- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തും സിപിഎമ്മും അനങ്ങിയില്ല; പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ ഭൂമി പഞ്ചായത്ത് കൈയേറിയത് തിരിച്ചു പിടിച്ച് ബിജെപി വേലി കെട്ടി; സിപിഎം റിവേഴ്സ് ഗിയറിൽ; പ്രക്ഷോഭം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും
പത്തനംതിട്ട: സിപിഎം നേതാക്കൾക്കെതിരേ കുറിപ്പെഴുതി വച്ച് ജീവനൊടുക്കിയ പെരുനാട് മേലേതിൽ ബാബുവിന്റെ പഞ്ചായത്ത് കൈയേറിയ ഭൂമി ബിജെപി നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ഇരുമ്പുപൈപ്പുകൾ കൊണ്ട് വേലി സ്ഥാപിച്ചു. സിപിഎം നേതാക്കളോ പഞ്ചായത്ത് അധികൃതരോ എതിർപ്പുമായി എത്തിയില്ല. ആത്മഹത്യാകുറിപ്പിൽ ബാബു നേതാക്കളുടെ പേര് വ്യക്തമായി എഴുതി വയ്ക്കുകയും ബാബുവിന്റെ ഭാര്യ കുസുമകുമാരി ഇവർക്കെതിരേ പരാതി നൽകുകയും ചെയ്തിട്ടും പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിനെതിരേ ബിജെപിയും പൊലീസും പ്രക്ഷോഭം കടുപ്പിക്കുകയാണ്.
പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വാർഡ് അംഗം വിശ്വൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പേര് പറഞ്ഞ് സിപിഎം പ്രവർത്തകനായ ബാബുവിന്റെ ഭൂമി കൈയേറുകയായിരുന്നുവെന്നാണ് ആരോപണം. മൂവർക്കുമെതിരേ കുറിപ്പെഴുതി വച്ച് ബാബു വീടിന് സമീപമുള്ള പള്ളിയുടെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് സിപിഎം നേതാക്കൾ മുന്നോട്ടു വന്നെങ്കിലും നിലവിൽ നിശബ്ദരാണ്. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപണമുയരുന്നിതിനിടെയാണ് ബിജെപി തുടർ നടപടികൾ ഏറ്റെടുത്തത്.
പഞ്ചായത്ത് കൈയേറിയ സ്ഥലം ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ച് വേലി നിർമ്മിച്ചു നല്കി. പെരുനാട് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരൂദ്ധൻ, സാനു മാമ്പാറ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി. ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഉദ്ഘാടനം ചെയ്തു. സോമസുന്ദരൻ പിള്ള അധ്യക്ഷത വഹിച്ചു. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ്, സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ, വിനോദ് മന്ദിരം, അരുൺ അനിരുദ്ധൻ, രവീന്ദ്രൻ മന്ദിരം, വസന്താ സുരേഷ്, മഞ്ജുള ഹരി, സാനു മാമ്പാറ, വാസുദേവൻ അമ്പാട്ട്, അനീഷ് റാന്നി, ശ്രീജന എന്നിവർ പ്രസംഗിച്ചു.
റാന്നി പെരുനാട് മേലേടത്ത് ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം. നേതാക്കളുടെ പങ്ക് അന്വേഷിച്ച് അവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ സമിതി അംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെരുനാട് ബാബുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. പെരുനാട്ടിലെ സിപിഎം നേതാക്കളുടെ സ്വേഛാധിപത്യവും ധാർഷ്ട്യവും കാരണം അടുത്തിടെ പല ജീവനുകളാണ് പൊലിഞ്ഞത്. പേവിഷ ബാധയേറ്റു മരിച്ച അഭിരാമി, മാമ്പാറ സ്വദേശിനി പൊന്നമ്മ, കുമ്പഴയിലുള്ള അമൃത, മഠത്തുംമൂഴി ബാബു എന്നീ പേരുകൾ അവയിൽ ചിലത് മാത്രം.
ജനാധിപത്യത്തെ തിരസ്‌കരിച്ച് ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്ന അത്യാർത്തിക്കാർ പാവപ്പെട്ടവരുടെ രക്തം ഊറ്റി കുടിച്ച് കൊഴുത്ത് തടിക്കുകയാണ്. ഈ ഏകാധിപത്യ സംവിധാനത്തോട് ചേർന്ന് നിൽക്കാൻ വിസ്സമിതിക്കുന്നവരെയും എതിർക്കുന്നവരെയും ഏതു വിധേനയും നശിപ്പിക്കാനോ കൊല്ലാനോ ഇവർ മടിക്കില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മടത്തുമൂഴി മേലേതിൽ ബാബുവിന്റെ ആത്മഹത്യ. സിപിഎം നേതാക്കൾ ഭീക്ഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ബലമായി ഭൂമി അളന്നെടുക്കുവാനുള്ള നീക്കത്തിൽ മനം നൊന്താണ് ബാബു സ്വന്തം കൈപ്പടയിൽ കുറിപ്പ് എഴുതി വച്ച ശേഷം തൂങ്ങി മരിച്ചത്. തുടർച്ചയായ പീഡനങ്ങളിൽ നിന്നും സ്ഥലം കൈയേറുന്നതിൽ നിന്നും ഒഴിവാക്കാൻ മനസാക്ഷിയില്ലാത്ത നേതാക്കൾ അഞ്ചു ലക്ഷം രൂപയാണ് ബാബുവിനോട് ആവശ്യപ്പെട്ടത്. കൂടാതെ 20 ലക്ഷം രൂപ തകർന്നിരിക്കുന്ന സഹകരണ സൊസൈറ്റിയിൽ നിക്ഷേപിക്കാനും ആജ്ഞാപിച്ചു. മഠത്തുംമൂഴി വലിയ പാലത്തിൽ നിന്നും 100 മീറ്റർ ഉള്ളിലായി രണ്ട് ശുചിമുറി സമുച്ചയങ്ങൾ നിലവിലുണ്ട്.ഇവിടെ വെയിറ്റിങ് ഷെഡ് ഉണ്ട്. ബസ് അവിടെ നിന്നും 50 മീറ്റർ മാറിയാണ് നിർത്തുന്നത്. എന്നിട്ടും സ്ഥലം കൈയേറി ഷെഡ് നിർമ്മിക്കണം എന്ന് ആവശ്യപ്പെടുന്നത് അഴിമതി കാട്ടാൻ വേണ്ടി മാത്രമാണ്. ചങ്ക് പൊട്ടി മരിക്കാൻ നേരം ബാബു എഴുതിയ ആത്മഹത്യ കുറിപ്പ് കള്ളമാണെന്ന് സിപിഎമ്മിന്റെ ന്യായീകരണം പൊതുജനങ്ങൾ തള്ളികളഞ്ഞിരിക്കുന്നു.
ബാബുവിന്റെ അസ്വാഭാവിക മരണത്തിൽ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം എന്നും അവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്രയും സമയം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. ബാബുവിന്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ മേഖലപ്രസിഡന്റ് കെ. സോമൻ, ജനറൽ സെക്രട്ടറി പി.ആർ ഷാജി,ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ്, ജനറൽ സെക്രട്ടറി ആയിരൂർ പ്രദീപ്, ഓ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി അനീഷ് നായർ,വാർഡ് മെമ്പർ അരുൺ അനുരുദ്ധൻ ,പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരം പിള്ളഎന്നിവരും ഒപ്പമുണ്ടായിരുന്നു
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്