കൊല്ലം: ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തില്‍ വീഡിയോ പ്രചരിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചേക്കില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടര്‍ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ പി.ജി മനു തൂങ്ങിമരിക്കുന്നത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായ മനു കോടതി നടപടികള്‍ക്കായി കൊല്ലത്ത് എത്തിയതായിരുന്നു. പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. അഡ്വ.ബി.എ ആളൂരിന്റെ അഭിഭാഷക സംഘത്തില്‍ പ്രവര്‍ത്തിച്ചു വരെയാണ് പി.ജി മനുവിന്റെ മരണം. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ പി.ജി മനു. കര്‍ശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മനു കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്ന് ആളൂര്‍ വ്യക്തമാക്കി. ദൃശ്യം ചിത്രീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആളൂര്‍ ആവശ്യപ്പെട്ടു. അഭിഭാഷകവൃത്തിയില്‍ തിളങ്ങി നില്‍ക്കേ പെട്ടെന്നാണ് പി.ജി. മനു വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത്. 1999-ല്‍ അഭിഭാഷകനായി എന്റോള്‍ചെയ്ത മനു കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലാണ് ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. കോലഞ്ചേരി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നകാലത്ത് എസ്എഫ്‌ഐയുടെ ജില്ലാസമിതിയംഗമായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക് സെക്രട്ടറിയായി. സിപിഎമ്മുമായി ബന്ധപ്പെട്ട ധാരാളം കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. മനു പിന്നീട് പ്രാക്ടീസ് മൂവാറ്റുപുഴയിലേക്കുമാറ്റി. ഇതിനിടയിലാണ് ജില്ലാ അഡീഷണല്‍ പ്രോസിക്യൂട്ടറായി നിയമിതനായത്. സര്‍ക്കാര്‍ വാദിയായ കേസുകള്‍ മനു നന്നായി പഠിച്ചുവാദിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായി. ശബരിമല തന്ത്രിക്കേസ് മനുവിനെ താരമാക്കി. അന്ന് സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന മനുവാണ് കേസില്‍ വാദിയായ തന്ത്രിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. തന്ത്രിക്കേസിലെ വിജയം മനുവിന് നേട്ടമായി. പിന്നീട് മനു എന്‍ഐഎയുടെ അഭിഭാഷകനായത്. പാനായിക്കുളം സിമി കേസ്, നാറാത്ത് ആയുധ കേസ് എന്നിവയിലും ശ്രദ്ധിക്കപ്പെട്ടു. മൂവാറ്റുപുഴ കൈവെട്ട് കേസിന്റെ രണ്ടാംഘട്ട ട്രയലിലും മനു ഹാജരായി. 2022-ലാണ് മനുവിന്റെപേരില്‍ അതിജീവിതയെ പീഡിപ്പിക്കന്‍ ശ്രമിച്ചെന്ന കേസുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകസ്ഥാനം രാജിവച്ചു. അതിജീവിതയുടെ കേസില്‍ റിമാന്‍ഡിലായ മനു ജാമ്യത്തിലിറങ്ങി പ്രാക്ടീസ് തുടരുകയായിരുന്നു. അതിനിടെ പുതിയ ചില വെളിപ്പെടുത്തലുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു.

ഭര്‍ത്താവിനെ രക്ഷിക്കാനായി സമീപിച്ച വീട്ടമ്മയോട് മോശമായി പെരുമാറിയെന്നും അതില്‍ മനുവും കുടുംബവും വീട്ടിലെത്തി മാപ്പുപറയുന്നു എന്നരീതിയിലുള്ള രംഗങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കേസൊഴിവാക്കാനായിരുന്നു മാപ്പു പറച്ചില്‍ എന്നായിരുന്നു പ്രചരണം.

എന്താണ് തന്ത്രിക്കേസ്‌?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവച്ചു പണം വാങ്ങിയ കേസിലെ ഒന്നാം പ്രതി ശോഭാ ജോണിനു എട്ടുവര്‍ഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വരാപ്പുഴയിലെ വാടക വീടു കേന്ദ്രീകരിച്ച് 2011 മാര്‍ച്ചിലാണു ശോഭാ ജോണിന്റെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിയത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും കാസര്‍കോട്, ബെംഗളൂരു എന്നിവിടങ്ങളിലും പെണ്‍കുട്ടിയെ പ്രതികള്‍ പലര്‍ക്കും കാഴ്ച്ചവച്ചുവെന്നാണു കേസ്. കേസിലെ പ്രതി ശോഭാ ജോണ്‍ 'ശബരിമല തന്ത്രി'യെ തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട വിവരം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ പ്രതിയുടെ ക്രിമിനല്‍ സ്വഭാവം കണക്കിലെടുത്തു ശിക്ഷ വിധിച്ചു. ശബരിമല മുന്‍തന്ത്രി കണ്ഠര് മോഹനരെ 2006 ജൂലൈ 23നു ശോഭാ ജോണിന്റെ എറണാകുളത്തെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി സ്വര്‍ണവും പണവും രത്‌നവും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നാണ് കേസ്.

ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഒരു സ്ത്രീക്കൊപ്പം തന്ത്രിയുടെ അപകീര്‍ത്തികരമായ ഫൊട്ടോ എടുത്ത ശേഷം ചിത്രം പുറത്തുവിടാതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു കുറ്റാരോപണം. 2015 ഏപ്രില്‍ 28 ന് എറണാകുളം സെഷന്‍സ് കോടതിയാണു ശോഭാ ജോണ്‍ അടക്കമുള്ള പ്രതികളെ ശിക്ഷിച്ചത്.