- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് ഒന്നാം നമ്പർ കിയാ സ്റ്റേറ്റ് കാർ; ചിരിച്ചു കൊണ്ട് പടിയിറങ്ങി ചുറ്റും നിൽക്കുന്നവരെ പുഞ്ചിരിച്ച് കൈ ഉയർത്തി അഭിവാദനം ചെയ്ത് കാറിൽ കയറുന്നത് മുഖ്യമന്ത്രി; ദൃശ്യങ്ങളിൽ ഒപ്പമുള്ളത് സാക്ഷാൽ ഫാരീസ് അബൂബേക്കറോ? വിവാദ വ്യവസായിയുടെ നന്തിയിലെ വീട്ടിൽ പിണറായി എത്തിയെന്ന് പ്രചാരണം; വിഎസിന്റെ 'വെറുക്കപ്പെട്ടവന്റെ' കുടുംബ സൗഹൃദം വീണ്ടും ചർച്ചകളിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഫാരീസ് അബൂബേക്കറെന്ന വ്യവസായിയുടെ വീട്ടിൽ എത്തിയോ? സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുകയാണ് ഫാരീസിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങുന്നുവെന്ന തരത്തിലെ വീഡിയോ. കൊയിലാണ്ടിക്ക് അടുത്ത് നന്ദിയിലെ വീട്ടിൽ പിണറായി എത്തിയെന്ന തരത്തിലാണ് പ്രചരണങ്ങൾ. സിപിഎം കേന്ദ്രങ്ങൾ ഈ വീഡിയോയെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഫാരീസ് അബൂബേക്കറുമായുള്ള പിണറായിയുടെ അടുപ്പം പലപ്പോഴും കേരളത്തിൽ രാഷ്ട്രീയ വിവാദമായിരുന്നു. ഈ ബന്ധത്തിൽ പിണറായി ഇന്നുവരെ പ്രതികരിച്ചിട്ടു പോലുമില്ല. ഇതിനിടെയാണ് വീഡിയോ പുറത്തു വരുന്നത്.
ഒരു വലിയ വീട്. അതിൽ നിന്നും പുറത്തേക്ക് വന്ന പിണറായി. ഫാരീസ് അബൂബേക്കറിനെ പോലൊരു വ്യക്തിയും കൂടെയുണ്ട്. ബന്ധുക്കളും എത്തുന്നു. ചിരിച്ച് പുറത്തേക്ക് വരുന്ന പിണറായി വീട്ടിന്റെ പുറത്തും സമീപത്തും നിൽക്കുന്നവരെ കൈവീശി കാണിക്കുന്നു. അതിന് ശേഷം കേരളാ സ്റ്റേറ്റ് ഒന്ന എന്ന നമ്പറുള്ള കിയാ കാറിൽ പിണറായി കയറുന്നു. കിയാ കാറും ഒന്നാം നമ്പറും ഈയിടെ മുഖ്യമന്ത്രിക്ക് കിട്ടിയതാണ്. അതുകൊണ്ട് തന്നെ വീഡിയോ സമീപകാലത്തുള്ളതെന്ന് വ്യക്തം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഇവിടെ എത്തിയതെന്ന ചർച്ചകൾ. 17ന് പിണറായി ഈ വീട്ടിലെത്തിയെന്നാണ് സൂചന.
17ന് കോഴിക്കോട് എത്തിയ പിണറായി കണ്ണൂരിലെ പരിപാടികളും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് മടങ്ങി എത്തിയത്. ഇതു കൊണ്ടു കൂടിയാണ് 17ന് മുഖ്യമന്ത്രി ഫാരീസിന്റെ വീട്ടിലെത്തിയെന്ന തരത്തിൽ പ്രചരണം. ഏതായാലും മുഖ്യമന്ത്രിയും ഫാരീസും ഒരുമിച്ച് നടന്നു നീങ്ങുന്ന ആദ്യ ദൃശ്യമാണ് ഇപ്പോൾ അവരുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. വിഷയത്തിൽ മുഖ്യന്ത്രിയോ ഫാരീസോ പ്രതികരിച്ചാൽ മാത്രമേ വ്യക്തത വരൂ. എന്നാൽ ചില കേന്ദ്രങ്ങൾ ഈ സന്ദർശനം സ്ഥിരീകരിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ആ വീട്ടിലെത്തിയത് വ്യക്തിപരമായ വേദനയിൽ പങ്കു ചേരാനാണെന്നും അവർ പറയുന്നു.
ഫാരീസിന്റെ അച്ഛൻ ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ ഹൃദയാഘാതം മൂലം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ചെന്നൈയിൽ നിന്ന് സ്വവസതിയായ കൊയിലാണ്ടിയിലേക്ക് കൊണ്ടുവന്നു. നന്തി ആശാനികേതൻ എഫ്എംആർ ട്രസ്റ്റ് മെമ്പറായിരുന്നു. ചെന്നൈയിലെ വ്യവസായ പ്രമുഖൻ, നന്തിയിലെ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നയാൾ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അബൂബക്കർ. മമത അബൂബക്കറിന്റെ മരണത്തിൽ അനുശോചനം അറിയിക്കാനാണ് മുഖ്യമന്ത്രി പയ്യോളിയിൽ എത്തിയതെന്നാണ് സൂചന. 12ന് രാത്രി യായിരുന്നു അന്ത്യം. മൃതദേഹം അടുത്ത ദിവസം കൊയിലാണ്ടി നന്തിയിലെ വീടായ മമതയിൽ എത്തിച്ചു. ഖബറടക്കം നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് നടന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു വി എസ് അച്യുതാനന്ദൻ ഫാരീസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസ് പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരീസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു വി എസ് പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരീസ് അബൂബക്കറുമായുള്ള ബന്ധം ഇടതുപക്ഷത്തെ ജീർണ്ണിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് അന്ന് വി എസ് ഉന്നയിച്ചത്. ഇത് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള അമ്പായിരുന്നു. പിന്നീട് കൈരളി ടിവിയിൽ എത്തി വിവാദങ്ങളോട് ഫാരീസ് പ്രതികരിച്ചു. പക്ഷേ പിണറായി ഒന്നും ഇതേ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.
ഇടവേളയ്ക്കുശേഷം ഫാരീസ് അബൂബക്കർ വീണ്ടും വാർത്തകളിൽ ഈയിടെ എത്തിയിരുന്നു. സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായിതിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ മുൻ എംഎൽഎ പി.സി.ജോർജാണ് അടുത്ത കാലത്ത് ഫാരിസിനെ വാർത്തകളിലേക്ക് കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ബിനാമിയാണ്. മകളുടെ എക്സാലോജിക്കിക്ക് എന്ന കമ്പനിയുടെ മറവിൽ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കർ മുഖേനയാണ് മുഖ്യമന്ത്രി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. ഫാരിസിന്റെ ബിസിനസുകളിൽ മുഖ്യമന്ത്രി നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം. അതുകൊണ്ടുത്തന്നെ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകളെക്കുറിച്ചും അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കേന്ദ്രവും ഇ.ഡിയും അന്വേഷിക്കണമെന്നും പി.സി.ജോർജ്ജ് ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന 2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയുടെ വിജയത്തിന് 60 ലക്ഷം രൂപ സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസാണെന്നാണ് ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തോടെയാണ് ഫാരിസ് അന്ന് വാർത്തകളിൽ ഇടം പിടിച്ചത്. ഈ സംഭവം വി എസ്.പക്ഷം ഇ.പി.ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ചു. രാഷ്ട്രീയ കേരളം വളരെയധികം ചർച്ച ചെയ്തതും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.