തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂര്‍ ജാമ്യം നേടി പുറത്തു വരുന്നതും കാത്ത് ഇന്നലെ കാക്കനാട് ജയിലിന് പുറത്ത് വന്‍ തിരക്കായിരുന്നു. ബോബിയുടെ പി ആര്‍ ടീം തയ്യാറാക്കിയ ആള്‍ക്കൂട്ടമാണ് ഇവിടെ കാത്തു നിന്നത്. ഹൈക്കോടതി വിധിയെ പരിഹസിച്ചു കൊണ്ടാണ് ഫിജികാര്‍ട്ടില്‍ അംഗങ്ങളായവര്‍ മാധ്യമങ്ങളോട് സംസാരിച്ചതും. ബോബി ചെമ്മണ്ണൂരിന്റെ ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. വനിതകളാണ് കൂടുതലായി ഈ സ്ഥാപനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും.

എന്നാല്‍, തീര്‍ത്തും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫിജി കാര്‍ട്ട്. മണി ചെയിന്‍ മോഡല്‍ ബിസിനസ് വഴി ഈ സ്ഥാപനം വഴി കവര്‍ന്നെടുക്കുന്നതും കോടിക്കണക്കിന് രൂപയാണ്. കൃത്യമായ ലൈസന്‍സ് ഇല്ലാതെയാണ് ബോബിയുടെ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഈ പദ്ധതിയില്‍ അംഗത്വം എടുത്തവര്‍ക്ക് പലരും സാധനങ്ങള്‍ കിട്ടിയില്ലെന്ന് പോലും പരാതികളുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ ഡയറക്ടര്‍ സെല്ലിംഗ് നിയമത്തില്‍ പഴുതുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി നിലവിലെ നിയമം റദ്ദാക്കിയിരുന്നു. പിന്നാലെ ഡയറക്ട് സെല്ലിംഗിന് മാനദണ്ഡം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ സമതിയെ നിയമിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചത്.

കേരളാ ഗവണ്‍മെന്റ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഇതിന് ചുമതല കൊടുത്തത്. മാനദണ്ഡങ്ങള്‍ ഉണ്ടാക്കി അനുമതി കൊടുക്കേണ്ട ചുമതല അടക്കം സമതിയില്‍ നിക്ഷിപ്തമായിരുന്ന്. എന്നാല്‍, ഇത് പ്രകാരം അപേക്ഷ കൊടുത്തിട്ടും, ഈ കമ്മറ്റി ഫിജി കാര്‍ട്ടിന് ഇതുവരെ അപ്രൂവല്‍ കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി മണി ചെയിന്‍ മോഡല്‍ ബിസിനസ് നടത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ പണം ശേഖരിക്കല്‍ മാത്രമാണ് നടക്കുന്നത്. അംഗത്വം എടുത്തവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുത്തില്ലെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഫിജി കാര്‍ട്ടിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഡയറക്ട് മാര്‍ക്കറ്റിങും ഇകൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിക്കുന്ന ലോകത്തെ ആദ്യ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന അവകാശവാദത്തോടെയാണ് ബോബി ഫിജികാര്‍ട്ടിനെ അതരിപ്പിച്ചത്. 2016 ഒക്ടോബറില്‍ ദുബായിലാണ് ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ മാതൃക(ഫിജിറ്റല്‍) ആദ്യമായി പരീക്ഷിച്ചത്. അവിടെ നേടിയ സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് കേരളത്തിലും പരീക്ഷിച്ചതെന്നായിരുന്നു ബോബിയുടെ അവകാശവാദം. നിരവധി സ്ത്രീകളെ ഈ സ്ഥാപനത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിയമപരമായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നായിരുന്നു ബോബിയുടെ അവകാശവാദം.

അതുകൊണ്ട് തന്നെ ബോബിയുടെ ചൊല്‍പ്പടയില്‍ നിയമവിരുദ്ധമായി മണിചെയിന്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അംഗങ്ങളായവരാണ് ബോബിക്ക് സിന്ദാബാദ് വിളിച്ചു ഇന്നലെ ഹൈക്കോടതിക്ക് പുറത്തെത്തിയത്. ഇന്നലെ വൈകുന്നേരം ബോബി ചെമ്മണ്ണൂരിനെ താമസിപ്പിപ്പിച്ചിട്ടുള്ള കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ബോബി പുറത്തിറങ്ങും എന്നു കരുതിയാണ് ഫാന്‍സുകാര്‍ എത്തിയത്. എന്നും ബോച്ചേയ്ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായിട്ടാണ് ഫിജികാര്‍ട്ടിലെ വനിതാ ജീവനക്കാര്‍ എത്തിയത്.

രണ്ട് ദിവസമായി തന്നെ ഇവര്‍ക്ക് ജയിലിന് മുന്നിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലും ബോബി കാമ്പയിന്‍ ശക്തമായിരുന്നു. ഈ കാമ്പയിനാണ് കോടതിയെ വിമര്‍ശിക്കുന്ന വിധത്തിലേക്ക് നീങ്ങിത്. ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റം പ്രഥമദൃഷ്്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നതുപോലെയുള്ള സമാനമായ കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ജാമ്യം അനുവദിച്ച കോടതി വിധിയില്‍ നിര്‍ദേശിച്ചിരുന്നു.

ഓള്‍ കേരള മെന്‍സ് അസോസിയേഷനും ബോച്ചെയെ സ്വീകരിക്കാന്‍ ജയിലിന് മുന്‍പില്‍ ഇന്നലെ എത്തിയിരുന്നു. 'ഒറ്റയ്ക്കല്ല ഒന്നിച്ച് മുന്നോട്ട്' എന്നെഴുതിയ ഫ്ളക്സുമായിട്ടാണ് ഇവര്‍ എത്തിയത്. ബോച്ചെ പുറത്തിറങ്ങുന്നത് പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പൂമാലയിട്ട് സ്വീകരിക്കുമെന്നും ഫ്ളക്സില്‍ എഴുതിയിട്ടുണ്ട്.

ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ പൊതുവേദികളില്‍ പിന്തുടര്‍ന്ന് അവഹേളിക്കുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിലാണ് ബോച്ചെ അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പിന്നാലെ കോടതിയില്‍ രഹസ്യമൊഴിയും നല്‍കി. തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം വയനാട്ടിലെ ബോച്ചെയുടെ റിസോര്‍ട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോച്ചെയുടെ സമൂഹമാദ്ധ്യമ വീഡിയോകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുകയും തെളിവുകളാക്കി മാറ്റുകയും ചെയ്തിരുന്നു.