- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പൊതു വേദിയിൽ അങ്ങനെ പറഞ്ഞപ്പോൾ ഇൻസെൽട്ടായി തോന്നി ഓപ്പൺ ആയി തന്നെ അതിനു മറുപടിയും നൽകി... അത്രമാത്രം! സീരിയൽ നടികളെ കുറിച്ച് മോശമായി പറഞ്ഞത് സിപിഎം പ്രാദേശിക നേതാവ് എം ബാലാജി; അതേ വേദിയിൽ മറുപടിയുമായി താരമായി മഞ്ജു പത്രോസും; പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
തൃശൂർ: പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ പ്രവർത്തകന് അതേ വേദിയിൽവച്ച് മറുപടി നൽകി മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ താരമാണ്. പെരുമ്പിലാവിൽ വച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം. പരിപാടിയിൽ സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു നൽകിയ മറുപടി പങ്കുവച്ച് സീരിയൽ താരം സാജൻ സൂര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. പ്രാദേശിക ഇടതു നേതാവിനായിരുന്നു നടി മറുപടി നൽകിയത്. ബാലാജി എന്ന വ്യക്തിയുടെ പരമാർശങ്ങൾക്കായിരുന്നു മറുപടി.
'സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നതുകൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴിൽ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഈ വീഡിയോ വൈറലായി. ഇതിന് പിന്നാലെ അഭിനന്ദനങ്ങളുമെത്തി. എന്നാൽ ഈ വിവാദത്തിൽ ചർച്ചകൾക്ക് മഞ്ജു പത്രോസ് ആഗ്രഹിക്കുന്നില്ല. അതവിടെ തീർന്ന കാര്യമെന്നാണ് മഞ്ജു മറുനാടനോട് പ്രതികരിച്ചത്.
ദയവായി ഇതൊരു വിവാദമാക്കി എന്നെയും അദ്ദേഹത്തെയും ഉപദ്രവിക്കരുത്. ഞാനല്ല അവിടെ ഉണ്ടായിരുന്ന ആരോ ആണ് അത് ഷൂട്ട് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്തത് അത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഒരു പൊതു വേദിയിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഇൻസെൽട്ടായി തോന്നി ഓപ്പൺ ആയി തന്നെ അതിനു മറുപടിയും നൽകി. അതിനപ്പുറത്തേക്ക് അതുകൊണ്ട് പോകരുത്. എനിക്ക് കൂടുതൽ പറയാനില്ല-ഇതായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
പത്രസമ്മേളനത്തിലെ പരാമർശം ഒന്നും അല്ലല്ലോ. ബാലാജി എന്ന് പറയുന്ന ആളാണ് അവിടുത്തെ ബ്രാഞ്ച് സെക്രട്ടറി ആണെന്ന് തോന്നുന്നു, വ്യക്തമായി അറിയില്ല. അതിനു ഞാൻ രാഷ്ട്രീയ മാനദണ്ഡങ്ങൾ കൊടുത്തിട്ടില്ല. സംഭവം നടക്കുമ്പോൾ എം എൽ എ വേദിയിൽ ഉണ്ടായിരുന്നില്ല. ഞാൻ വന്നപ്പോഴേക്കും പോയിരുന്നു. ഇതൊരു സൗഹൃദ സംഭാഷണമായിട്ടാണ് കാണുന്നത് അദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നവരും അപ്പോൾ ചിരിച്ചു കളഞ്ഞ കാര്യാമാണ് അത്രയേ ഉള്ളൂ-മഞ്ജു പത്രോസ് മറുനാടനോട് പറഞ്ഞു. മുൻ മന്ത്രി കെ ഇ ഇസ്മായിൽ പങ്കെടുത്ത വേദിയിലായിരുന്നു ഈ സംഭവങ്ങൾ. പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തിരുന്നു. അഞ്ചു ദിവസം മുമ്പായിരുന്നു ഇതെല്ലാം.
'സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകിയെന്നായിരുന്നു സാജൻ സൂര്യയുടെ പോസ്റ്റ്. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് ' പെൺവെട്ടം' എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം' വിഡിയോ പങ്കുവച്ചുകൊണ്ട് സാജൻ സൂര്യ കുറിച്ചു.
മഞ്ജുവിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കടവല്ലൂർ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം എ.സി. മൊയ്തീൻ എംഎൽഎ.യാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ അധ്യക്ഷനായി. ബി.കെ. ഹരിനാരായണൻ, മഞ്ജു പ്രസാദ്, പത്മം വേണുഗോപാൽ, എസ്.സി. നിർമൽ, ശ്രീജാ വേലായുധൻ തുടങ്ങിയവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ