- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പ് ഉദ്യോഗസ്ഥരെ എസ് എച്ച് ഒ നേരിട്ട് ബന്ധപ്പെടണം; ഇന്ധനം അടിക്കുമ്പോഴും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉണ്ടാകണം; ഫോട്ടോയും എടുത്ത് സൂക്ഷിക്കണം; തിരുവനന്തപുരത്തെ സിഐമാർക്ക് ഇനി പുതിയ ഉത്തരവാദിത്തം കൂടി; സർക്കാർ പിടിപ്പുകേടിന് ബുദ്ധിമുട്ടെല്ലാം പൊലീസിന്; ഇത് പെട്രോളില്ലാത്ത കേരളാ പൊലീസിന്റെ നാണംകെട്ട അവസ്ഥ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പൊലീസ് പെട്രോൾ പമ്പുകൾ പൂട്ടുകയും സ്റ്റേഷൻ വാഹനങ്ങൾക്കും മറ്റ് യൂണിറ്റിലെ വാഹനങ്ങൾക്കും ഇന്ധന വിതരണം നിർത്തുകയും ചെയ്തതോടെ താളം തെറ്റി പൊലീസിന്റെ പ്രവർത്തനം.
സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാനാണ് നിലവിൽ ഡിജിപിയുടെ നിർദ്ദേശം. ഓരോ സ്റ്റേഷനിലും മൂന്നും നാലും ജീപ്പുകളുണ്ട്. സ്വന്തം കൈയിൽ നിന്നും എസ്എച്ച്ഒമാരും എസ്‌ഐമാരും പണമിട്ട് പെട്രോളടിച്ചാണ് നിലവിൽ വാഹനം ഓടിക്കുന്നത്. എന്നാൽ ബില്ലുകൾ മാറുന്നത് അടക്കം വലിയ നടപടിക്രമങ്ങളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്.
സ്വകാര്യ പമ്പിൽ നിന്നും പെട്രോൾ അടിക്കുന്നതിന് പമ്പ് ഉദ്യോഗസ്ഥരെ എസ് എച്ച് ഒമാർ നേരിട്ട് ബന്ധപ്പെടണം. ഇന്ധനം അടിക്കുമ്പോഴും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഒപ്പം ഉണ്ടാകണം. ഇന്ധനം അടിക്കുന്നതിന്റഎ ഫോട്ടോയും എടുത്ത് സൂക്ഷിക്കണം; തിരുവനന്തപുരത്തെ സിഐമാർക്ക് നിലവിലെ ചുമതലകൾക്ക് പുറമെ പുതിയ ഉത്തരവാദിത്തം കൂടി നൽകിയിരിക്കുകയാണ് ഉന്നത അധികാരികൾ.
മന്ത്രിമാർക്ക് പൈലറ്റ് പോകേണ്ട വാഹനത്തിന് കയ്യിൽ നിന്നും പണം കൊടുത്ത് വരെ ഇന്ധനമടിക്കുകയാണ് പൊലീസുകാർ. ചില പമ്പുടമകൾ ആദ്യം കടം കൊടുത്തിരുന്നു. എന്നാൽ അവരും ആ സേവനം നിർത്തി. ടാക്‌സി വിളിച്ചാണ് പല സ്റ്റേഷനുകളുടേയും പ്രവർത്തനം. തൽക്കാലിക ആശ്വാസത്തിന് 1000 രൂപ വെച്ച് ഓരോ പൊലിസ് വാഹനങ്ങൾക്ക് നൽകിയെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. എസ്എപിയിലെ പൊലിസ് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകുന്നത് ഐപിഎസുകാരുടെ വാഹനങ്ങൾക്ക് മാത്രമാണ്.
സ്റ്റേഷൻ വാഹനങ്ങൾക്കും മറ്റ് യൂണിറ്റിലെ വാഹനങ്ങൾക്കും ഇന്ധന വിതരണം നിർത്തിയിട്ട് ഒരാഴ്ചയിലേറെയായി. വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത വന്നതോടെ താളം തെററിയിരിക്കുകയാണ് പൊലീസ് പ്രവർത്തനം. ചില സ്റ്റേഷനുകൾക്ക് അറസ്റ്റ് ചെയ്ത പ്രതിയെ ജയിലാക്കാൻ വരെ ടാക്‌സി വിളിക്കേണ്ടി വന്നു.
എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പിൽ നിന്നാണ് തലസ്ഥാനത്തെ മുഴുവൻ പൊലീസ് വാഹനങ്ങൾക്കും ഇന്ധനമടിച്ചിരുന്നത്. ഒന്നരക്കോടി കുടിശ്ശിക വന്നതോടെ ഇന്ധന കമ്പനി ഈ പമ്പിലേക്കുള്ള വിതരണം നിർത്തി. ബൾക്ക് പർച്ചേസായതിനാൽ ഉയർന്ന നിരക്കിലാണ് കമ്പനിയിൽ നിന്നും ഇന്ധനം വാങ്ങുന്നത്. അതിന് ധനവകുപ്പ് ഉടക്കിട്ടതും പ്രശ്‌നമായി.
പെട്രോൾ അടിക്കാൻ കാശില്ലാത്തതിനാൽ പൊലീസ് വാഹനങ്ങൾ ഇറക്കാനാകാത്തത് അന്വേഷണത്തെ വരെ ബാധിച്ചിട്ടുണ്ട്. ഹൈവേ പൊലീസും പിങ്ക് പൊലീസും പേരിന് മാത്രമാക്കി റോന്തു ചുറ്റൽ. കനത്ത സുരക്ഷ വേണ്ട തലസ്ഥാനത്തെ പൊലിസിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വകുപ്പുകൾക്ക് അനക്കമില്ല.
ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയിരുന്നു. ഇതോടെയാണ് പമ്പ് അടയ്‌ക്കേണ്ട സാഹചര്യമുണ്ടായത്. പ്രതിസന്ധി മറികടക്കാൻ പൊലീസ് വാഹനങ്ങൾ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ഡി.ജി.പി സർക്കുലർ ഇറക്കി.
എസ്.എ.പി ക്യാമ്പിൽ നിന്ന് ഇന്ധനം നിറച്ചിരുന്ന പൊലീസ് വാഹനങ്ങൾ ഔദ്യോഗിക ഡ്യൂട്ടികൾക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്താനാണ് സർക്കുലറിൽ നിർദ്ദേശിക്കുന്നത്. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പ്രവർത്തിക്കുന്ന പൊലീസ് പെട്രോൾ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനുള്ള തുക അനുവദിക്കാനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് സർക്കാർ തീരുമാനം വൈകുന്നത്.
ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് യൂണിറ്റുകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഡ്യൂട്ടിക്കായി വരുന്ന പൊലീസ് വാഹനങ്ങൾ ഡ്യൂട്ടി നിർവഹണത്തിന് ആവശ്യമായ ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കൂടി കരുതണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.
എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പിൽ നിന്നാണ് തലസ്ഥാനത്തെ മുഴുവൻ പൊലീസ് വാഹനങ്ങൾക്കും ഇന്ധനമടിച്ചിരുന്നത്. ഒന്നരക്കോടി കുടിശ്ശിക വന്നതോടെയാണ് ഇന്ധന കമ്പനി ഈ പമ്പിലേക്കുള്ള വിതരണം നിർത്തിയത്.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)
മറുനാടന് മലയാളി ബ്യൂറോ