- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആംസ്റ്റർഡാം വിമാനത്താവളത്തിൽ വിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ദാരുണാന്ത്യം
ആംസ്റ്റർഡാം: കെ എൽ എം എയർലൈൻസിന്റെ ഒരു യാത്രാവിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ട വ്യക്തിക്ക് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിപോൾ വിമാനത്താവളത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. ഇത് ഒരു അപകടമാണോ അതോ ആത്മഹത്യയാണോ എന്ന് പറയാനാവില്ല എന്നായിരുന്നു ഡച്ച് മിലിറ്ററി പൊലീസിലെ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞത്. ഇന്നലെ ഉച്ചയോടെ നടന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ എമർജൻസി വിഭാഗം ജീവനക്കാർ സംഭവ സ്ഥലത്തെത്തി.
ഹ്രസ്വദൂര യാത്രകൾക്കായി സിറ്റി ഹോപ്പർ ആയി കെ എൽ എം ഉപയോഗിക്കുന്ന എമ്പ്രേർ 190 വിമാനത്തിനുള്ളിൽ യാത്രക്കാരും ജീവനക്കാരും കയറിയതിനു ശേഷമായിരുന്നു സംഭവം നടന്നത്. ടർബെയ്ൻ ബ്ലേഡുകളിൽ കുരുങ്ങുകയായിരുന്നു ഈ വ്യക്തി എന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന ഉടൻ തന്നെ ഭയപ്പെടുത്തുന്ന ഒരു ശബ്ദം ഉണ്ടാവുകയും എഞ്ചിനുള്ളിൽ നിന്നും പുക ഉയരുകയും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമമായ ഡി ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
നെതർലാൻഡ്‌സിലെ ഷിഫോളിൽ നിന്നും ഡെന്മാർക്കിലെ ബിലുന്ദിലെക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയായിരുന്നു വിമാനം. വിമാനം ടേക്ക് ഓഫിനായി പുറകോട്ട് നീക്കിയ സമയത്ത് ഒരാൾ എഞ്ചിനിലേക്ക് കയറുകയായിരുന്നു എന്ന് മറ്റൊരു ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് ഡച്ച് ന്യൂസ്‌പേപ്പർ ആയ എ ഡി റിപ്പോർട്ട് ചെയ്യുന്നു. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച വിമാനത്താവളാധികൃതർ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു. മിലിറ്ററി പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവം നടന്ന ഉടൻ തന്നെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും തിരിച്ചിറക്കിയതായി അധികൃതർ അറിയിച്ചു. ഈ ദുരന്തം നേരിട്ട് കാണാൻ ഇടയായ യാത്രക്കാർക്ക് കൗൺസിലിങ് ഉൾപ്പടെയുള്ള മനഃശാസ്ത്രപരമായ പിന്തുണകൾ നൽകുന്നതായി മിലിറ്ററി പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ പ്രധാന സാക്ഷികൾ സംഭവം കണ്ട യാത്രക്കാർ തന്നെയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവാരങ്ങൾ ഉടൻ പുറത്തു വിടുമെന്നും മിലിറ്ററി പൊലീസ് അറിയിച്ചിട്ടുണ്ട്.