കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്കുണ്ടായത് പത്ത് കോടിയുടെ നഷ്ടം. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് നാളെ റിപ്പോർട്ട് ആയി നൽകും. ഫോർട്ട് കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട് നൽകും. ഇതെല്ലാം പരിശോധിച്ചാകും യഥാർത്ഥ കുറ്റവാളിയെ നിശ്ചയിക്കുക. അതിനിടെ അട്ടിമറിക്ക് നീക്കം സജീവമാണ്.

മത്സ്യകർഷകർക്ക് ഇടക്കാല ധനസഹായം നൽകുന്നതുൾപ്പെടെയുള്ള ഹ്രസ്വകാല പദ്ധതികൾക്ക് പുറമെ, പെരിയാറിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്ന ദീർഘകാല കർമപദ്ധതികൾക്കും ആലോചനയുണ്ട്. പാതാളം ബണ്ട് തുറക്കുന്നത് സംബന്ധിച്ച് നഗരസഭ, പൊലൂഷൻ കൺട്രോൾ ബോർഡ് , ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നി വയുടെ ഏകോപനം കൂടി വരുന്നതോടെ സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാതാളം മുതൽ കൊച്ചിയുടെ കായൽപരിസരമെല്ലാം മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ കാരണം ഇന്നും അജ്ഞാതമാണ്. പെരിയാറിലെ മത്സ്യക്കുരുതിക്ക് ഇരയാടിക്കിയ രാസമാലിന്യം ഒഴിക്കിയതാരെന്നതും കണ്ടെത്താനായിട്ടില്ല. എടയാർ റെഗുലേറ്റർ കം ബ്രിഡ്ജിന് മുമ്പുള്ള ഏതോ ഫാക്ടറിയിലെ രാസമാലിന്യമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാസമാലിന്യം ഒഴുക്കി വിട്ട സമയത്ത് പാതാളം റെഗുലേറ്ററിന്റെ ചുമതലയുള്ള ജലസേചന വകുപ്പിനെ പരിസ്ഥിതി നിയന്ത്രണ ബോർഡ് വിവരം അറിയിച്ചില്ലെന്ന പരാതിയും സജീവമാണ്.

പെരിയാറിൽ വ്യാപകമായി മത്സ്യങ്ങളുടെ കൂട്ടമരണം നടന്നത് 1998-ലായിരുന്നു. മത്സ്യങ്ങൾ ചത്തുമലച്ചതിനു കാരണം കണ്ടെത്താൻ നടത്തിയ രാസപരിശോധനയിൽ, പ്രതി രാസവള നിർമ്മാണശാലയായ എഫ്.എ.സി.ടിയാണെന്നു തെളിഞ്ഞു. സൾഫ്യൂരിക് ആസിഡും അമോണിയയും കലർന്ന ജലം പെരിയാറിലേക്ക് കണക്കിലേറെ ഒഴുക്കിവിട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് സമാനമായ പരിശോധന ഇന്ന് നടക്കുമെന്ന് ആർക്കും ഉറപ്പില്ല.

ഇപ്പോൾ പെരിയാറിന്റെ കരയിൽ 286 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 106 കമ്പനികളും റെഡ് കാറ്റഗറിയിൽ വരുന്നവയാണ്. രാസമാലിന്യങ്ങൾ കൈകാര്യം ചെയ്ുന്ന ഏയറ്റവും അപകടകാരികളായ കമ്പനികളാണ് റെഡ് കാറ്റഗറിയിൽപ്പെടുക. ഇപ്രാവശ്യത്തെ മത്സ്യക്കുരുതിക്കുപിന്നിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് കൂടിയാലോചനയില്ലാതെ തുറന്നതാണ് കാരണമെന്ന് ഒരു വാദമുണ്ട്. ബണ്ടിനുമുകളിൽ കെട്ടിനിൽക്കുന്ന ഓരുവെള്ളം പരിശോധിച്ച് പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പ് നൽകേണ്ടത് ജലസേചനവകുപ്പായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ആരോപിക്കുന്നു.

തുറന്നുവിടും മുൻപ് ബോർഡിനെ അറിയിച്ചില്ല. ഷട്ടർ തുറന്നപ്പോൾ ഉപ്പുവെള്ളവുമായി കലർന്ന് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണോ അതോ രാസമാലിന്യം കലർന്നതാണോ ദുരന്തത്തിനു കാരണമെന്ന് ഇനിയും വ്യക്തമല്ല. ബണ്ടിനുമുകളിലുള്ള അഞ്ചോളം കമ്പനികളും താഴെയുള്ള രണ്ടുകമ്പനികളുമാണ് സംശയനിഴലിൽ. എന്നാൽ ഇത്തവണ സാമ്പിൾ പരിശോധനയും അട്ടിമറിക്കപ്പെട്ടുവെന്ന് വിലയിരുത്തലുണ്ട്. മലിനീകരണ നിയന്ത്രണബോർഡ് സാമ്പിൾ ശേഖരിച്ചത് വളരെ വൈകിയാണ്. മത്സ്യക്കുരുതി നടന്നയുടനെ പ്രോട്ടോക്കോൾ പ്രകാരമുള്ള സാമ്പിളിങ് നടന്നിട്ടില്ലെന്നാണ് ആരോപണം.