- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടെ ചോറൂണ് ചടങ്ങിന്റെ നല്ല നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ജീവനക്കാരുടെ മോശം പെരുമാറ്റം; പണം നല്‍കണമെന്ന് ഭീഷണിയെന്ന് പരാതി; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍; ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫി വിവാദം
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ കുട്ടിയുടെ ചോറൂണ് ചടങ്ങിനായി എത്തിയവർക്ക് നേരെ ക്ഷേത്ര ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഫോട്ടോഗ്രാഫി വിലക്കിയെന്നും കാണിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു. കുമരനെല്ലൂർ കാഞ്ഞിരക്കോട് സ്വദേശി ഉണ്ണികൃഷ്ണനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ജൂലൈ 6-ന് ആണ് ഉണ്ണികൃഷ്ണൻ തന്റെ കുട്ടിയുടെ ചോറൂണ് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വെച്ച് നടത്തിയത്. ചടങ്ങിൻ്റെ ചിത്രങ്ങൾ ഉണ്ണികൃഷ്ണൻ്റെ സഹോദര പുത്രൻ ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ ക്ഷേത്ര ജീവനക്കാർ തടഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്രമതിൽക്കകത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിച്ചിട്ടുണ്ടെന്നും, പക്ഷെ ഫോട്ടോ എടുക്കുന്നതിന് 720 രൂപ നൽകിയാൽ അനുമതി നൽകാമെന്നും അല്ലാത്തപക്ഷം മൊബൈൽ ഫോണിൽ മാത്രമേ ഫോട്ടോ എടുക്കാൻ പാടുള്ളൂ എന്നും ക്ഷേത്ര ജീവനക്കാർ പറഞ്ഞതായി യുവാവ് പരാതിയിൽ പറയുന്നു.
യുവാവിന്റെ വാക്കുകൾ..
നിരോധനമുള്ളിടത്ത് ഫീസ് നൽകിയാൽ എങ്ങനെയാണ് നിരോധനം മറികടക്കാൻ കഴിയുകയെന്ന് യുവാവ് ചോദിക്കുന്നു. ഇന്നത്തെ പല മൊബൈൽ ഫോണുകളിലും സിനിമ പോലും ഷൂട്ട് ചെയ്യുന്ന സാഹചര്യത്തിൽ ക്യാമറയിലും ഫോണിലെ ക്യാമറയിലും ഒരേ ചിത്രമല്ലേ പതിയുകയെന്ന ചോദ്യവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും പണം വാങ്ങിയോ വാങ്ങാതെയോ അത് അനുവദിക്കരുതെന്നും, മൊബൈൽ ക്യാമറ, അല്ലാത്ത ക്യാമറ എന്ന വേർതിരിവ് പാടില്ലെന്നും ഉണ്ണികൃഷ്ണൻ തുറന്നടിച്ചു.
അതിനിടെ, ചടങ്ങിന് ശേഷം തൊഴാൻ ചെന്ന തന്നോടും സഹോദര പുത്രനോടും ജീവനക്കാർ മോശമായി സംസാരിച്ചെന്നും, 720 രൂപ ഫീസ് അടച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, പ്രായപൂർത്തിയാകാത്ത തൻ്റെ സഹോദര പുത്രൻ്റെ ചിത്രങ്ങൾ ക്ഷേത്ര ജീവനക്കാർ മൊബൈൽ ക്യാമറയിൽ പകർത്തിയതായും ഉണ്ണികൃഷ്ണൻ പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ ദേവസ്വം ബോർഡിൻ്റെ ഭാഗത്ത് നിന്ന് എന്ത് നടപടി ഉണ്ടാകുമോ എന്നും ഉറ്റുനോക്കുകയാണ് നാട്ടുകാർ.
ആരോപണങ്ങൾ നിഷേധിച്ച് ക്ഷേത്ര ജീവനക്കാർ..
ക്ഷേത്ര ജീവനക്കാർ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഫോട്ടോ എടുക്കാനുള്ള 720 രൂപ ബോർഡിൻറെ റേറ്റ് ലിസ്റ്റ് ആണെന്നും അവർ പറയുന്നു. ഫോട്ടോ എടുക്കണമെങ്കിൽ അനുവാദം വേണമെന്ന് പറഞ്ഞ് ബോർഡ് വെച്ചിട്ടുണ്ടെന്നും പറയുന്നു. അന്നേരം ഇവർ ഫോട്ടോ എടുക്കാൻ വന്നപ്പോൾ പണം അടയ്ക്കണമെന്ന് പറഞ്ഞു. അത്രമാത്രമേ പറഞ്ഞിട്ടുള്ളു വേറെ ഒന്നും പറഞ്ഞിട്ടില്ല ബാക്കി എല്ലാം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ആണെന്നും അവർ പറയുന്നു.
നമ്മൾ ബോർഡ് ജീവനക്കാർ ആണെന്നും നിയമം പറയുന്നതുപോലെ ചെയ്യാൻ സാധിക്കുകയുള്ളുവെന്നും ജീവനക്കാർ പറയുന്നു. ബലമായി പണം വാങ്ങില്ലെന്നും തുറന്നുപറഞ്ഞു. ഇത്രയും കാലം ആയിട്ടും മറ്റൊരാൾക്കും ഒരു പരാതി ഇതുപോലെ വന്നിട്ടില്ലെന്നും പറഞ്ഞു. ഇനി എന്തായാലും ദേവസ്വം ബോർഡിൻ്റെ ഇടപെടൽ നിർണായകമാകുമെന്നും നാട്ടുകാർ വ്യക്തമാക്കി.