- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടു; സംഘടനയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ അംഗങ്ങൾക്ക് നിർദ്ദേശം; പ്രസ്താവന ഇറക്കിയതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ എൻഐഎയുടെ കസ്റ്റഡിയിൽ; കൊച്ചിയിൽ വച്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പിഎഫ്‌ഐ പിരിച്ചുവിട്ടതായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം. മഹത്തായ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നാണ് പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്റെ പ്രസ്താവനയിൽ പറയുന്നത്.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
'പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു'- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
ഒപ്പം ചില സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചതും നിർണായകമായി. നിരോധിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണത്തിൽ ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ടുകൾ ശേഖരിക്കുന്നത് പിഎഫ്‌ഐ അംഗങ്ങൾ വഴിയാണ്. ഒപ്പം മറ്റ് സംഘടനകളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്‌ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവിൽ പറയുന്നു.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്. പോപ്പുലർ ഫ്രണ്ടും അതിൻന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവിൽ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അബ്ദുൾ സത്താർ കസ്റ്റഡിയിൽ
അതേസമയം, എൻഐഎ സംഘം പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽ വച്ചാണ് സത്താറിനെ കസ്റ്റഡിയിലെടുത്തത്. സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുമ്പ് പൊലീസിന്റെ പരിശോധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൽ സത്താർ സ്ഥലത്തില്ലായിരുന്നു.
തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി സത്താറിനെ കസ്റ്റഡിയിലെടുക്കുന്നത്.
കൊച്ചിയിൽ വച്ച് വിശദമായി ചോദ്യം ചെയ്യും. ഹർത്താൽ ആഹ്വാനം ചെയ്ത കേസിലും പ്രതിയായിരുന്നു അബ്ദുൾ സത്താർ..അബ്ദുൾ സത്താർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ അബ്ദുൾ സത്താറിന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു. രാവിലെ ഒൻപതരയ്ക്കാണ് പ്രകടനം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.