- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ രോഗബാധിതനാണ്, ചികിത്സ തുടരാൻ അടിയന്തരമായി ജാമ്യം വേണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ; അറബി ഭാഷാധ്യാപകനായിരുന്ന അബൂബക്കർ പി.എഫ്.ഐയുടെ പിന്നിലെ ചാലകശക്തിയായി അറിയപ്പെടുന്ന വ്യക്തിത്വം; സംഘടനാ പ്രവർത്തനത്തിനായി കേരളം മുഴുവൻ സഞ്ചരിച്ച വ്യക്തി
ന്യൂഡൽഹി: എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു. കാൻസർ രോഗബാധിതനാണ് ഇ. അബൂബക്കർ.
ഇ അബൂബക്കറിനായി മകൻ അമൽ തഹസീനാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി പരിഗണിക്കും. അതേസമയം കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രതിയായ മുഹമ്മദ് യൂസഫിന്റെ ഹർജിയിൽ റിമാൻഡ് റിപ്പോർട്ട് നൽകാനാകില്ലെന്ന് എൻഐഎയെ കോടതിയെ അറിയിച്ചു. കേസിന്റെ എഫ്‌ഐആറും അറസ്റ്റിന്റെ കാരണവും പ്രതിയെ അറിയിച്ചെന്നും എൻഐഎ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഈ കേസ് നവംബർ പതിനൊന്ന് കോടതി വീണ്ടും പരിഗണിക്കും.
പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തിൽ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിഎഫ്‌ഐ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. കേരള പൊലീസിലുള്ളവർക്ക് പിഎഫ്‌ഐ ബന്ധമെന്ന റിപ്പോർട്ട് നല്കിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും എൻഐഎ ആവർത്തിച്ചു. അതിനിടെ, പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രിബ്യൂണലിനെയും നിയമിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിങ് ജഡ്ജി അധ്യക്ഷനായ ട്രിബ്യൂണൽ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രിബ്യൂണലിന്റെ അധ്യക്ഷനാക്കിയാണ് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ആറ് മാസത്തിനകം ട്രിബ്യൂണൽ കേന്ദ്ര നടപടി പരിശോധിച്ച് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ട്രിബ്യൂണലിന് മുന്നിൽ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.
എൻഐഎ അറസ്റ്റ് ചെയ്ത പി. കോയ, ഇ. അബൂബക്കർ, ഇ.എം അബ്ദുൾ റഹിമാൻ എന്നിവരെയാണ് പിഎഫ്‌ഐയുടെ പിന്നിലെ ചാലകശക്തിയായി കണക്കാക്കുന്നത്. 1992ൽ പിഎഫ്ഐയുടെ മാതൃസംഘടനയായ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് സ്ഥാപിച്ച് നടത്തിവന്ന അന്നത്തെ യുവനേതാക്കളായിരുന്നു ഇവർ.
എൻഡിഎഫിന്റെയും പിന്നീട് പിഎഫ്ഐയുടെയും വളർച്ചയിൽ അബൂബക്കറിന്റെ നിർണായക സാന്നിദ്ധ്യമുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. നിലവിൽ 20 ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് പി.എഫ്.ഐ സാന്നിധ്യമുള്ളത്. കോയയും അബൂബക്കറും എൻഡിഎഫിനെ ആശയപരമായും സംഘടനാപരമായും വളർത്തിയപ്പോൾ, കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ലൈബ്രേറിയനായി പ്രവർത്തിച്ച ഇ എം അബ്ദുൾ റഹിമാൻ ഭാവി പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. അറബി ഭാഷാധ്യാപകനായിരുന്ന അബൂബക്കർ എൻഡിഎഫിന്റെ പ്രാദേശിക തലത്തിലുള്ള യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ