തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഇത്തവണ പെരുവനം കുട്ടൻ മാരാർ ഉണ്ടാകില്ലെന്ന വാർത്ത പുറത്തുവന്നത് പൂരപ്രേമികളിൽ നിരാശ സമ്മാനിച്ചിട്ടുണ്ട്. പ്രാമാണ്യത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരുതവണകൂടി ബാക്കിനിൽക്കേയാണ് അദ്ദേഹത്തെ മാറ്റിയത്. പകരം വരുന്നത് തിരുവമ്പാടിയുടെ പ്രാമാണികനായിരുന്ന കിഴക്കൂട്ട് അനിയൻ മാരാരാണ്. ഇലഞ്ഞിത്തറ മേളത്തിന്റെ നടത്തിപ്പുകാരായ പാറമേക്കാവ് ദേവസ്വത്തിന്റെ അടിയന്തര ഭരണസമിതിയോഗമാണ് മേളലോകത്ത് ഏറെ ചർച്ചയാകുന്ന തീരുമാനമെടുത്തത്.

പെരുവനം കുട്ടൻ മാരാരെ മാറ്റുന്നതിലേക്ക് നയിച്ചത് പാറമ്മക്കാവ് ദേവസ്വം ഭാരവാഹികളുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ്. ദേവസ്വം പ്രസിഡന്റിന്റെ ഈഗോയാണ് ഇപ്പോഴത്തെ തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് ഒരു വശത്തു നടക്കുന്ന പ്രചരണം. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ സമയത്ത് പെരുവനം അദ്ദേഹത്തിന്റെ മകനെ കൂടി ഒപ്പം കൂട്ടിയിരുന്നു. മേളയുടെ മുൻനിരയിൽ മകനെ പെരുവനം നിർത്തി. ഇതിൽ അനിഷ്ടം ദേവസ്വം ബോർഡ് പ്രസിഡന്റ് രാജേഷ് ജി പൊതുവാൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നുണ്ടായ തർക്കത്തിന്റെ ബാക്കിപത്രമാണ് പെരുവനത്തിന്റെ സ്ഥാന നഷ്ടത്തിലേക്ക് എത്തിച്ചത്.

ദേവസ്വം പട്ടികയിൽ പെരുവനനത്തിന്റെ മകന്റെ പേരുണ്ടായിരുന്നില്ല. എന്നിട്ടും പെരുവനം മുൻനിരയിൽ നിർത്തിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ദേവസ്വം ഇടപെട്ട് ഇദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റിയത് പെരുവനത്തെയും ചൊടിപ്പിച്ചിരുന്നു. തുടർന്ന് പെരുവനം കുട്ടന്മാരാർ ചെണ്ട താഴെ വെക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി. എന്നാൽ ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്തിയുണ്ടായി.

തുടർന്നാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നത് ഈ വർഷത്തെ ഇലഞ്ഞിത്തറ മേളത്തിന് അനിയൻ മാരാർ പ്രമാണിസ്ഥാനം വഹിക്കുമെന്ന് ദേവസ്വം ബോർഡ് പിന്നീട് അറിയിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാരായിരുന്നു. മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് പെരുവനം. മകനെ കൊട്ടിച്ചത് ദേവസ്വമാണ്. മകനെ കൊട്ടിച്ചതിനാണ് മാറ്റമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ വർഷം മകനെ മേളമുൻ നിരയിൽ എത്തിച്ചത് ദേവസ്വമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം പറഞ്ഞു. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

പെരുവനം കുട്ടൻ മാരാർക്ക് പകരം എത്തുന്ന കിഴക്കൂട്ട് അനിയൻ മാരാർക്ക് 78 വയസാണ്. ഇദ്ദേഹത്തിന് മേളപ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോർഡ് വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. കഴിഞ്ഞ 40 വർഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാർ. 2005-ൽ പാറമേക്കാവിന്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാർ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂർവ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം.

തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ മെയിൽ പെരുവനത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിൽ മുന്നൂറോളം കലാകാരന്മാരാണ് പങ്കെടുത്തത്.

അനിയന്മാരാർ മാറുന്നതോടെ തിരുവമ്പാടിയുടെ ഭാഗത്തും നേതൃമാറ്റം ഉറപ്പായി. കലാലോകത്തെ വിസ്മയമായ സിംഫണിയായി വിലയിരുത്തപ്പെടുന്നതാണ് തൃശ്ശൂർ പൂരത്തിന്റെ തലയെടുപ്പായ ഇലഞ്ഞിത്തറമേളം. ഇത്തരം മേളങ്ങളിൽ കൊട്ടുകാരുടെ സ്ഥാനം അതിപ്രധാനവും അഭിമാനത്തെളിവുമാണ്. കാൽനൂറ്റാണ്ട് പൂർത്തിയാക്കുകയെന്നത് കുട്ടൻ മാരാരുടെ വലിയ അഭിലാഷമായിരുന്നു.