- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കും; ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും; വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക; കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ; ജപ്തി നടപടികൾ വിശദീകരിച്ചു റവന്യൂ മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഹർതതാൽ കേസിൽ പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നാളെത്തന്നെ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നത്. ഹർത്താൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും അടക്കം 208 കേന്ദ്രങ്ങളിൽ റവന്യൂ വകുപ്പ് കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു.
പോപ്പുലർഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും. ജപ്തി നോട്ടീസ് നൽകിയിട്ടുള്ളവർക്ക് വീട് ഒഴിയാൻ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിലെ 36 -) വകുപ്പ് പ്രകാരം നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ എന്നാണ് വിവരം. ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും പകർപ്പ് കുടിശ്ശികക്കാരന് കൈമാറുകയും ചെയ്യും. ചില ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് ഇനി നടപടികൾ ശേഷിക്കുന്നത്.ഏത് കേസിലും കോടതി നിർദേശത്തോടെയേ റവന്യൂ റിക്കവറി നടപ്പാക്കാനാകൂ എന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.
ഏതാനും ജില്ലകളിൽ ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ വില നിർണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സ്ഥലത്തിന്റെ വില റവന്യൂ വകുപ്പും ആകും കണക്കാക്കുക.നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.
പിഎഫ്ഐയുടെ മുതിർന്ന നേതാക്കളുടെയെല്ലാം സ്വത്തുക്കൾ കണ്ടു കെട്ടിയവയിൽ പെടും. പോപ്പുലർ ഫ്രണ്ട് മുൻ അഖിലേന്ത്യാ ചെയർമാൻ ഒ.എം.എ.സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുൻ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം നേതൃത്വം നൽകുന്ന നാഷനൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി.
മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ പാലക്കാട് പട്ടാമ്പി മരുതൂരിലെ 10 സെന്റ് ഭൂമി ജപ്തി ചെയ്തു. മറ്റൊരു മുൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ കൊല്ലം കുലശേഖരപുരത്തുള്ള 18 സെന്റ് സ്ഥലവും വീടുമാണ് കണ്ടുകെട്ടുന്നത്. അബ്ദുൽ സത്താറിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും ഇവിടെനിന്നു താമസം മാറി. തൃശൂർ പഴയന്നൂരിൽ ബാങ്കും കെഎസ്എഫ്ഇയും പ്രവർത്തിക്കുന്ന 3 നില കെട്ടിടം ജപ്തി ചെയ്തു. കണ്ണൂരിൽ ഒരാളുടെ കാറാണ് കണ്ടുകെട്ടിയത്.
മലപ്പുറം ജില്ലയിൽ നടപടികൾ പൂർത്തിയായിട്ടില്ല. 126 സ്വത്തുവകകളിൽ 89 എണ്ണം കണ്ടുകെട്ടി. വയനാട്ടിൽ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ്വത്തായതിനാൽ കണ്ടുകെട്ടാനായില്ലെന്നും 2 പേർക്കു സ്വന്തം പേരിൽ സ്വത്തൊന്നുമില്ലെന്നുമാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ നടപടികൾ വെള്ളിയാഴ്ച തന്നെ പൂർത്തിയായിരുന്നു. അഞ്ചു കേസുകളിലായി സ്ഥലങ്ങളാണ് പ്രധാനമായും ജപ്തി ചെയ്തത്.
കരുനാഗപ്പള്ളിയിൽ പി.എഫ്.ഐ. നേതാവ് അബ്ദുൾ സത്താറിന്റെ 18 സെന്റ് സ്ഥലവും വീടുമാണു തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ, പൊലീസ് കാവലോടെ കണ്ടുകെട്ടിയത്. ജപ്തിസമയത്ത് സത്താറിന്റെ ബന്ധുക്കൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യും. പി.എഫ്.ഐയെ കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ, അബ്ദുൾ സത്താറിനെ കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂവാറിൽ പി.എഫ്.ഐ. പ്രവർത്തകൻ എലിത്തോപ്പ് കോയവീട്ടിൽ ഫസലുദീന്റെ മൂന്ന് സെന്റ് ഭൂമി ജപ്തിചെയ്തു. ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി. ബസ് തകർത്ത കേസിൽ ഫസലുദ്ദീൻ അറസ്റ്റിലായിരുന്നു. കണ്ണൂർ ജില്ലയിൽ എട്ടുപേരുടെ സ്വത്തുക്കളാണു കണ്ടുകെട്ടാനുള്ളത്. കണ്ണൂർ താലൂക്കിൽ രണ്ടിടത്തു ജപ്തി പൂർത്തിയായി. മാവിലായിലെ നൗഷാദിന്റെ അഞ്ച് സെന്റ്, കടമ്പൂർ സ്വദേശി കെ.വി. നൗഷാദിന്റെ രണ്ടര സെന്റ് വീതം കണ്ടുകെട്ടി.
്എറണാകുളം ജില്ലയിൽ ആലുവയിൽ പി.എഫ്.ഐ. പരിശീലനകേന്ദ്രമായിരുന്ന പെരിയാർവാലി കാമ്പസ് സ്ഥിതി ചെയ്യുന്ന 68 സെന്റ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണിക്കര കരിമ്പായിൽ അബ്ദുൾ ലത്തീഫിന്റെ മൂന്ന് സെന്റ്്, ഉളിയന്നൂർ കണ്ണംകുളത്ത് പി.എ. മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കൽ മൻസൂറിന്റെ മൂന്ന് സെന്റ്് വസ്തുക്കൾ ജപ്തിചെയ്തു. പെരിയാർ വാലി കാമ്പസ് എൻ.ഐ.എ. സെപ്റ്റംബർ 29-നു നടത്തിയ റെയ്ഡിൽ പൂട്ടി മുദ്രവച്ചിരുന്നു. പി.എഫ്.ഐയുടെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണിത്. പിന്നീട് പെരിയാർവാലി കാമ്പസ് എന്ന പേരിൽ ചാരിറ്റി സംഘടനയായി.
തൃശൂരിൽ കുന്നംകുളത്ത് പി.എഫ്.ഐ. നേതാക്കളായ പഴുന്നാന സ്വദേശി അസീസ്, കേച്ചേരി ചിറനെല്ലൂർ പട്ടിക്കര സ്വദേശി മുസ്തഫ, പെരുമ്പിലാവിൽ താമസിക്കുന്ന ചിറനെല്ലൂർ സ്വദേശി ഉസ്മാൻ, പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ, വടുതല ഉള്ളിശ്ശേരി സ്വദേശി റഫീഖ് തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പത്തനംതിട്ടയിൽ ആനപ്പാറ സ്വദേശികളായ സാദിഖ്, നിസാർ, കോന്നി കുമ്മണ്ണൂർ സ്വദേശി സബീർ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടി.
ഇടുക്കിയിൽ തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലെ ആറിടങ്ങളിലായിരുന്നു ജപ്തി. പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂർ വില്ലേജിൽ ചെലവ് നൈനുകുന്നേൽ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
ഹർത്താൽ അക്രമത്തിൽ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ തുക കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് ലാൻഡ് റവന്യൂ കമീഷണർ പി.എഫ്.ഐ ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്യാനുള്ള നടപടി നിർദേശിച്ച് ഉത്തരവിറക്കി. പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നായിരുന്നു മിന്നൽ ഹർത്താൽ. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തിയതും കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ചു നശിപ്പിച്ചത് ഉൾപ്പെടെ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ