കൊച്ചി: പെരിയാറിലെ പാതാളം ഷട്ടറിന് സമീപം പതിവുപോലെ ഇക്കൊല്ലവും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയതിന് പിന്നിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്ച. പുഴയിലെ മത്സ്യങ്ങൾക്കുപുറമെ ചേരാനെല്ലൂർ ഉൾപ്പെടെ കൂടുകളിൽ മത്സ്യക്കൃഷി തൊഴിലായി സ്വീകരിച്ച കർഷകർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ദുരന്തം വരുത്തിവച്ചത്. എന്നാൽ മലിന ജയം ഒഴുക്കിയവരെ രക്ഷിക്കാനാണ് നീക്കം. ഏലൂർ, ഇടയാർ മേഖലയിലെ വ്യവസായശാലകളിൽ നിന്നും പുറന്തള്ളിയ രാസമാലിന്യങ്ങളാണ് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ദുരന്തത്തിന് കാരണമെന്ന് വ്യക്തമാണ്.

ഉപ്പുവെള്ളം കലർന്ന ജലത്തിൽ ജീവവായുവിന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണ് ദുരന്തകാരണമെന്ന ന്യായീകരണവുമായി രംഗത്തുവന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട് മുഖവിലയ്‌ക്കെടുക്കാൻ കർഷകരും പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും തയ്യാറല്ല. ഏലൂർ, ഇടയാർ മേഖലയിലെ രാസവ്യവസായങ്ങളടക്കം വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമ്മാർജനം ചെയ്യുന്നില്ല. ഇതിന് പകരം അവ ശേഖരിച്ച് സൂക്ഷിച്ച്, വർഷകാലത്ത് ജലവിതാനം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുമ്പോൾ പുഴയിലേക്ക് ഒഴുക്കിവിടുന്നത് പതിവാണ്.

വ്യവസായങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളിൽ നിന്നും മാരകമായവ നീക്കംചെയ്ത് നിർമ്മാർജനം ചെയ്യുകയെന്നത് ആരും ചെയ്യുന്നില്ല. ലാഭത്തിൽ ഇടിവുണ്ടാക്കുമെന്നതിനാൽ അത്തരം സുരക്ഷിതവും ശാസ്ത്രീയവുമായ രീതികൾ അവലംബിക്കാൻ വ്യവസായങ്ങൾ തയ്യാറാകുന്നില്ല. ഇതിന്റെ ബാക്കി പത്രമാണ് പെരിയാറിലെ ഇപ്പോഴത്തെ ദുരന്തവും. വ്യവസായ വകുപ്പിനും മലിനീകരണ വകുപ്പിനും ജാഗ്രത കുറവുണ്ടായെന്നാണ് ജലവിഭവ വകുപ്പിന്റെ കണ്ടെത്തൽ. വിഷ മാലിന്യം അവർ ചർച്ചയാക്കുന്നുണ്ട്. വ്യവസായ വകുപ്പിന് വലിയ ജാഗ്രത കുറവുണ്ടായെന്നും നിഗമനമുണ്ട്.

മത്സ്യക്കൃഷിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനപ്പുറം രാസമാലിന്യങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും എങ്ങനെ ബാധിക്കുന്നുവെന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ദുരന്തബാധിത മേഖലയിലെ പെരിയാറാണ് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവജല സ്രോതസ്. അതിനെ മലിനീകരിക്കുകയെന്നാൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി വേണം കണക്കാക്കാൻ. ദുരന്തത്തിന് കാരണക്കാരായവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല, നഷ്ടപരിഹാരത്തിന് മതിയായ പിഴ അവരിൽനിന്നും ഈടാക്കണമെന്ന ആവശ്യവും സഖ്തമാണ്.

എടയാർ വ്യവസായ മേഖലയിൽ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മത്സ്യകർഷകർക്ക് കോടികളുടെ നഷ്ടമാണ് ആകെ ഉണ്ടായിരിക്കുന്നതെന്ന് മത്സ്യകർഷകർ പറഞ്ഞു.മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതർ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പൊലീസുംവരാപ്പുഴ മാർക്കറ്റിൽ പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്.

പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ?പ്രദേശവാസികൾ .