പത്തനംതിട്ട: സിപിഎം നേതാക്കളുടെ മാനസിക പീഡനവും ഭീഷണിയും മൂലം ജീവനൊടുക്കിയ പെരുനാട് കണ്ണനുമൺ മേലേതിൽ എംഎസ് ബാബുവിന്റെ മരണം സംബന്ധിച്ച് പ്രതികരണവുമായി ആരോപണ വിധേയരിൽ പ്രമുഖനായ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ. ഇന്നലെ മുഴുവൻ മൗനം പാലിച്ച ശേഷം ഇന്ന് രാവിലെയാണ് ഇദ്ദേഹം പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്.

എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന മോഹനൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പിലെ കോഴ അടക്കമുള്ള ആരോപണങ്ങളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കമുള്ളവരുമായി ആലോചിച്ച് വളരെ ശ്രദ്ധയോടെ തയാറാക്കിയ പ്രതികരണമാണ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. അതിങ്ങനെ:

1987 ൽ മടത്തുംമുഴി വലിയപാലം ജംഗ്ഷനിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നിർമ്മിച്ചതാണ് ഇപ്പൊൾ മഠത്തുംമൂഴിയിൽ ഉള്ള വെയിറ്റിങ് ഷെഡ്. പഞ്ചായത്തിന്റെ സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. അതിനു ശേഷം 2013 ൽ ജില്ലാപഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ഇതിനോട് ചേർന്ന് ഒരു ഇ-ടോയ്ലെറ്റും സ്ഥാപിച്ചു. ഇ-ടോയ്ലറ്റ് പിന്നീട് പ്രവർത്തന രഹിതം ആകുകയും. അത് അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു

എന്നാൽ അന്നു മുതലേ സ്ഥാപിച്ചിട്ടുള്ള ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്ക് ഇപ്പോഴും അവിടെ ഉണ്ട്. ഈ ടോയ്ലറ്റ് പരാജയമായതും പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നും ശബരിമല ഉൾപ്പെടുന്ന പഞ്ചായത്ത് എന്ന നിലയിൽ അയ്യപ്പ ഭക്തർ വളരെ അധികം എത്തിച്ചേരുന്ന പ്രദേശം ആയതിനാലും ഒരു പൊതു ശൗചാലയം അവിടെ അനിവാര്യമായി വന്നതിനെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നതിനും ടോയിലറ്റ് സ്ഥാപിക്കുന്നതിനും പുതിയ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. പ്രോ നമ്പർ 151 / 22 പദ്ധതിക്ക് അംഗീകാരം നൽകി ടെണ്ടർ ചെയ്തിരിക്കയാണ്.

മഠത്തുംമൂഴിയിൽ ടോയിലറ്റ് സൗകര്യം നിലവിൽ ഇല്ല, ഓട്ടോ ടാക്സി സ്റ്റാൻഡ് ആണ് ഇതുമായി ബന്ധപ്പെട്ട് ബാബുവുമായി യാതൊരു തർക്കവും നിലനിന്നിരുന്നില്ല. എന്നാൽ ഈ സ്ഥലം ബാബുവിന്റെ സ്വന്തം ആണ് എന്ന് പറഞ്ഞ് 6 മാസം മുൻപ് വില്ലേജിൽ ഒരു പരാതി കൊടുത്തിരുന്നു. ശേഷം പഞ്ചായത്ത് ഭരണസമിതി സ്ഥലം അളന്ന് അതിരുകൾ നിശ്ചയിച്ച് നൽകണം എന്നാവശ്യപ്പെട്ട് കത്തു കൊടുക്കുകയും വില്ലേജ് ഓഫീസർ സ്ഥലം അളന്നു സർവ്വേ റിപ്പോർട്ട് റാന്നി താലൂക്ക് സർവ്വേ ഓഫീസിനു നൽകി.

താലൂക്ക് സർവ്വയർ വന്ന് ഭൂമിയുടെ അതിരു നിശ്ചയിച്ച് നൽകിയിട്ടുമുണ്ട്. മെമ്പറന്മാരുടെ സാന്നിദ്ധ്യത്തിൽ ബാബുവിന്റെ സമ്മതപ്രകാരമാണ് ഇതെല്ലാം നടന്നത്. ആ സ്ഥലത്താണ് എൽഎസ്ജിഡി എഇ എസ്റ്റിമേറ്റ് എടുത്ത് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ഇത് ആർക്കും പരിശോധിക്കാം. ഇതിന് എന്തിനാണ് ബാബുവിന്റെമേൽ സമ്മർദം ചെലുത്തുന്നത്? പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് ബാബുവിന്റെ സമ്മതം എന്തിനാണ്? വസ്തുതകൾ ഇതായിരിക്കെ ഇല്ലാ കഥകൾ പ്രചരിപ്പിച്ച് മുതലെടുപ്പ് തന്ത്രന്മാണ് ബിജെപി കോൺഗ്രസ് കക്ഷികൾ നടത്തുന്നത്.

202122 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2380000 രൂപ അടങ്കൽ തുകയായുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചി മുറിയും നിർമ്മിക്കുന്നതിന് വകയിരുത്തി. നിലവിലുള്ള വെയിറ്റിങ് ഷെഡ് ഇരിക്കുന്നിടത്ത് തന്നെയാണ് പുതിയ വെയിറ്റിങ് ഷെഡും. ബാബു എന്നയാളുടെ ഒരു തുണ്ട് ഭൂമിപോലും പഞ്ചായത്ത് അനധികൃതമായി കയ്യേറിയിട്ടില്ല. പാർട്ടി അനുഭാവുയായ ബാബുവിന്റെ മരണം തികച്ചും ദൗർഭാഗ്യകരമാണ്. മരണത്തെപോലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന കുതന്ത്രങ്ങളാണ് ബിജെപി യും കോൺഗ്രസ്സും നടത്തിവരുന്നത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പെരുനാട്ടിൽ ഈ കൂട്ടർ ശ്രമിക്കുന്നത്. ഇത് തികച്ചും അപലപനീയമാണ്.

റാന്നി പെരുനാട് പഞ്ചായത്തിൽ മഠത്തുംമൂഴി മേലേതിൽ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് എനിക്കും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിനും കണ്ണന്നുമൺ വാർഡ് മെംബർ വിശ്വനും എതിരെ ഉയർന്ന് വരുന്ന ആരോപണങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി യാതൊരു ബന്ധവും ഇല്ലാത്തതും രാഷ്ടീയ നേട്ടങ്ങൾ കൊയ്യുന്നതിന് ബോധപൂർവ്വം ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് തയ്യാറാക്കിയിട്ടുള്ളതുമാണ്.

മരണം പോലും സ്വാർത്ഥ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ബിജെപി ഞങ്ങൾക്കെതിരായി ബോധപൂർവ്വം അപവാദ കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കഥ അറിയാതെ ആട്ടം കാണുന്ന ഇത്തരക്കാർ പെരുനാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. പട്ടി കടച്ചാൽ, നോക്കാൻ ആളില്ലാതെ മരണപ്പെട്ടാൽ, പന്നി കുത്തിയാൽ ഉടൻ 'ബിജെപി വക സമരം' എന്ന നിലയിൽ നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് മനുഷ്യന് തമ്മിലടിപ്പിച്ച് പണം സമ്പാദനശീലമാക്കിയ പുത്തൻ ബിജെപിക്കാർ പല പല അഭ്യാസങ്ങളാണ് പെരുനാട്ടിൽ നടപ്പിലാക്കുന്നത്. ഇത്തരം ശവം തീനി രാഷ്ടീയം പെരുനാട്ടിൽ ചെലവാകില്ലാ എന്ന് ഇവർക്ക് ഭാവിയിൽ ബോദ്ധ്യപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.