- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
410 മീറ്റർ നീളമുള്ള പാലം ഇരുകരകളിൽ നിന്നു പണി തുടങ്ങി; മധ്യഭാഗത്ത് എത്തിയപ്പോൾ രൂപരേഖയെ ചൊല്ലി തർക്കം; 42 കോടി അടങ്കൽ നിശ്ചയിച്ച് 75 ശതമാനം പൂർത്തിയായ പാലത്തിനായി പുതിയ രൂപരേഖ വരയ്ക്കാൻ ടെൻഡർ; കൊല്ലത്ത് അഷ്ടമുടി കായലിന് കുറുകേ പണിയുന്ന ഒരു 'കെ' പാലത്തിന്റെ കഥ!
പെരുമൺ: എല്ലാത്തിലും കെ ബ്രാൻഡ് നൽകുക എന്നതാണ് സംസ്ഥാനത്തെ ഇടതു സർക്കാറിന്റെ അടുത്തകാലത്തെ പതിവു നയം. ഈ കെ ബ്രാൻഡിങ് പലപ്പോഴും ഇഴഞ്ഞു നീങ്ങുന്നതും നടപ്പിലാകാത്തതുമായ പദ്ധതിയാണെന്ന് പറയുന്നതാകും ശരി. കൊല്ലത്ത് അഷ്ടമുടി കായലിന് കുറുവേ നിർമ്മിക്കുന്ന പാലവും കെടുകാര്യസ്ഥതയുടെ മകുടോദാഹരണം ആകുകയാണ്. ഈ പാലവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ആരും തലയിൽ കൈവെച്ചു പോകും. അത്രയ്ക്കും കെടകാര്യസ്ഥത ഇതിൽ വ്യക്തമാണ്.
410 മീറ്റർ നീളമുള്ള പാലം ഇരുകരകളിൽ നിന്നു പണി തുടങ്ങി, മധ്യഭാഗത്ത് എത്താറായപ്പോൾ രൂപരേഖ സംബന്ധിച്ചു തർക്കം കാരണമാണ് പാലം നിർമ്മാണം മുന്നോട്ടു പോകാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. 42 കോടി അടങ്കൽ നിശ്ചയിച്ച് 75% പൂർത്തിയായ പാലത്തിന്റെ മധ്യഭാഗ നിർമ്മാണത്തിനു പുതിയ രൂപരേഖ വരയ്ക്കാൻ ടെൻഡർ നടപടി തുടങ്ങിയെന്നതാണ് വിചിത്രമായ കാര്യം. രൂപരേഖ മാറ്റിവരയ്ക്കാൻ 65 ലക്ഷം രൂപയുടെ കരാർ ഉറപ്പിക്കുന്നതിന് ടെൻഡർ കമ്മിറ്റി അനുമതി നിഷേധിക്കൽ. ആദ്യ രൂപരേഖ അനുസരിച്ചു പാലം പണിയണമെന്ന് നിർദ്ദേശം. പണി തുടങ്ങാതെ കരാറുകാരൻ.
പെരുമൺ റെയിൽവേ പാലത്തിനു സമാന്തരമായി, അഷ്ടമുടിക്കായലിനു കുറുകെ നിർമ്മിക്കുന്ന പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. ഗോവയിലുള്ള പാലത്തിന്റെ മാതൃകയിലാണ് ഇതിന്റെ മധ്യഭാഗം രൂപകൽപന ചെയ്തത്. 410 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്തുള്ള 70 മീറ്റർ നീളം, അതിന്റെ ഇരുവശത്തുമുള്ള തൂണുകളിൽ കേബിൾ ഉപയോഗിച്ചു സ്ലാബ് ബന്ധിപ്പിക്കുന്ന നിലയിലാണ് രൂപരേഖ. തൂണുകൾക്കു പാലത്തിന്റെ ഗർഡറിൽ നിന്നു 15 മീറ്റർ വീതം ഉയരമുണ്ട്. കായൽ മധ്യത്ത് 4 തൂണുകളിൽ നിൽക്കുന്ന പാലം ആകർഷകം ആകുമെന്ന വിലയിരുത്തലിലാണ് അങ്ങനെ രൂപകൽപന ചെയ്തത്.
തൂണുകളിൽ കേബിൾ ഉപയോഗിച്ചു ബന്ധിപ്പിക്കുന്ന 70 മീറ്റർ നീളത്തിനു പുറമേ ഇതിന്റെ ഇരുഭാഗത്തും 42 മീറ്റർ വീതം പാലം പണിയാനുണ്ട്. ആകെ 154 മീറ്റർ നീളമാണ് ഇനി പണിയാനുള്ളത്.ആദ്യ രൂപരേഖ അനുസരിച്ചു പണിയുന്നതിന് 10 കോടി രൂപയോളം അധികച്ചെലവ് ഉണ്ടാകുമെന്നാണു കരാറുകാരൻ പറയുന്നത്. ആദ്യ രൂപരേഖ അനുസരിച്ചാണെങ്കിൽ ഒറ്റഘട്ടമായി നിർമ്മിക്കേണ്ടി വരും. ഇതിനു കൂടുതൽ ഉപകരണങ്ങളും മറ്റും ആവശ്യമാണ്. നിർമ്മാണച്ചെലവ് വർധിക്കാൻ ഇതാണു കാരണം. ഘട്ടങ്ങളായി നിർമ്മിച്ചാൽ നിർമ്മാണച്ചെലവു കുറയും. അത് അനുസരിച്ചു ഭാഗങ്ങളായി നിർമ്മിക്കുന്ന രീതിയിൽ രൂപരേഖയിൽ മാറ്റം വരുത്തണമെന്നാണു കരാറുകാരൻ ആവശ്യപ്പെട്ടത്.
തുടർന്നാണു പുതിയ രൂപരേഖയ്ക്കു ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ തുകയായ 65 ലക്ഷത്തിന് എൽ ആൻഡ് ടിക്കു കരാർ ഉറപ്പിക്കുന്നതിനുള്ള അനുമതി പൊതുമരാമത്ത് സെക്രട്ടറി അധ്യക്ഷനായ ടെൻഡർ കമ്മിറ്റി നിഷേധിക്കുകയും ആദ്യ രൂപരേഖ അനുസരിച്ചു പാലം പണിയണമെന്നു നിർദേശിക്കുകയും ചെയ്തു. നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കരാറുകാരന് ഇതു സംബന്ധിച്ചു കത്തു നൽകിയെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ല. മധ്യഭാഗം കൂട്ടിമുട്ടാനാകാതെ പാലം ത്രിശങ്കുവിലാണ്.
പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റേതിന് സമാനമായ ഡിസൈനിൽ ആലപ്പുഴ ജില്ലയിൽ ഒരു പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട്, ആ രൂപരേഖ പ്രകാരം നിർമ്മാണം നടത്താനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കെ.ആർ.എഫ്.ബി അധികൃതർ പറയുന്നു. രൂപരേഖയിലെ വ്യത്യാസം രേഖാമൂലം ചൂണ്ടിക്കാട്ടിയാൽ അതിനുള്ള അധികതുക നൽകാമെന്ന് കെ.ആർ.എഫ്.ബി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതിനോടും കരാർ കമ്പനി പ്രതികരിച്ചിട്ടില്ല. കരാർ റദ്ദാക്കിയാൽ അതിനുള്ള നഷ്ടപരിഹാരം നിലവിലെ കരാറുകാരിൽ നിന്ന് ഈടാക്കും. കഴിഞ്ഞ നാല് മാസമായി നിർമ്മാണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. നടുവിലെ സ്പാനിന്റെ നിർമ്മാണത്തെ ചൊല്ലി പാലം നിർമ്മാണം സ്തംഭിച്ച സാഹചര്യത്തിൽ അപ്രോച്ച് റോഡിന്റെ ജോലികൾ ആരംഭിക്കാൻ ധാരണയായിരുന്നു. എന്നാൽ, അതിനായി പെരുമൺ ഭാഗത്തെ മരങ്ങളും വൈദ്യുത പോസ്റ്റുകളും ലൈനുകളും ഇതുവരെ നീക്കിയിട്ടില്ല.
ആസൂത്രണമില്ലായ്മയുടെ ഉദാഹരണമാണ് ഈ പാലമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇത്തരം സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. പാലം പണി പകുതി പിന്നിടുമ്പോൾ എൻജിനീയർമാരുടെയും ഉദ്യോഗസ്ഥരുടെയും 'മികവ്' മൂലം രൂപരേഖ സംബന്ധിച്ചു തർക്കം ഉയരുന്നതുകൊല്ലത്ത് ആദ്യ സംഭവമല്ല. അഷ്ടമുടിക്കായലിനു മുകളിലൂടെ സമാന്തരമായി നീളുന്ന ലിങ്ക് റോഡ് അവസാന ഘട്ട നിർമ്മാണവും രൂപരേഖയിൽ തട്ടി മുടങ്ങിക്കിടക്കുകയാണ്. നേരത്തേ ഇരുമ്പു പാലത്തിന്റെ സമാന്തര പാലത്തിന്റെ നിർമ്മാണത്തിനും സമാനമായ അനുഭവമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ