.പി.എം. നേതാവിന്റെ മൊഴി വേദവാക്യമായെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പെരിയ ഇരട്ടക്കൊലയില്‍ സി.ബി.ഐ. വരുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ത്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇതിനായി ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകരെ സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിച്ചു. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐ.യ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സിബിഐ എത്തി, സിപിഎം ഓഫീസില്‍ കയറി, ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി

സിബിഐ അന്വേഷണത്തെ തടയാന്‍ പലവിധ വഴികളാണ് സിപിഎം നടത്തിയത്. ഹൈക്കോടതിയില്‍നിന്ന് ഇരട്ടപ്രഹരമേറ്റിട്ടും പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. വേണ്ടെന്ന് തന്നെയായിരുന്നു ഇടതുസര്‍ക്കാരിന്റെ നിലപാട്. സി.ബി.ഐ. അന്വേഷണത്തെ എന്തുവില കൊടുത്തും എതിര്‍ക്കാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിവരെ പോകാനും സംസ്ഥാന സര്‍ക്കാര്‍ മടിച്ചില്ല.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ 2020 സെപ്റ്റംബര്‍ 12-നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. ഒടുവില്‍ 2020 ഡിസംബര്‍ ഒന്നിന് സുപ്രീംകോടതിയില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയേറ്റു. പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. കേസ് സി.ബി.ഐ.യ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചു.




പെരിയയില്‍ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സി.ബി.ഐ. സംഘം അതിവേഗം നടപടികളുമായി മുന്നോട്ടുനീങ്ങി. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണചുമതല. എസ്.പി. നന്ദകുമാരന്‍ നായരും ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. അതേസമയം, കേസ് ഏറ്റെടുത്തിട്ടും നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാത്തത് സി.ബി.ഐ. അന്വേഷണത്തെ വൈകിപ്പിച്ചു. ഏഴുതവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചില്‍നിന്ന് കേസ് ഡയറിയും മറ്റു രേഖകളും കൈമാറിയില്ലെന്നായിരുന്നു സി.ബി.ഐ. പറഞ്ഞിരുന്നത്. ഇതോടെ, ക്രൈംബ്രാഞ്ചിനെതിരേ സി.ബി.ഐ. സമന്‍സ് പുറപ്പെടുവിക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി.

പെരിയയില്‍ സി.ബി.ഐ. വന്നതോടെ സി.പി.എമ്മിന്റെ ജില്ലാനേതൃത്വത്തിലേക്കും അന്വേഷണമെത്തി. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലടക്കം സി.ബി.ഐ. സംഘം റെയ്ഡ് നടത്തി. മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായി. ഇവരെയെല്ലാം സി.ബി.ഐ. അറസ്റ്റ് ചെയ്തു. നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന എ. പീതാംബരന്‍ ഉള്‍പ്പെടെ 14 പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍, 2021 ഡിസംബര്‍ മൂന്നിന് സി.ബി.ഐ. സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളുടെ എണ്ണം 24 ആയി ഉയര്‍ന്നു.

കേസില്‍ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സി.ബി.ഐ. സംഘം എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്. 325 സാക്ഷികളാണ് കേസിലുള്ളത്. 200-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. പീതാംബരനും ശരത്ത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, പെരിയയില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണെന്ന് സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.


അതേസമയം കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ഇദ്ദേഹം സിപിഎം പക്ഷത്തേക്ക് മാറുകയും ചെയ്തു. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.