- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർക്കിങ്, നോ പാർക്കിങ് ബോർഡില്ല: എവിടെ പാർക്ക് ചെയ്താലും ട്രാഫിക് എസ്ഐ പെറ്റി കൊടുക്കും; വിവരാവകാശ നിയമപ്രകാരം നോ പാർക്കിങ് സ്ഥലങ്ങൾ എവിടെയെന്ന് ചോദിച്ചപ്പോൾ നൽകിയത് തെറ്റായ മറുപടി; അപ്പീൽ അപേക്ഷ ചെന്നപ്പോൾ അറിയാതെ പറ്റിപ്പോയതെന്നും ശിക്ഷണ നടപടി ഒഴിവാക്കണമെന്നും എസ്ഐയുടെ കുറ്റസമ്മതം; കട്ടപ്പന ടൗണിലെ പെറ്റിയടി അനധികൃതം തന്നെ
കട്ടപ്പന: പാർക്കിങിന്റെ പേരിൽ ട്രാഫിക്ക് പൊലീസ് സബ് ഇൻസ്പെക്ടറുടെ പീഡനം. എവിടെ പാർക്ക് ചെയ്താലും എസ്ഐ പെറ്റിയടിക്കും. എവിടെയൊക്കെയാണ് പാർക്കിങ്, നോ പാർക്കിങ് എന്നറിയാതെയുള്ള പെറ്റിയടി കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാരിൽ ചിലർ വിവരാവകാശം കൊടുത്തു. അതിന് എസ്ഐ നൽകിയ മറുപടി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. അപ്പീൽ അധികാരിക്ക് പരാതി നൽകിയപ്പോൾ തനിക്ക് തെറ്റുപറ്റിയെന്ന് എസ്ഐയുടെ കുറ്റസമ്മതം.കട്ടപ്പന ട്രാഫിക് പൊലീസ് യൂണിറ്റിലെ എസ്ഐ എസ്. സുലൈഖയാണ് പുലിവാൽ പിടിച്ചിരിക്കുന്നത്.
ടൗണിലെ റോഡിന്റെ വശങ്ങളിൽ പാർക്കുചെയ്തിട്ടുള്ള വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃത പാർക്കിങ് എന്ന പേരിൽ പിഴയടപ്പിക്കുകയാണെന്നാണ് വ്യാപക പരാതി. എവിടെയാണ് പാർക്കിങ് ഏരിയ എന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള പെറ്റിയടി നാട്ടുകാരെ തെല്ലൊന്നുമല്ല വലച്ചത്. നിരന്തര ശല്യം മൂലംപൊറുതിമുട്ടിയ നാട്ടുകാരിൽ ചിലരാണ് ടൗണിൽ എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നുവെന്ന് ചോദിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്.
നഗരസഭയിൽ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി ചേർന്ന് നോ പാർക്കിങ് പോയിന്റുകൾ നിജപ്പ ടുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടെയൊക്കയാണ്. അങ്ങനെ നിജപ്പെടുത്തിയ വിവരം പൊതുജനങ്ങളുടെ അറിവിലേക്ക് മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുണ്ടോ, ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തിയിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ആരാഞ്ഞത്. അതിനുള്ള മറുപടിയിൽ ഇവയെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിന്റെ രേഖകൾ നഗരസഭ അധികൃതരുടെ കൈവശമാണെന്നുമായിരുന്നു ട്രാഫിക് പൊലീസ് നൽകിയ മറുപടി.
ട്രാഫിക് പൊലീസ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ നരസഭയിൽ നൽകിയ അപേക്ഷക്കു ലഭിച്ച മറുപടിയിൽ നഗരസഭയോ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി അങ്ങനെയൊരുതീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയിച്ചത്. ട്രാഫിക്ക് പൊലീസ് എസ്.എച്ച്.ഒ തെറ്റായ വിവരം നൽകിയെന്ന് ആരോപിച്ച് പരാതിക്കാർ അപ്പലേറ്റ് അധികാരിയായ കട്ടപ്പന ഡിവൈഎസ്‌പിക്ക് അപ്പീൽ നൽകി.
അപ്പിലിനെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട ഡിവൈഎസ്‌പിക്കുള്ള മറുപടിയിൽ സബ് ഇൻസ്പെക്ടർ സുലൈഖ തന്റെ മുൻഗാമിയായിരുന്ന എസ്.എച്ച് ഒ സുമതിയും മുൻ മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ മറുപടി നൽകിയതെന്നാണ് പറഞ്ഞത്. ട്രാഫിക് എൻഫോഴ്സ്മെന്റ യൂണിറ്റിന്റെ അപ്പീൽ അധികാരി ജില്ലാ പൊലീസ് മേധാവിയാണെന്നും എസ്ഐ മറുപടി നൽകിയിരുന്നു. അത് മനഃപൂർവമായ വീഴ്ചയല്ലെന്നും മാപ്പാക്കി ശിക്ഷണ നടപടിയിൽ നിന്നൊഴിവാക്കണമെന്നും എസ്ഐയുടെ കുറ്റസമ്മത റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് അനധികൃത പാർക്കിങിന്റെ പേരിൽ പിഴയടപ്പിക്കണമെങ്കിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ചേർന്ന് നോ പാർക്കിങ് പോയിന്റുകൾ നിശ്ചയിച്ച് അത് നടപ്പിലാക്കുന്നതിന് ഒരുമാസം മുമ്പ് പത്ര പരസ്യം മുഖേന നോപാർക്കിങ് സ്ഥലങ്ങൾ ഏതൊക്കെയെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണം. പൊതുജനങ്ങളിൽ ആർക്കും അക്കാര്യത്തിൽ എതിർപ്പില്ലെങ്കിൽ തുടർന്ന് ഗസറ്റിൽ പരസ്യം ചെയ്യണമെന്നും ആണ് നിയമം അനുശാസിക്കുന്നത്.
എന്നാൽ ഇതൊന്നും ചെയ്യാതെ ആരെങ്കിലും പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിൽ വഴിയിൽ പാർക്കു ചെയ്തതായി കാണുന്ന മുഴുവൻ വാഹനങ്ങളുടെയും പടമെടുത്ത് പിഴയടപ്പിക്കുന്നതായിട്ടാണ് ആരോപണം ഉയർന്നിട്ടുള്ളത്. അതേസമയം പൊലീസ് സ്റ്റേഷൻ ജങ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള ഭാഗത്ത് ഫുട് പാത്ത് കൈയേറി കാൽനടക്കാർക്ക് അസൗകര്യം സൃഷ്ടിച്ച് നിരന്തരം പാർക്ക ചെയ്തിരിക്കുന്ന നിരവധി വാഹനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പര തിക്കാർ പറയുന്നു.
ആ ഭാഗത്തുള്ള ചില തൽപ്പര കക്ഷികളുടെ വ്യാപാര താൽപര്യമാണ് അതിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ടൗണിലെ ട്രാഫിക്ക് ബ്ലോക്കുകളിൽ പെട്ടു പോകുന്ന വാഹനങ്ങളുടെ ഫോട്ടെയെടുത്ത് പിഴയടപ്പിക്കുന്നതായും പരാതിയുണ്ട്. പൊലീസിന് നിശ്ചയമില്ലാത്ത കാര്യങ്ങളിൽ ആരോ പറഞ്ഞു എന്ന പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി നിർത്തലാക്കണമെന്നും നിയമ വിരുദ്ധമായി പൊതുജനങ്ങളെ ശല്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥക്കതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കംപ്ലെയിന്റ് അഥോരിറ്റിക്ക് പരാതി നൽകിയിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്