- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ ബന്ധത്തിന് ശക്തമായ തെളിവുകൾ കണ്ടെത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ; യുഎപിഎ പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ; നിയമപരമായ മുന്നൊരുക്കങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംബന്ധിച്ച ശക്തമായ തെളിവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികൾ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ശക്തമായ തെളിവുകൾ സംഘടനയ്ക്ക് എതിരെ കണ്ടെത്തിയതോടെയാണ് നിരോധിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലർ ഫ്രണ്ടിനേയും ഉൾപ്പെടുത്തുക.
ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എൻഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളിൽ, തീവ്രവാദ പ്രവർത്തനങ്ങളിൽ പിഎഫ്ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നത്.
റെയ്ഡിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും എൻഐഎ മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പിഎഫ്ഐക്കെതിരെ ശേഖരിച്ച വസ്തുതകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജൻസികളും പിഎഫ്ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാർശ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങൾ തേടിയിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധപ്പെട്ടവർ കോടതിയിൽ നിരോധനത്തെ വെല്ലുവിളിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങളിൽ നിയമപരമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിവരികയാണ് ആഭ്യന്തര മന്ത്രാലയം. 2008ൽ കേന്ദ്രസർക്കാരിന് സിമിയുടെ നിരോധനം പിൻവലിക്കേണ്ടി വന്ന സാഹചര്യങ്ങൾ മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സിമിയെ വീണ്ടും നിരോധിക്കുകയുണ്ടായി.
പിഎഫ്ഐയുമായി ബന്ധപ്പെട്ടുള്ള ഒന്നും വിട്ടുകളയരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശമുള്ളതിനാൽ കുറച്ച് വർഷങ്ങളായി ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ വിവിധ കേന്ദ്ര ഏജൻസികൾ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം. സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എൻഐഎയുടെ അന്വേഷണം, അവരുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിൽ ഇഡി ഇപ്പോൾ പൂർണമായും വിജയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
അന്വേഷണത്തിൽ പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടുകളിൽ 60 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതായി ഇഡിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഹവാല വഴി പിഎഫ്ഐയിലേക്ക് പണം വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പണം അയച്ചുവെന്നും ഇ.ഡി.പറയുന്നു.
പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ പണം വന്നത് ഹവാല ഇടപാടുകളിലൂടെയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. സംഘടനയുടെ ആയിരക്കണക്കിന് പ്രവർത്തകർ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും ഇവർ വഴിയാണ് ഇന്ത്യയിലേക്ക് ഹവാല ഇടപാടുകളിലൂടെ പണം അയച്ചതെന്നുമാണ് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്ന് ലഭിച്ച സംഭാവനകളാണെന്നായിരുന്നു നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ വാദം. എന്നാൽ ഈ അവകാശവാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അബുദാബിയിലെ ഒരു റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികൾ ഹവാല ഇടപാടുകൾ നടത്തിയിരുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബി.പി. അബ്ദുൾ റസാഖായിരുന്നു അബുദാബിയിലെ റെസ്റ്റോറന്റ് വഴിയുള്ള കള്ളപ്പണ ഇടപാടുകളിൽ പങ്കുവഹിച്ചിരുന്നത്. ഇയാളുടെ സഹോദരനായിരുന്നു റെസ്റ്റോറന്റ് നോക്കിനടത്തിയിരുന്നത്. ഇയാൾ വഴിയാണ് അബ്ദുൾ റസാഖിന് പണം ലഭിച്ചിരുന്നതെന്നും അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴിയും കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പോപ്പുലർ ഫ്രണ്ട് ഗൾഫ് നാടുകളിൽനിന്ന് പണം സമാഹരിച്ചശേഷം വ്യാജ സംഭാവന രസീതുകളുണ്ടാക്കി ഇന്ത്യയിലെ അധികൃതരെ കബളിപ്പിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അബുദാബിയിലെ റെസ്റ്റോറന്റിന്റെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എം.കെ. അഷ്റഫാണ് ഗൾഫിൽനിന്നുള്ള ഹവാല ഇടപാടുകളുടെ മുഖ്യസൂത്രധാരനെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.
കഴിഞ്ഞദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക അംഗമായ ഷഫീക്ക് പയ്യേത്തിനെതിരേയും ഇ.ഡി.യ്ക്ക് തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ ഭാഗമായി ഇയാൾ ഗൾഫിൽ പ്രവർത്തിച്ചിരുന്നു. പത്രത്തിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി രണ്ടുവർഷത്തോളമാണ് ഗൾഫിൽ ജോലിചെയ്തിരുന്നത്. ഖത്തറിൽനിന്ന് വൻതോതിൽ പണം സമാഹരിക്കേണ്ട ചുമതല നൽകിയിരുന്നത് ഇയാൾക്കായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ