പത്തനംതിട്ട: മൂന്നു ദിവസം തുടർച്ചയായി പെരുനാട്ടുകാരെ ഭീതിയിലാക്കിയത് കടുവയെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ പുറത്ത്. രണ്ടു പശുക്കളെ ആക്രമിച്ചു കൊന്ന സ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞു. വളരെ രഹസ്യമായി സൂക്ഷിച്ച ചിത്രം പുറത്തായതോടെ വനംവകുപ്പ് ബാക്ഫുട്ടിലായി. ഇത് അവിടെ നിന്നുള്ള ചിത്രമല്ലെന്നും പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും പറഞ്ഞ് തലയൂരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ, പശുവിന്റെ ജഡവും മറ്റ് പശ്ചാത്തലവും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തു വന്നതോടെ വനംവകുപ്പിന്റെ വാദം പൊളിഞ്ഞു.

ഇതിനിടെ പശുക്കളെ കൊന്നത് കടുവ തന്നെയാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ കൂടി അറിയിച്ചതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിയായി. പശുവിന്റെ കഴുത്തിന്റെ ഭാഗത്തെ എല്ല് കട്ടിയുള്ളതാണന്നും ഇതിന് പരുക്ക് ഏൽക്കണമെങ്കിൽ കടുവ പോലെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിലെ സംഭവിക്കുകയുള്ളുവെന്നും ഡോക്ടർ പറഞ്ഞിരുന്നു. വാളിന് വെട്ടിയാൽ പോലും പൊട്ടലുണ്ടാകാത്ത പശുക്കളുടെ ശ്വാസകോശത്തിനു മുകളിലെ എല്ലിന് പരിക്കുണ്ടായിരുന്നു. ഇതാണ് കടുവ തന്നയാണ് പശുക്കളെ ആക്രമിച്ചതെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണമായത്.

പക്ഷേ, പെരുനാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു. കഴിഞ്ഞ നാല് ദിവസങ്ങളിൽ അടുപ്പിച്ചുണ്ടായ കടുവയുടെ ആക്രമണത്തിൽ രണ്ട് ക്ഷീരകർഷകരുടെ പശുക്കളാണ് ചത്തത്. ഇതിൽ ഒരെണ്ണം പൂർണ ഗർഭിണിയും മറ്റൊന്ന് ദിവസവും 10 ലിറ്റർ അധികം പാൽ കറന്നു കൊണ്ടിരുന്നതുമാണ്. നിലവിൽ കടുവയുടെ ആക്രമണം ഉണ്ടായ ഭാഗങ്ങളിൽ അധിവസിക്കുന്ന സാധാരണക്കാരായ ആളുകൾ പശുക്കളെയും ആടുകളെയും വളർത്തി ജീവിക്കുന്നവരും റബർ ടാപ്പിങ് തൊഴിലാളികളുമാണ്. പ്രധാനമായും റബർ ടാപ്പിങ് തൊഴിലാളികൾ നേരം വെളുപ്പിനെ ടാപ്പിങ് ചെയ്യുന്നതിനായി ഇറങ്ങുന്നവരാണ് എന്നാൽ കടുവാ പേടിയിൽ രാവിലെ ജോലിക്ക് പോകുവാൻ ഇവർക്ക് കഴിയുന്നില്ല.

അന്നന്നേക്കുള്ള ജീവിതമാർഗം അന്വേഷിച്ചിറങ്ങുന്ന സാധാരണക്കാരായ ഉള്ള ആളുകൾ കടുവയുടെ ആക്രമണത്തിൽ വെട്ടിലായിരിക്കുകയാണ്. കൂടു വച്ച് പിടിച്ച് കടുവയെ മറ്റ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാതെ തങ്ങൾ പിന്നോട്ടില്ല എന്നാണ് നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നത്. വനം വകുപ്പ് കൂടു വയ്ക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥാപിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. നേരത്തെ വടശേരിക്കര ഭാഗത്തും കടുവയുടെ ആക്രമണം ഉണ്ടായെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ ഭാഗങ്ങളിൽ നിന്നും നിരവധി വളർത്തു നായ്ക്കളെ ഉൾപ്പെടെ കടിച്ചു കൊല്ലുകയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തിട്ടുള്ളതായി നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ ഈ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് ജനങ്ങളുടെ ആവലാതി അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.മേൽ ഉദ്യോഗസ്ഥരുമായി സംഭവത്തിന്റെ ഗൗരവം ചർച്ച ചെയ്തു കൂട് സ്ഥാപിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും കൂടാതെ മുപ്പതോളം വകുപ്പ് ഉദ്യോഗസ്ഥരെ സുരക്ഷക്ക് നിയമിച്ചതായും റാന്നി ഡി.എഫ്.ഓ ജയകുമാർ ശർമ പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)