- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്തി ചെയ്തത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്തുക്കൾ; മലപ്പുറത്തെ ടി പി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാൻ ഹൈക്കോടതി നിർദ്ദേശം; വേഗത്തിൽ നടപടികൾ സ്വീകരിച്ചപ്പോൾ ഉണ്ടായ പിഴവെന്ന് കോടതിയിൽ സമ്മതിച്ച് സർക്കാറും; തുടർ നടപടികൾ ക്ലെയിംസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം
കൊച്ചി: പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. പിഎഫ്‌ഐക്കാർ അല്ലാത്തവർക്കെതിരെ ജപ്തി നടപടികൾ സ്വീകരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം നൽകിയത്. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളിൽ മെല്ലപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. ഇന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്ന് സർക്കാരും സമ്മതിച്ചു.
ജനുവരി 18ന് അടിയന്തര നടപടിക്ക് ഹൈക്കോടതി നിർദ്ദേശിച്ചതിനാൽ വേഗത്തിൽ ഇത് പൂർത്തിയാക്കി. റജിസ്‌ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ നടപടികൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടർന്ന് നടപടികൾ നിർത്തി വെക്കാൻ ലാൻഡ് റവന്യു കമ്മീഷണർക്കും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയെന്നും സർക്കാർ അറിയിച്ചു.
എന്നാൽ തെറ്റായ നടപടികൾ പിൻവലിക്കണമെന്ന് കേസിൽ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയിൽ നിന്ന് നീക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെറ്റായി പട്ടികയിൽ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താൽക്കാലിക സൗകര്യങ്ങളിൽ ക്ലെയിം കമ്മീഷണർ അതൃപ്തി അറിയിച്ചു.
ഇതോടെ ഹർത്താൽ അക്രമങ്ങളിലേ നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരു മാസത്തിനകം ഒരുക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ജില്ലാ കളക്ർ കോടതിയെ അറിയിച്ചു. കേസ് ഈമാസം 20 ന് വീണ്ടും പരിഗണിക്കും. ക്ലെയിം കമ്മീഷറുടെ റിപ്പോർട്ട് അടക്കം പരിഗണിച്ചു കൊണ്ടാകും കേസിൽ തുടർ നടപടികൾ ഉണ്ടാകുക എന്നാണ് സൂചനകൾ.
ആദ്യം 248 പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ഇതിൽ മുസ് ലിം ലീഗ് നേതാക്കളും പ്രവാസികളുടെയും പാലക്കാട് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് നേതാവിന്റെയും സ്വത്തുക്കൾ ഉൾപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ജപ്തി നടപടികളിലെ ഗുരുതര പിഴവിനെതിരെ കോൺഗ്രസ്, മുസ് ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പരസ്യ വിമർശനം ഉയർത്തിയിരുന്നു.
പോപുലർ ഫ്രണ്ടിന്റെ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെയും പ്രധാന ഭാരവാഹികളുടെയും സ്വത്തുക്കൾക്ക് കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈക്കോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും നൽകാതെ ജപ്തിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ആ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണർ ജപ്തി ഉത്തരവിറക്കിയത്.
മറുനാടന്‍ മലയാളി ബ്യൂറോ