- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ പാക്കിസ്ഥാൻ സ്വദേശി; ഗ്രൂപ്പിൽ 175 ലധികം അംഗങ്ങൾ; വിദേശ രാജ്യങ്ങളിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ; രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിട്ടുവെന്നും എടിഎസ്
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ചു നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥർ കണ്ടെത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ ഇയാൾ ഇന്ത്യയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 ന് കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), മഹാരാഷ്ട്ര എടിഎസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയ്ക്കെതിരെ രാജ്യവ്യാപക പരിശോധനയും നടത്തിയിരുന്നു.
മാലേഗാവ്, കോലാപൂർ, ബീഡ്, പൂണെ എന്നിവിടങ്ങളിൽ നിന്നാണ് അഞ്ച് പേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌ക്, ലാപ്‌ടോപ്പുകൾ, ബാങ്ക് രേഖകൾ എന്നിവ അന്വേഷണത്തിനായി പിടിച്ചെടുത്ത ഉദ്യോഗസ്ഥർ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തി. നിരോധിത സംഘടനയായ സിമിയുടെ മാതൃകയിലാണ് അംഗങ്ങൾ പ്രവർത്തിച്ചിരുന്നത്.
ഇവരടക്കം പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെട്ട പ്രസ്തുത വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ആളുകളുണ്ടെന്നും ഗ്രൂപ്പിൽ 175 ലധികം അംഗങ്ങളുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അംഗങ്ങളിൽ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ കണ്ടെത്തിയ വസ്തുതകൾക്കുമേൽ അന്വേഷണം നടക്കുകയാണെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പ്രതികളിലൊരാൾ ഐടി എഞ്ചിനീയറാണെന്നും ഇയാൾ ജോലിക്കായി വിദേശത്തേക്ക് പോകാറുണ്ടെന്നും മറ്റൊരാൾ മൗലാനയാണെന്നും തീർത്ഥാടനത്തിന് പോകാറുണ്ടെന്നുമാണ് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
മാലേഗാവ് സ്വദേശി മൗലാന സൈഫുറഹ്‌മാൻ സയീദ് അഹമ്മദ് അൻസാരി (26), പൂണെ സ്വദേശികളായ അബ്ദുൽ ഖയ്യൂം ബദുല്ല ഷെയ്ഖ് (48), റാസി അഹമ്മദ് ഖാൻ (31), ബീഡിൽ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരിൽ നിന്ന് മൗലാ നസീസാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേ സമയം പാപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പകർത്തിയ നടപടിയിൽ കോടതി പ്രതിഭാഗത്തെ താക്കീതു ചെയ്തു. പ്രതികളെ കാണാൻ കോടതി പരിസരത്തു പ്രവേശിച്ച ബന്ധുക്കളാണ് എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പകർത്തിയത്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണു സംഭവം.
കേസിലെ റിമാൻഡ് പ്രതികളായ കരമന അഷ്റഫ് മൗലവി, യഹിയ കോയ തങ്ങൾ, അബ്ദുൽ സത്താർ, കെ.മുഹമ്മദ് അലി, സി.ടി.സുലൈമാൻ എന്നിവരെ 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകി.
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്റെ തുക ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികളിൽ നിന്ന് ഈടാക്കാനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർത്താലിൽ സർക്കാരിനും കെഎസ്ആർടിസിക്കും ഉണ്ടായ നഷ്ടത്തിനു പരിഹാരമായി പോപ്പുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറും 5.20 കോടി രൂപ ആഭ്യന്തര വകുപ്പിൽ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ