കണ്ണൂർ: കർണാടകയിൽ നിന്നും മാഹിയിൽനിന്നും പെട്രോൾ കടത്തി ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെ ഈ മാസം 30ന് പെട്രോൾ പമ്പുകൾ അടച്ച് പണിമുടക്കുമെന്നു കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. 24 മണിക്കൂറാണു സമരം. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വിൽപന നികുതി നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്തു തുടരുന്നത്. മാഹിയിൽ പെട്രോളിന് ലീറ്ററിനു 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും വിലക്കുറവുണ്ട്.

അവിടെനിന്ന് ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയിൽ ഇന്ധനം എത്തിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇന്ധനക്കടത്ത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും ആരോപിച്ചു. 2017നു ശേഷം ഡീലർ കമ്മിഷനിൽ വർധന ലഭിക്കാത്തതും മുതൽമുടക്കു വർധിച്ചതും കാരണം നഷ്ടങ്ങൾ സഹിച്ചാണ് കണ്ണൂർ ജില്ലയിൽ പമ്പുകൾ പ്രവർത്തിക്കുന്നതെന്നും പെട്രോൾ പമ്പുടമകൾ ചൂണ്ടിക്കാട്ടി.

കേരളത്തെക്കാൾ ഇന്ധന വില 15 രൂപയോളം കുറവായ മാഹിയിൽ നിന്നുമുള്ള ഇന്ധന കടത്ത് തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന് പമ്പുടമകൾ ചൂണ്ടിക്കാട്ടി. ടാങ്കറുകളിൽ വൻ തോതിലാണ് പെട്രോൾ, ഡീസൽ കടത്ത് നടക്കുന്നത്. ചെറു വാഹനങ്ങളിൽ കടത്തികൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിൽക്കുന്നത് വ്യാപകമാണ്. ഇതുകാരണം തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ പെട്രോൾ പമ്പുകൾ അടച്ചിടേണ്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാർ അധിക സെസായി രണ്ടു രൂപ വർധിപ്പിച്ചതിനു ശേഷമാണ് ഈ പ്രവണത വ്യാപാമായിരിക്കുന്നത്. ഇന്ധന കടത്തിനെതിരെ പല തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്നും പൊലീസ്, സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും പമ്പുടമകൾ അറിയിച്ചു.

എന്നാൽ മാഹിയിൽ നിന്നുള്ള ഇന്ധന കടത്തിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. അജിത്ത് കുമാറിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് സേന സ്‌ക്വാഡുകളായാണ് രാപ്പകൽ റെയ്ഡു നടത്തി വരുന്നത്. ഇതിനിടെ വൻ തോതിൽ കേരളത്തിലേക്ക് ഇന്ധനം കടത്തിയ രണ്ടു ടാങ്കർ ലോറികൾ പിടികൂടിയിട്ടുണ്ട്. ചെറുതും വലുതുമായ മറ്റു വാഹനങ്ങൾ പിടിയിലാവുകയും ചിലയാളുകളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

തലശേരിയിലെ അതിർത്തി പ്രദേശമായ കോടിയേരി വഴിയാണ് ഇന്ധന കടത്ത് കൂടുതൽ നടത്തുന്നത്. മുഴിക്കര , പന്തക്കൽ ,കോപ്പാലം എന്നിവടങ്ങളിലെ പമ്പുകളിൽ നിന്നാണ് വൻ തോതിൽ ഇന്ധനം ശേഖരിക്കുന്നത്. പിടികൂടുന്ന വാഹന ഉടമകൾക്ക് വൻ തുക പിഴയിടാക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി ഇന്ധന വില യിലെ വ്യത്യാസം കാരണം മാഹിയിലെ പെട്രോൾ പമ്പുകളിൽ നിന്നും അയൽപ്രദേശങ്ങളായ കണ്ണൂർ, കോഴിക്കോട്, ജില്ലകളിലേക്ക് ഇന്ധന കടത്ത് വ്യാപകമാണ് നിയമ ലംഘകരെ പിടികൂടുന്നതിനായി ജി.എസ് ടി ഇന്റലിജൻസ് സ്‌ക്വാഡും റെയ്ഡ് നടത്തുന്നുണ്ട്.