തിരുവനന്തപുരം: ഡോക്ടർമാർ രോഗ നിർണ്ണയം നടത്തും. ഏത് മരുന്നാകണം കൊടുക്കേണ്ടതെന്ന സൂചനകൾ അതിലുണ്ടാകും. ഇതെല്ലാം പരിശോധിച്ച് മരുന്ന് നിശ്ചയിക്കുന്നവരാണ് പശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും ഫാർമിസിസ്റ്റുകൾ. ഡോക്ടർമാർക്കൊപ്പം പ്രാധാന്യമുള്ള ആരോഗ്യ പ്രവർത്തകർ. ഓരോ മരുന്നിന്റേയും ശാസ്ത്രീയ വശവും പ്രവർത്തനവും അറിയാവുന്ന വിഭാഗമാണ് ഫാർമിസിസ്റ്റുകൾ. എന്നാൽ 'കേരളത്തിന്റെ ആരോഗ്യ പരിപാലനത്തിന്' ഫാർമസിസ്റ്റുകൾ വേണ്ടെന്ന നിലപാടിലാണ് പിണറായി സർക്കാർ.

കേരളത്തിൽ രോഗ നിർണ്ണയം നടത്തുന്ന ഡോക്ടർ തന്നെ മരുന്നെഴുതും. അപ്പോഴും മരുന്നുകളുടെ ശാസ്ത്രീയത അറിയാവുന്ന ഫാർമസിസ്റ്റുകൾക്ക് പ്രാധാന്യം ഏറെയായിരുന്നു. മെഡിക്കൽ സ്റ്റോറുകൾക്ക് പോലും ഫാർമിസിസ്റ്റുണ്ടെങ്കിലേ ലൈസൻസ് അനുവദിക്കൂവെന്നാണ് നിയമം. എന്നാൽ ഇതൊന്നും ഇനി കേരളത്തിലെ ആശുപത്രികളിലെ മരുന്ന് വിതരണ കേന്ദ്രങ്ങൾക്ക് ബാധകമാകില്ല. ആരോഗ്യമേഖലയിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി മരുന്നു വിതരണച്ചുമതല മറ്റുജീവനക്കാർക്കു നൽകാനാണ് നീക്കം.

ചെലവ് ചുരുക്കലിന്റെ പുതിയ മോഡലാണ് ഇത്. ഫാർമിസിസ്റ്റുകൾക്കെതിരായ ആരോഗ്യവകുപ്പിന്റെ നീക്കം ഫാർമസിയോഗ്യത നേടിയ സംസ്ഥാനത്തെ അരലക്ഷത്തോളംപേരുടെ ജോലിസ്വപ്നത്തിനു തിരിച്ചടിയാകും. സർക്കാർമേഖലയിൽ നിയമനം കുറയുന്നതിനു പുറമെ, ഫാർമസിസ്റ്റ് തസ്തികതന്നെ ഇല്ലാതാകുമോയെന്നാണ് ആശങ്ക. അതായത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേക്ക് മാത്രമായി ഫാർമസിസ്റ്റുകൾ ചുരുങ്ങേണ്ടി വരും. ഫാർമസി യോഗ്യതയില്ലാത്തവർ മരുന്നുവിതരണം ചെയ്യുന്നത് രോഗിയുടെ ജീവനു ഭീഷണിയാകുമെന്നു വ്യക്തമാക്കിയാണിത്.

സംസ്ഥാനത്ത് 80,000 രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളുണ്ടെന്നാണു കണക്ക്. ഇതിൽ ജോലിയുള്ളവർ ഏകദേശം 30,000 ആണ്. ഓരോ വർഷവും ആയിരത്തിലേറെപ്പേർ പഠിച്ചിറങ്ങുന്നുണ്ട്. ഇവരുടെ സർക്കാർ ജോലി സാധ്യതകളേയും ഇല്ലാതാക്കുകയാണ് സർക്കാർ നീക്കം. മരുന്നുവിതരണച്ചുമതല ഇതര ജീവനക്കാർക്കു നൽകാനുള്ള ആരോഗ്യവകുപ്പ് നടപടിക്കെതിരേ സർക്കാർ ഫാർമസിസ്റ്റുകൾ സമരത്തിലേക്ക് കടക്കുകയാണ്. കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 28-ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനം പരിഷ്‌കരിക്കുന്നതിനായി ജനുവരി പകുതിയോടെയിറക്കിയ ഉത്തരവിലാണ് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഉൾപ്പെടെ 78 ഇനം മരുന്നുകളുടെ വിതരണത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളത്. നിലവിൽ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകളില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (നഴ്‌സ്), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെ.എച്ച്.ഐ.), ആശ എന്നിവരുടെ സേവനം മാത്രമാണുള്ളത്. അതിനാൽ, ഇവരിലാർക്കെങ്കിലുമായിരിക്കും മരുന്നുവിതരണച്ചുമതല.

ഇതിനു മുന്നോടിയായി ഫാർമസിസ്റ്റ് നിയമനം ആരോഗ്യവകുപ്പ് കുറച്ചുവരുകയായിരുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒന്നാംഘട്ടം മറ്റു തസ്തികകളോടൊപ്പം 150 ഫാർമസിസ്റ്റ് തസ്തിക മാത്രമാണു സൃഷ്ടിച്ചത്. തുടർഘട്ടങ്ങളിൽ മറ്റു തസ്തികകളിൽ നിയമനം നടത്തിയെങ്കിലും ഫാർമസിസ്റ്റുകളെ ഒഴിവാക്കി. ഇതിനെതിരേ പ്രതിഷേധം ശക്തമായിരിക്കെയാണു പുതിയനീക്കം.

ആരോഗ്യവകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ഉപകേന്ദ്രങ്ങളിലാണ് ഇതാദ്യം നടപ്പാക്കുന്നതെങ്കിലും പിന്നീട് മറ്റു പ്രധാന ആശുപത്രികളിലേക്കും വ്യാപിപ്പിച്ചേക്കും. അതിനാൽ, സർക്കാർ-സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളടക്കം ഈ നീക്കത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.