- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിൽ കൈയും കെട്ടി നോക്കിയിരുന്നപ്പോൾ ഹൈക്കോടതി വടിയെടുത്തു; കോടതി കണ്ണുരുട്ടിയതോടെ നടപടികൾ വേഗത്തിലാക്കി സർക്കാർ; പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്; നാളെ 5 മണിക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ കലക്ടർമാർക്ക് നിർദ്ദേശം
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് കേസുകളിൽ ഇതുവരെ നടപടി സ്വീകരിക്കാതെ മൗനം പാലിച്ചിരുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ നടപടികളുമായി രംഗത്തുവന്നു. ഹൈക്കോടതിയിൽ നിന്നും അന്ത്യശാസനം നേരിട്ടതോടെയാണ് സർക്കാർ അടിയന്തര നടപടികളിലേക്ക് നടന്നത്. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടത്താനാണ് ഉത്തരവിറങ്ങിയത്.
ലാൻഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽ നിന്ന് പേരുവിവരങ്ങൾ ലഭിച്ചാലുടൻ ജപ്തി നടത്തുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ജപ്തി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർമാരോട് ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാനാണ് തീരുമാനം.
ജപ്തി നടപടികൾ പൂർത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുൻപായി നൽകേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തിൽ നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23-ാം തിയതിക്കകം നൽകണമെന്നാണ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. ജപ്തിക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു. നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ട് 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ അഞ്ച് കോടിയിലേറെ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടം ഈടാക്കാൻ സർക്കാർ നടപടി തുടങ്ങിയതിന്റെ ഭാഗമാി പോപ്പുലർ ഫ്രണ്ടിന്റെ 3785 പ്രവർത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുകയും ചെയ്തു. അക്രമക്കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.
സ്വത്ത് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാർക്കു കൈമാറാൻ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. ജില്ലാ രജിസ്റ്റ്രാർ ഇതു രജിസ്‌ട്രേഷൻ ഐജിക്കു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും.
പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ