- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ട പെണ്ണിനെ സ്ത്രീധനം വാങ്ങാതെ ജീവിതസഖിയാക്കി; രോഗങ്ങൾ അലയിട്ടിയ ഭാര്യയെ ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും ചെവികൊണ്ടില്ല; സമ്പാദ്യം എല്ലാം മുടക്കി അവരെ രക്ഷിച്ചപ്പോൾ വീട് ജപ്തി ഭീഷണിയിൽ; ഇളയ മകളുടെ പഠനം പ്രതിസന്ധിയിൽ; അദൃശ്യ ശക്തിയിൽ പ്രതീക്ഷ അർപ്പിച്ച് ഫിലിപ്പ് ഡാനിയേൽ; ഇത് സഹനത്തിന്റേയും സ്നേഹത്തിന്റേയും എരുമേലിക്കഥ
കോട്ടയം: തന്റെ മകളുടെ ജീവൻ ദൈവം തന്നതാണ്. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവളെ കിട്ടിയത്. ജനിച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോളും ഏഴാം വയസിലും അവളെ നഷ്ടമാകുമെന്ന് കരുതിയതാണ്. ഏതോ അദൃശ്യ ശക്തിയുടെ കാരുണ്യം അവൾ ഇന്നും ജീവിച്ചിരിക്കുന്നു. ആ അദൃശ്യ ശക്തി യേശുദേവനാണെന്ന് വിശ്വസിച്ച് ജീവിക്കുകയാണ് കോട്ടയം എരുമേലി മനേത്തുമാലി ഫിലിപ്പ് ഡാനിയേൽ. ജീവിതത്തിൽ നേരിടേണ്ടി വന്ന ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറി. ഇപ്പോൾ 69-ാമത്തെ വയസിൽ എല്ലാം നഷ്ടമാകുമോയെന്ന് ഓർത്ത് വിഷമം സഹിക്കാനാകുന്നില്ല.
നാലു വർഷം ബീഹാർ മേയറുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തു. ഇതരസംസ്ഥാനങ്ങളിൽ വിവിധ ജോലികൾ ചെയ്തുണ്ടാക്കിയ സമ്പാദ്യം എല്ലാം ചിലവഴിച്ചത് ഭാര്യയുടെയും മകളുടെയും ചികിത്സയ്ക്കായിരുന്നു-വാക്കുകൾ പറഞ്ഞു മുഴുവുപ്പിക്കാൻ ആവുന്നില്ല ഡാനിയേലിന്. അത്രക്ക് സങ്കീർണമായിരുന്നു അദ്ദേഹം കടന്നു വന്ന വഴികൾ. തന്റെ പ്രയാസങ്ങളൊന്നും അധികം ആരെയും അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ പിടിച്ചു നിൽക്കുന്ന മണ്ണ് നഷ്ടമാകുമെന്ന അവസ്ഥയിലായി.
1982-86 കാലഘട്ടത്തിലാണ് ബീഹാർ മേയർ കെ. എൻ. സഹായിയുടെ വിശ്വസ്തനായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നത്. അക്കാലത്ത് നല്ല നിലയിൽ ജീവിതം. ഒരു നിമിഷം കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ സ്ത്രീധനം പോലും വാങ്ങാതെ ജീവിതസഖിയാക്കി. പിന്നീട് രോഗങ്ങൾ അലയിട്ടിരുന്ന ഭാര്യയെ ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. അവരെ പൊന്നുപോലെ നോക്കി. അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം പെൺകുഞ്ഞ് ജനിച്ചു. സ്വന്തം മാതാവും പോലും അകറ്റി നിർത്തിയിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്നതിനായി രണ്ട് ആശുപത്രികൾ മാറി മാറി ഓടി നടന്നു. രണ്ടു പേരുടെയും ജീവൻ ദൈവത്തിന്റെ കൈകളിൽ സുരക്ഷിതമായി.
പിന്നീടൊരിക്കൽ മകളുടെ ഏഴാം വയസിൽ രോഗം മൂർച്ഛിച്ചു. ജീവൻ നഷ്ടമായേക്കുമെന്ന് മെഡിക്കൽ സയൻസ് വിധിയെഴുതിയ മകളുമായി വീണ്ടും ആശുപത്രികൾ കയറിയിറങ്ങി. അന്നും ആ അദൃശ്യ ശക്തി തുണയായെത്തി. പ്രാർത്ഥനകളുടെ ഫലമായി കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടി. തുടർന്ന് അവൾ പ്ലസ് ടു വരെ പഠിച്ച് മിടുക്കിയായി. മികച്ച മാർക്കാടെ പത്താം ക്ലാസും പ്ലസ് ടുവും പാസായി. ഇരുപതാം വയസിൽ പെട്ടെന്നൊരിക്കൽ വീണ്ടും അസഹനീയമായ തലവേദനയുണ്ടാകുന്നു. ബന്ധുവിന്റെ സഹായത്തോടെ എരുമേലിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി.
ഒരു മണിക്കൂറിനുള്ള മാറി മാറി ഏഴ് ഇൻഞ്ചക്ഷനുകൾ നൽകിയതോടെ അവളുടെ ജീവൻ വീണ്ടും അപകടത്തിലായി. പല ആശുപത്രികളിൽ മാറി മാറി കൊണ്ടു പോയി. തിരുവല്ലയിലെ ആശുപത്രിയിൽ സർജറിക്ക് വിധേയയാകുന്ന നേരം വീണ്ടും ആ അദൃശ്യ ശക്തി ഡോക്ടറുടെ രൂപത്തിൽ എത്തുന്നു. മകളെ സർജറി നടത്താതെ എത്രയും വേഗം ഇവിടെ നിന്നും കൊണ്ടു പോകുവെന്നും സർജറി നടത്തിയാൽ മകൾ മരണപ്പെടുമെന്ന് ഡോക്ടർ തന്നെ അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. പല ആശുപത്രികൾ കയറിയിറങ്ങി ഒടുവിൽ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകുന്നു.
അന്ന് മകളുടെ ജീവൻ രക്ഷിക്കുന്നതിനായി മുപ്പത് സെന്റ് വസ്തുവും വീടും ബാങ്കിൽ പണയപ്പെടുത്തി. പിന്നീട് മരുന്നുകളാണ് അവളുടെ ജീവൻ നിലനിർത്തിയത്. ഒരു ദിവസം 950 രൂപ മരുന്നിനായി ചെലവ് വരുമായിരുന്നു. മകളുടെ രോഗ വിവരം അറിഞ്ഞ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഇറങ്ങി നാട്ടിലെത്തിയ ഡാനിയേൽ തിരികെ പോകാൻ ആരംഭിച്ചപ്പോൾ ജോലി നഷ്ടമായെന്നാണ് അറിയിച്ചത്. അങ്ങനെ 1986 മുതൽ 2010 വരെ ബീഹാർ, പാട്ന തുടങ്ങിയ സ്ഥലങ്ങളിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി.
സെയിൽസ് ഡിസ്ട്രിബ്യൂട്ടറായി ജോലി നോക്കി തന്റെ ചെറിയ വരുമാനത്തിൽ കുടുംബം നോക്കി. ഇളയ മകളുടെ പഠനചെലവിനും ഭാര്യയുടെയും മകളുടെയും മരുന്നിനുമായി വിശ്രമമില്ലാതെ ജോലി നോക്കി. പലപ്പോഴും പട്ടിണി നടന്നതും വീട്ടുകാരെ അറിയിച്ചില്ല. അതിനിടയിൽ കോവിഡ് വീണ്ടും വില്ലനായെത്തിയപ്പോൾ ആ വരുമാനവും നിലച്ചു. ഇപ്പോൾ എരുമേലിയിലെ ഒരു കൊറിയർ സ്ഥാപനത്തിൽ പാർടൈം ജോലി ചെയ്യുന്നു. നൂറോ ഇരുന്നുറോ രൂപ ഏതെങ്കിലുമൊക്കെ ദിവസം ലഭിക്കും. അപ്പോഴും ഭാര്യയുടെ മരുന്ന് ഇതുവരെ മുടക്കിയിട്ടില്ല. നാട്ടിൽ പൊതുകാര്യത്തിലും സജീവമാണ്.
അതിനിടയിൽ മകളുടെ രോഗ വിവരം എല്ലാം അറിഞ്ഞ് ഒരാൾ മകളെ വിവാഹം ചെയ്യണമെന്ന് അറിയിച്ചു എത്തി. ആദ്യം തടസപ്പെടുത്തിയെങ്കിലും അയാളുടെ ആത്മവിശ്വാസത്തിനു മുൻപിൽ വിവാഹം ചെയ്തു നൽകി. മകളുടെ ഭർത്താവിന് വിദേശത്താണ് ഇപ്പോൾ ജോലി. ഒരുപാട് സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അയാളെ കൊണ്ടാവുന്നതു പോലെ സഹായിക്കുന്നുണ്ട്. ഇപ്പോൾ അവർക്കൊരു മകനുണ്ട്. ഇളയ മകൾ രണ്ടാം വർഷം ബി. എസ്. സി. നേഴ്്സിങ് വിദ്യാർത്ഥിയാണ്. അവളുടെ ഫീസ് ക്രിസ്മസ് അവധി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ അടയക്കണം. ഇല്ലെങ്കിൽ പരീക്ഷയെഴുതിക്കില്ലായെന്നാണ് അറിയിച്ചത്.
അതിനു പിന്നാലെയാണ് ബാങ്കിൽ തുക അടയ്ക്കണമെന്ന് അറിയിപ്പ് ലഭിക്കുന്നത്. മകളുടെ ചികിത്സയ്്ക്കായി 20 ലക്ഷം രൂപയെടുത്തു. സഹകരണ ബാങ്കിലെ എട്ടു ലക്ഷം രൂപയുടെ ബാധ്യത തീർത്താണ് ലോൺ ലഭിച്ചത്. ഈ മാസം പത്തു ലക്ഷം രൂപ അടയ്ക്കണമെന്നും ഇല്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമെന്നുമാണ് ബാങ്ക് പറയുന്നത്. കൃത്യമായ വരുമാനം പോലുമില്ലാത്ത ഈ സാഹചര്യത്തിൽ രോഗിയായ ഭാര്യയെയും പെൺമക്കളുമായി എവിടേയ്ക്ക് ഇറങ്ങും. പലപ്പോഴും ആത്മഹത്യ ചെയ്യാൻ മനസ് തോന്നി. അപ്പോളും ദൈവ വിശ്വാസത്തിൽ മുറുകെ പിടിച്ചു.
ആകെയുള്ള ആശ്വാസം പെരുവഴിയിൽ ഉപേക്ഷിക്കാൻ പറഞ്ഞ ഭാര്യയുടെയും തിരിച്ചു കിട്ടില്ലെന്ന് വിധിയെഴുതിയ മകളുടെയും ഇപ്പോഴുമുള്ള പുഞ്ചിരിയാണ്്. പ്രതീക്ഷയുള്ളത് നേഴ്സിങ് പഠിക്കുന്ന ഇളയമകളിലും. അവളുടെ പഠനം മുടങ്ങരുത്. അതിനു വേണ്ടി യാചിക്കുകയാണ്. മകൾ ഒരു ജോലി നേടുന്നതു വരെയെങ്കിലും ബാങ്കിൽ നിന്നും അവധി ലഭിച്ചിരുന്നെങ്കിലെന്ന് പ്രാർത്ഥിക്കുകയാണ് ഈ കുടുംബം.