- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം തടയാൻ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് മുടക്കി; ആ മത്സരത്തിൽ തോറ്റതോടെ, ഒരിക്കൽ ക്രിമിനൽ എന്ന് കെ വി കുഞ്ഞുരാമനെ അധിക്ഷപിച്ച ആളെ തന്നെ പ്രതിക്ക് വേണ്ടി കളത്തിൽ ഇറക്കി; പഴുതടച്ച വാദത്തിലൂടെ പ്രതികളെ രക്ഷിച്ച് എടുത്ത ചരിത്രം കൂടിയായതോടെ, സി കെ ശ്രീധരനെ കരുവാക്കി സർക്കാർ കേസ് അട്ടിമറിക്കുന്നു?
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ കോൺഗ്രസ് നേതാവ് സി കെ ശ്രീധരൻ പ്രതിഭാഗത്തിനായി ഹാജരായത് വലിയ വിവാദമായിരിക്കുകയാണ്. പെകൊല്ലപ്പെട്ട യുവാക്കളുടെ കുടുംബവും ഇതിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നു. കേസിൽ, സി ബി ഐ അന്വേഷണം തടയാനായി സർക്കാർ ഖജനാവിൽ നിന്നും 90ലക്ഷം രൂപ ചെലവഴിച്ച കാര്യവും ചർച്ചയാകുന്നു. മനീന്ദർ സിങെന്ന മുൻഅഡീഷനൽ സോളിസ്റ്റർ ജനറലിനെയാണ് 60 ലക്ഷം രൂപ നൽകി നിയോഗിച്ചത്.
നാലുദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാനക്കൂലി, ഭക്ഷണം, താമസസൗകര്യം എന്നിവയ്ക്കായി 2,92,337രൂപയും ചെലവിട്ടു. മനീന്ദർസിങിനെ കൂടാതെ സ്റ്റാൻഡിങ് കോൺസൽ, ജി.പ്രകാശും അഡ്വ. ജിഷ്ണുവുമാണ് കോടതിയിൽ സർക്കാരിനായി വാദിക്കാൻ എത്തിയത്. സി. പി. എം ഉദുമ എംഎൽഎ ഉൾപ്പെടെയുള്ളവരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കാനും സി.ബി. ഐ അന്വേഷണം തടയുന്നതിനുമായാണ് രാജ്യത്തെ തന്നെ ഏറ്റവും പേരുകേട്ട മനീന്ദർ സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സർക്കാർ ഖജനാവിൽ നിന്നും പണംമുടക്കി ഇറക്കിയത്.
പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി. ഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്നായിരുന്ന മനീന്ദർസിങിന്റെ ഹൈക്കോടതിയിലുള്ള വാദം. അന്വേഷണം ക്രൈം ബ്രാഞ്ച് പൂർത്തിയാക്കിയതാണ്. ആ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണത്തെ കുറിച്ചു ആർക്കും പരാതിയില്ലെന്നും ഇനി അഥവാ അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ തുടർ അന്വേഷണത്തിനായി നിർദ്ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും മനീന്ദർ സിങ് ചൂണ്ടിക്കാട്ടി. അതേ സമയം കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരിയും അഭിഭാഷകൻ രമേശ്ബാബുവും കേസിന്റെ അന്വേഷണം പതിനൊന്നു മാസങ്ങൾക്കു മുൻപ് തന്നെ സി. ബി. ഐ ഏറ്റെടുത്തതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈക്കാര്യത്തിൽ സിബിഐയുടെ നിലപാട് കോടതി ആരാഞ്ഞത്.
അന്ന് സി.കെ പറഞ്ഞു, മത്സരം ക്രിമിനലും ക്രിമിനൽ അഭിഭാഷകനും തമ്മിൽ
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ കെ.വി കുഞ്ഞിരാമനെതിരെ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഡ്വ. സി.കെ ശ്രീധരനായിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം കാഞ്ഞങ്ങാട് നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ഇത്തവണ ഉദുമയിലെ മത്സരം ഒരു ക്രിമിനലും ക്രിമിനൽ അഭിഭാഷകനും തമ്മിലായിരിക്കുമെന്ന ശ്രീധരന്റെ പരാമർശം ഏറെ വിവാദമായിരുന്നു. എതിർസ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമായി ചൂണ്ടിക്കാട്ടി എൽ. ഡി. എഫ് അതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു.
തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകൾക്ക് എൽ.ഡി. എഫ് സ്ഥാനാർത്ഥിയായ കെ.വി കുഞ്ഞിരാമൻ ജയിച്ചു. കാലം കറങ്ങിതിരിഞ്ഞ് കഴിഞ്ഞ ദിവസം താൻ ക്രിമിനലെന്നു വിളിച്ച അതേ കെ.വി കുഞ്ഞിരാമനു വേണ്ടി അന്നത്തെ കോൺഗ്രസ് നേതാവായ സി.കെ ശ്രീധരൻ കോടതിയിലെത്തുകയും ചെയ്തു. ഇതിനിടെ പ്രതികൾക്കു വേണ്ടി ഹാജരായ മുൻകോൺഗ്രസ് നേതാവ് അഡ്വ. സി.കെ ശ്രീധരൻ തങ്ങളെ ചതിക്കുകയായിരുന്നുവെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം രംഗത്തുവന്നിട്ടുണ്ട്.
ചതിയൻ ചന്തുവോ സി.കെ
കോൺഗ്രസ് നേതാവും അഭിഭാഷകനുമെന്ന നിലയിൽ സി.കെ ശ്രീധരൻ പലവട്ടം തങ്ങളുടെ വീട്ടിൽ വന്നിരുന്നതായും ആ സമയങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചിരുന്നതായും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഏതാനും രേഖകൾ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം അദ്ദേഹം പ്രതികൾക്കായി ഹാജരായത് തങ്ങളെ ഞെട്ടിച്ചതായി സത്യനാരായണൻ പറഞ്ഞു.
കേസ് അട്ടിമറിക്കുന്നതിനായി ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന ഗൂഢാലോചനയിൽ ശ്രീധരനും പങ്കാളിയായതായി സംശയിക്കുന്നതെന്നും ഇക്കാര്യം പുനരന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും സത്യനാരായണൻ അറിയിച്ചു. നേരത്തെ സി.പി. എം നേതാക്കളുമായി കച്ചവടം ഉറപ്പിച്ച ശേഷമാണ് ശ്രീധരൻ സഹായിക്കാനെന്ന വ്യാജേനെ തങ്ങളുടെ വീടുകളിലെത്തി രേഖകൾ കൈക്കലാക്കിയതെന്നാണ് സംശയിക്കുന്നതായി ശരത് ലാലിന്റെ പിതാവ് പറയുന്നു. യു.ഡി. എഫ്് സർക്കാരിന്റെ കാലത്ത് ടി.പി ചന്ദ്രശേഖരൻ വധക്കേസിലും അദ്ദേഹം പ്രതിഭാഗവുമായി ഒത്തുകളിച്ചിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു. മുൻ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ ശ്രീധരൻ കഴിഞ്ഞ മാസമാണ് പാർട്ടിവിട്ടു സി.പി. എമ്മിൽ ചേർന്നത്. ഇന്നലെ എറണാകുളം സി.ബി. ഐ കോടതി പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിച്ചപ്പോഴാണ് നാടകീയമായി സി.കെ പ്രതിഭാഗത്തിനായി കക്ഷി ചേർന്ന് കോടതിയിൽ ഹാജരാക്കിയത്.
സി.കെയുടെ സാന്നിധ്യം സി പി എമ്മിന് ആശ്വാസമായി
രാഷ്ട്രീയ കേരളത്തിൽ സി.പി. എം, ടി.പി വധക്കേസിനു ശേഷം ഏറെ വിമർശനങ്ങളും കടന്നാക്രമണവും നേരിട്ട കേസായിരുന്നു പെരിയ ഇരട്ടക്കൊലപാതം. ആദ്യം പതിവുപോലെ പാർട്ടിയല്ല കൊലനടത്തിയതെന്നു പറഞ്ഞ സി.പി. എമ്മിന് ഒടുവിൽ മുൻലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ, മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി കുഞ്ഞിരാമൻ, മുൻ ഉദുമ ഏരിയാസെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരിവ്യവസായി സമിതി ജില്ലാസെക്രട്ടറിയുമായ രാഘവൻ വെളുത്തോളി എന്നിവരുൾപ്പെടെ ഒൻപതുപേർ പ്രതി ചേർക്കപ്പെട്ടതോടെ നിശബ്ദരാകേണ്ടി വന്നു. ഫെബ്രുവരി രണ്ടു മുതൽ മാർച്ചു എട്ടുവരെയാണ് കേസിന്റെ വിചാരണ നടക്കുക.
എന്നാൽ ചീമേനി കൂട്ടക്കൊലയും കണ്ണൂരിലെ നാൽപാടി വാസു വധക്കേസുമുൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ പ്രതികളായ നിരവധി കേസുകളിൽ നേരത്തെ സി.കെ ശ്രീധരൻ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുകയും പഴതടച്ച വാദത്തിലൂടെ പ്രതികളെ കുറ്റവിമുക്തമാക്കുന്നതിനു വേണ്ടി മുഖ്യപങ്കുവഹിക്കുകയും ചെയ്തിരുന്നു. ഈ ചരിത്രമാണ് കേസിൽ സി.കെ കക്ഷി ചേർന്നതോടെ സി.പി. എമ്മിന് ആത്മവിശ്വാസമേകാൻ കാരണമായത്.
2019- ഫെബ്രുവരി 17-നാണ് ശരത് ലാലിനെയും കൃപേഷിനെയും ബൈക്കിൽ സഞ്ചരിക്കവെ വെട്ടിക്കൊലപ്പെടുത്തിയത്. സി. പി. എം നേതാക്കൾ ഉൾപ്പെടെ 24- പേരാണ് കേസിലെ പ്രതികൾ. ഇതിൽ പ്രധാന നേതാക്കളുൾപ്പെടെ എട്ടുപേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതിയുൾപ്പെടെ 16 പേർ ജയിലിലാണ്. ഇവർ ജയിലിൽ ഫോൺവിളിച്ചതും ആയുർവേദ സുഖചികിത്സ നടത്തിയതും പതിവിൽ കൂടുതൽ ദിവസം പരോളിലിറങ്ങിയതും ഏറെ വിവാദമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്