ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് നിരോധനം നീക്കാമെന്ന മോഹം ഇനി നടക്കില്ല. കേന്ദ്രസർക്കാറിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രിബ്യൂണലും ശരിവെച്ചു. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനവും ട്രിബ്യൂണൽ ശരിവെച്ചു. 5 വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.

2022 സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 5 വർഷത്തേക്കു നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയാണ് നിരോധിച്ചത്.

രാജ്യത്തെ മതസൗഹാർദം തകർക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്ന കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക കുറ്റപത്രവും കഴിഞ്ഞയാഴ്‌ച്ച സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ആയുധ നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

2047ൽ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ചു മതാധിഷ്ഠിത രാഷ്ട്രം നിർമ്മിക്കണമെന്ന വിപുലമായ ഗൂഢാലോചനയുടെ ഭാഗമായ പ്രതികൾ അതിനായി യുവാക്കളെ തിരഞ്ഞെടുത്ത് ആയുധപരിശീലനം നടത്തി, പദ്ധതി നടപ്പിലാക്കാനുള്ള പണപ്പിരിവു നടത്തി, ഇതരവിഭാഗങ്ങളിലെ ഉന്നതരായ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ ഇതോടെ 4 കുറ്റപത്രങ്ങളാണു സമർപ്പിച്ചത്.

സംഘടനയുടെ കേരളത്തിലെ മുൻനിര നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീൻ, എ.പി.സാദിഖ്, സി.ടി.സുലൈമാൻ, പി,കെ.ഉസ്മാൻ എന്നിവർ എറണാകുളം പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലും പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലും പ്രതികളാണ്.

ഇതേകേസിൽ തമിഴ്‌നാട് സ്വദേശികളായ 10 പ്രതികൾക്കെതിരെ ഇതേ കുറ്റങ്ങൾ ചുമത്തി തമിഴ്‌നാട്ടിലെ എൻഐഎ പ്രത്യേക കോടതിയിലും ഇന്നലെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്), അൽഖായിദ എന്നിവരെ പിന്തുണയ്ക്കുന്ന നടപടികളും പിഎഫ്‌ഐ സ്വീകരിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ശ്രീനിവാസൻ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചനാ കേസിൽ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ 100 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി 'ഭീകരവാദ സമ്പത്തിന്റെ' ഉറവിടങ്ങളും തെളിവുകളും കണ്ടെത്തി 17 സ്വത്ത് വകകൾ കണ്ടുകെട്ടിയതായും 18 ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചതായും കുറ്റപത്രം ആരോപിക്കുന്നു.