- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പിന്തുടർച്ചാവകാശ നിയമം നിരവധി അപാകതകളും സ്ത്രീ വിവേചനങ്ങളും നിറഞ്ഞത്; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ വിവേചനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ വാദം കൂടി ഉൾപ്പെടുത്തണം; നിയമമന്ത്രിക്ക് നിവേദനം നൽകി ഫോറം ഫോർ മുസ്ലിം വിമൻസ് ജെൻഡർ ജസ്റ്റിസ്
തിരുവനന്തപുരം: മുസ്ലിം വ്യക്തിനിയമത്തിലെ പിന്തുടർച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ പുരോഗമന നിലപാട് വെടിയുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നതതാണ്. ശരിഅത്തിനെ ശരിവെച്ചുകൊണ്ടുള്ള സത്യവാങ്മൂലമാണ് സർക്കാർ സുപ്രാംകോടതിയിൽ സമർപ്പിക്കുകയെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതിനിടെ സത്യവാങ്മൂലത്തിൽ മുസ്ലിം സ്ത്രീകളുടെ വാദം കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഫോറം ഫോർ മുസ്ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് നിവേദനം നിയമമന്ത്രി പി രാജീവിന് നൽകി.
മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചന വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഈ വിഷയത്തിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാർ ഏതാനും മുസ്ലിം മതപണ്ഡിതന്മാരുടെ യോഗം വിളിക്കുകയും വ്യക്തി നിയമത്തിൽ കോടതിക്കോ സർക്കാരിനോ ഇടപെടാൻ അധികാരമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായാണ് വിവരം. പിന്തുടർച്ചാവകാശ നിമയത്തിൽ വിവേചനം അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾക്ക് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയാറാകണം. അവരുടെ ആശങ്കകൾ പരിഗണിച്ച് സുപ്രീം കോടതി മുമ്പാകെ സ്ത്രീകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും സർക്കാർ തയാറാകണമെന്നും നിയമ മന്ത്രി പി. രാജീവനു സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നു.
മരണപ്പെട്ട ഒരാളുടെ മകന് കിട്ടുന്നതിന്റെ പകുതി സ്വത്തിനു മാത്രം മകൾക്ക് അവകാശം, ഒറ്റപ്പെ ൺകുട്ടി മാത്രമാണുള്ളതെങ്കിൽ ആകെ സ്വത്തിന്റെ പകുതി മാത്രം മകൾക്ക് ബാക്കി അയാളുടെ കുടുംബത്തിലെ പുരുഷന്മാർക്ക് , മക്കളില്ലാതെ മരിച്ചുപോയ ഭർത്താവിന്റെ സ്വത്തിന്റെ 1/4 ഭാഗം മാത്രം ഭാര്യയ്ക്ക്, അവിവാഹിതനായ മകൻ മരിച്ചാൽ പിതാവിന് 5/6ഭാഗവും മാതാവിന് 1/6 ഭാഗവും, മാതാപിതാക്കൾ ജീവിച്ചിരിക്കെ ഒരാൾ മരിച്ചാൽ അയാൾക്ക് അവകാശപ്പെട്ട സ്വത്ത് മക്കൾക്ക് നിഷേധിക്കൽ തുടങ്ങി നിരവധി അപാകതകളും സ്ത്രീ വിവേചനങ്ങളും നിറഞ്ഞതാണ് മുസ്ലിം പിന്തുടർച്ചാവകാശ നിയമം. ഇതിന്റെ മുഴുവൻ ഇരകൾ സ്ത്രീകളാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പല മുസ്ലിംരാജ്യങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഗോവയിൽ ഏകീകൃത സിവിൽ നിയമമാണ്. ലക്ഷദ്വീപിലെ പിന്തുടർച്ചാവകാശ നിയമവും വ്യത്യസ്തമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15,21,25 ഉറപ്പു തരുന്ന അവകാശങ്ങൾ മുസ്ലിം സ്ത്രീകൾക്കും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾക്കും എംഎൽഎമാർക്കും ഫോറം നിവേദനം നൽകി.
മുസ്ലിം സ്ത്രീകളിൽ ബോധവൽക്കരണം നടത്താനും ഒപ്പുശേഖരണം നടത്തി ദേശീയതലത്തിൽ പ്രധാനമന്ത്രി, നിയമ മന്ത്രി, വനിതാ കമ്മീഷൻ, നിയമ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, പേഴ്സണൽ ലോ ബോർഡ്, ദേശീയ രാഷ്ട്രീയ നേതൃത്വങ്ങൾ എന്നിർക്കെല്ലാം സംഘടന നിവേദനം നൽകും. വി. പി. സുഹറ, ഡോക്ടർ ഖദീജാ മുംതാസ് ,കെ അജിത , എം സുൽഫത്ത്, നെജു ഇസ്മയിൽ, പ്രൊഫ.കുസുമം ജോസഫ് സഫിയ എം . കെ ,മുംതാസ് ടി.എം. , നസീമ ,ബൽക്കീസ് ബാനു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
നേരത്തെ മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ശരീഅത്ത് നിയമത്തിൽ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടർച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങൾ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരയാണ് സ്‌പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്.
മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നിൽ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്നങ്ങൾ പരിഗണിച്ചുള്ള നിയമനിർമ്മാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ