- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതാളം റഗുലേറ്റർ ബ്രിജിന്റെ അപ്‌സ്ട്രീമിൽ നിന്നു മലിനജലം ഷട്ടറുകൾക്കടിയിലൂടെ താഴേക്ക് ഒഴുക്കുന്നു; ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പിന്നിൽ പെരിയാറിൽ കണ്ടെത്തിയ മാലിന്യം ആരെയും ഞെട്ടിക്കുന്ന വിധം; അപകടകരമായ കീടനാശിനികളും ഘനലോഹങ്ങളും നിറഞ്ഞ് പെരിയാർ; ഏലൂരിലെ മാലിന്യം വീണ്ടും ചർച്ചകളിൽ
കൊച്ചി: വിഷപുകയ്‌ക്കൊപ്പം പെരിയാറും ഭീഷണി. ഏലൂർ വ്യവസായ മേഖലയിൽ പെരിയാർ വിഷമാലിന്യം നിറഞ്ഞ് അപകടകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ട്. ബ്രഹ്‌മപുരത്തെ തീപിടിത്തം പ്രതിസന്ധിയാകുമ്പോഴാണ് പുതിയ റിപ്പോർട്ടും. പുഴയുടെ ശുചീകരണത്തിനു ഇറിഗേഷൻ വകുപ്പ് തയാറാക്കി സമർപ്പിച്ച പദ്ധതിക്കു സർക്കാർ പണം അനുവദിച്ചില്ല. പാതാളം റഗുലേറ്റർ ബ്രിജിലെ ലോക്ഷട്ടറിനടിയിൽ മാലിന്യം പൊങ്ങിവരുന്നതിനു കാരണം കണ്ടെത്താൻ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ കർമപദ്ധതിക്കും സർക്കാർ അംഗീകാരം നൽകിയിട്ടില്ല. ഇതെല്ലാം പെരിയാറിനെ നാശത്തിലേക്ക് കൊണ്ടു പോകുകയാണ്.
വെള്ളിയാഴ്ച മുതൽ പാതാളം റഗുലേറ്റർ ബ്രിജിന്റെ അപ്‌സ്ട്രീമിൽ നിന്നു മലിനജലം ഷട്ടറുകൾക്കടിയിലൂടെ താഴേക്ക് ഒഴുക്കുകയാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പിന്നിൽ പെരിയാറിൽ കണ്ടെത്തിയ മാലിന്യം ആരെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടത്തു നിന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) സാംപിൾ ശേഖരിച്ചു. പെരിയാറിലേക്കു മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ നിയന്ത്രിക്കാനോ പിസിബിക്കു കഴിയുന്നില്ല. പുഴയിൽ മാലിന്യം കാണപ്പെട്ട സ്ഥലത്തു എത്തി സാംപിൾ ശേഖരിക്കുന്നതിനുള്ള ബോട്ട് സംവിധാനം ഇല്ലാത്തതും പ്രതിസന്ധിയാണ്.
വേണ്ടത്ര ജീവനക്കാരും സൗകര്യങ്ങളുമില്ലാത്തതിനാൽ പിസിബിയുടെ സർവീലൻസ് സെന്റർ കേവലം സാംപിൾ ശേഖരണത്തിൽ മാത്രം ഒതുങ്ങുകയാണ്. കാരണം കാണിക്കൽ നോട്ടിസ് കൊടുത്ത സ്ഥാപനം മാലിന്യം ഒഴുക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇതും ആശങ്കയാകുന്നുണ്ട്. മാലിന്യത്തിന്റെ വർധന തീരത്തു താമസിക്കുന്നവരെ വലിയ ആശങ്കയിലാക്കി. മത്സ്യങ്ങൾ കിട്ടാനില്ലെന്നും തങ്ങൾ പട്ടിണിയിലാണെന്നും പെരിയാറിനെ ആശ്രയിച്ചു മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികൾ പറയുന്നു. വിഷമാലിന്യത്തിനു പുറമേ പെരിയാർ പുല്ലും എക്കലും നിറഞ്ഞ് ശോഷിക്കുകയാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പിന്നിൽ പെരിയാറിൽ വിഷമാലിന്യം നിറഞ്ഞ് അപകടാവസ്ഥയിലാണെന്നതാണ് വസ്തുത. പല സ്ഥാപനങ്ങളിൽ നിന്നും ഔദ്യോഗിക നിർഗമന കുഴലുകൾ ഒഴിവാക്കി ചെറിയ കുഴലുകൾ വഴിയാണു രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പുഴയുടെ ഉപരിതലത്തിൽ വിവിധ ഇനത്തിലുള്ള മാലിന്യമാണ് പരന്നുകിടക്കുന്നത്.
വിഷമാലിന്യം പെരിയാറിലെ മത്സ്യ സമ്പത്തിനും നാശം വിതച്ചതായി മത്സ്യബന്ധന തൊഴിലാളികൾ പറഞ്ഞു. ഇടയ്ക്കിടക്ക് പലയിടങ്ങളിലായി ചെറുമീനുകൾ ചത്തുപൊങ്ങുന്നതായും പറഞ്ഞു. പുഴയിൽ മത്സ്യങ്ങൾ കുറഞ്ഞതായും അവർ പറഞ്ഞു. പുഴയിലെ മലിനീകരണം തടയുന്നതിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ്യം.
പെരിയാർ ഇന്നു ലോകത്ത് ഗുരുതരമായ മാലിന്യഭീഷണി നേരിടുന്ന നദിയായി മാറിക്കഴിഞ്ഞു. അപകടകരമായ കീടനാശിനികളും ഘനലോഹങ്ങളും നിറഞ്ഞ ഈ തണ്ണീർത്തടം മനുഷ്യജീവനുതന്നെ ഭീഷണിയാണ്. കുടിവെള്ളം, മത്സ്യം തുടങ്ങി ഈ ജലാശയത്തിൽനിന്നു ലഭ്യമാകുന്ന വിഭവങ്ങളിലെല്ലാം രാസമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണ്. പെരിയാറിൽനിന്നു വ്യവസായശാലകൾക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും രാസമാലിന്യം തള്ളാനും പതിറ്റാണ്ടുകളായി ഭരണകൂടം ഒത്താശ ചെയ്തതിന്റെ പരിണത ഫലമാണ് ഇത്.
1943ൽ വ്യവസായ മേഖലയുടെ വരവോടെയാണ് മലിനീകരണം തുടങ്ങുന്നത്. ഇന്ന് ഈ മേഖലയിൽ 280 വ്യവസായശാലകളുണ്ട്. വിവിധ സംസ്ഥാന കേന്ദ്ര-ഗവേഷണ കേന്ദ്രങ്ങൾ, യുണിവേഴ്സിറ്റികൾ, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, എൻജിഒകൾ, സംസ്ഥാന അഥോറിറ്റികൾ തുടങ്ങിയവയെല്ലാം മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മാലിന്യപ്രശ്നം സംബന്ധിച്ച് 3നടത്തിയ പഠനങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ചകളുമെല്ലാം നടപടികൾ ഒന്നുമില്ലാതെ അവശേഷിക്കുന്നു.
പുഴയുടെ വൃഷ്ടിപ്രദേശത്തു പോലും ഘനലോഹങ്ങൾ എത്തിച്ചേരുന്നത് വൻതോതിലാണ്. രാസമലിനീകരണം വൃഷ്ടിപ്രദേശത്തെ ആവാസവ്യവസ്ഥയിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. വർഷംതോറും മെർക്കുറി 2,000 കിലോഗ്രാമും സിങ്ക് 10095 കിലോഗ്രാമും ഹെക്സവാലന്റ് ക്രോമിയം കിലോഗ്രാമും കോപ്പർ 327 കിലോഗ്രാമും എത്തുന്നു. ഒരു മില്ലിഗ്രാം പോലും അത്യന്തം അപകടകരമാണെന്നോർക്കണം. 1980ൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലാണ് രാസമലിനീകരണം രൂക്ഷമാണെന്നും അടിയന്തര ശ്രദ്ധ വേണമെന്നും തിരിച്ചറിയുന്നത്.
2015ൽ ഏലൂർഎടയാർ വ്യവസായ മേഖലയിൽ രാസമാലിന്യം പേറി ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ പെരിയാർ ഒഴുകിയത് 44 തവണയാണ്. ഇരുപത്തിമൂന്നു തവണ മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങി. 2016ൽ പുഴ നിറം മാറി ഒഴുകിയത് ഇരുപത്തിയെട്ടു തവണയാണ്. ഈ മലിനീകരണത്തിന്റെ കാരണം വ്യക്തമാക്കാതിരുന്ന മലിനീകരണ നിയന്ത്രണ ബോർഡ് 2015 മേയിലും 2016 സെപ്റ്റംബറിലും നദിയുടെ പാതാളം ബണ്ടിനു മുകളിൽ വ്യവസായശാലകൾ അനധികൃതമായി രാസമാലിന്യം തള്ളുന്നുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ