- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരക രോഗമുള്ള പന്നികളെ കടത്തി വിടുന്നത് കൈക്കൂലി വാങ്ങി; കള്ളനെ കർഷകർ പിടിച്ചിട്ടും നടപടിയില്ല; പരാതി പറയാൻ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ വിളിച്ചപ്പോൾ കിട്ടിയതും പരിഹാസം; ഫ്രീ ആകുമ്പോൾ ഒന്നു വിളിക്കാമോ എന്ന് ചോദിച്ചപ്പോൾ കിട്ടിയത് 'കേരളത്തിലെ സിഎമ്മിന്റെ പൊളിറ്റിക്കൽ സെക്രട്ടറി നിങ്ങളെ തിരിച്ചു വിളിക്കണം എന്നാണോ പറയുന്നത്' എന്ന പുച്ഛം; കിഫയുടെ ആരോപണം ഗൗരവതരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി കർഷക സംഘടനയായ കിഫ. കേരളത്തിലെ കർഷകരെ ഉന്മൂലനം ചെയ്യാൻ കേരള സർക്കാർ ഒത്താശ ചെയ്യുന്നോ? കേരളത്തിലെ പന്നി കർഷകരുടെ പന്നികളെ പന്നിപ്പനിയുടെ പേരിൽ കൊന്നൊടുക്കാൻ ഉത്സാഹം കാണിക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥർ, ഇതിലും വലിയ മാരക രോഗങ്ങൾ ഉള്ള പന്നികളെ തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടത്തിവിടാൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ പരാതി പറയാൻ വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം.
മന്ത്രിമാരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ വിളിച്ചപ്പോൾ അദ്ദേഹം മീറ്റിങ്ങിൽ ആണ് ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കൂ എന്നാണ് അറിയിച്ചത്, അദ്ദേഹം ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കാമോ എന്ന് ചോദിച്ചതിന് ലഭിച്ച മറുപടി 'കേരളത്തിലെ സിഎമ്മിന്റെ പൊളിറ്റിക്കൽ സെക്രട്ടറി നിങ്ങളെ തിരിച്ചു വിളിക്കണം എന്നാണോ പറയുന്നത്' എന്ന പുച്ഛത്തോടെ കൂടിയുള്ള മറുപടിയാണ് ലഭിച്ചത്. കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണത്തിന്റെ ജനകീയ മുഖം ഇതാണ് എന്ന് കിഫ വിശ്വസിക്കട്ടെ. മുഖ്യമന്ത്രിയുടെ തന്നെ ചീഫ് പ്രൈവറ്റ് സെക്രട്ടറി കെ എം അബ്രഹാം അവധിയിലാണ് എന്നത് അറിയിച്ചതിനാൽ, മറ്റൊരു അഡിഷണൽ സെക്രട്ടറി പി ഗോപനെ വിളിച്ചപ്പോഴാണ്, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ വിളിക്കണം എന്ന് ആവശ്യപ്പെട്ടതെന്നും പത്രക്കുറിപ്പിൽ കിഫ പറയുന്നു. വ്യാപക തോതിൽ മാരക രോഗമുള്ള പന്നികൾ അതിർത്തി കടന്ന് കേരളത്തിലെത്തുന്നുവെന്നാണ് ആരോപണം.
പത്രക്കുറിപ്പിൽ കഴിഞ്ഞ ദിവസം രാത്രി സംഭവിച്ചതെല്ലാം കിഫ വിശദീകരിക്കുന്നുണ്ട്-കേരള സർക്കാരിന്റെ തന്നെ ഉത്തരവ് പ്രകാരം, കേരളത്തിൽ പന്നി പനി തുടങ്ങിയ മാരക വൈറസ് രോഗങ്ങൾ ഉള്ള പന്നികളെ ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നത് മേൽപറഞ്ഞ സർക്കാർ ഉത്തരവ് പ്രകാരം 2023 ജനുവരി 16 വരെ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നടപ്പിലാക്കാൻ കേരളത്തിലെ പൊലീസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ, എന്നിവരുടെ കൂട്ടായ പ്രവർത്തനം ഉണ്ടാവേണ്ടതും ആണ്. എന്നാൽ മേൽപ്പറഞ്ഞ വസ്തുതകൾ എല്ലാം നിലനിൽക്കുമ്പോഴും, കേരളത്തിലെ കർഷകരുടെ വളർത്തുപന്നികളെ പന്നി പനിയുടെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കുകയും, ഈ മേഖലയിലുള്ള കേരളത്തിലെ കർഷകരെ മുഴുവനായും പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത്, നിരോധനം നിലനിൽക്കുന്ന ഇതരസംസ്ഥാന പന്നി കടത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് കേരള സർക്കാരും അനുബന്ധ വകുപ്പുകളും സ്വീകരിച്ചിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ കിഫാ ചെയർമാൻ അലക്‌സ് ഒഴുകയിൽ ആരോപിക്കുന്നു.
ഇങ്ങനെയെല്ലാം കേരളത്തിലെ കർഷകരെ ദ്രോഹിക്കാൻ ഔദ്യോഗിക പദവികൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാരുടെ ഒത്താശയോടയാണ് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി തമിഴ്‌നാട്ടിൽ നിന്നും മാരകരോഗങ്ങൾ ബാധിച്ച പന്നികളെ യാതൊരു പരിശോധനയും കൂടാതെ പാലക്കാട് തിരുവനന്തപുരം മേഖലകളിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ കടത്തിവിടുന്നത്. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരും, കിഫയും, പലവട്ടം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ അഴിമതി പണം വാങ്ങി ഈ അനധികൃത കള്ളക്കടത്തിന് കൂട്ടു നിൽക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു ഭരണമോ ഭരണസംവിധാനവും പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം രൂക്ഷമായപ്പോഴാണ്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതിയും, കേരളത്തിലെ പന്നി കർഷകരുടെ നിലനിൽപ്പിനു വേണ്ടിയും കർഷകർ നേരിട്ട് ചെക്ക് പോസ്റ്റുകളിൽ കാവൽ നിന്ന് ഈ അനധികൃത കള്ളക്കടത്ത് വെളിയിൽ കൊണ്ടുവരികയും പരസ്യമായി തടയുകയും ചെയ്യുക എന്ന നിലപാടിലേക്ക് എത്തിയത്.
അങ്ങനെയാണ് നവംബർ മൂന്നാം തീയതി രാത്രി പത്തരയോടെ കൂടി വാളയാർ ചെക്‌പോസ്റ്റിൽ നിന്നും അനധികൃതമായി കടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ ടിഎൻ 30 ബിപി 0906 ഭാരത് ബെൻസ് ലോറി കർഷകർ പിന്തുടർന്ന് പന്നിയങ്കര ചെക്ക് പോസ്റ്റ് കഴിഞ്ഞ ഭാഗത്ത് വെച്ച് തടയുന്നത്. ഇത്രയും അധ്വാനം ചെയ്ത കർഷകർ അതിനുശേഷം ഈ സംസ്ഥാനത്തെ നിയമപരമായ നടപടികൾ എടുക്കുവാനായി സർക്കാരിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളെ അറിയിച്ചിട്ടും നാലാം തീയതി വൈകിട്ട് ഈ നേരം വരെ യാതൊരു നടപടിയും എടുത്തിട്ടില്ല. കേരളത്തിലെ കർഷകരുടെ വളർത്തു പന്നികളെ കൊന്നൊടുക്കുവാൻ ഉത്സാഹം കാണിക്കുന്ന സർക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നത് എന്തുകൊണ്ട് എന്ന് സാമാന്യ ബുദ്ധിയുള്ള കേരള ജനത ചിന്തിക്കട്ടെ എന്നെ പറയാനുള്ളൂ. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, പ്രൈവറ്റ് സെക്രട്ടറിമാർ ആയ സുനിൽകുമാർ, വിമൽ, അനിൽ ഗോപിനാഥ് എന്നിവരെ വിളിച്ചു എങ്കിലും പലരും ഫോൺ എടുക്കുകയോ, കൃത്യമായ നടപടികൾ സ്വീകരിക്കാനുള്ള മാർഗനിർദ്ദേശം താഴെത്തട്ടിലേക്ക് നൽകുകയോ ചെയ്തിട്ടില്ല.
മന്ത്രിമാരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ വിളിച്ചപ്പോൾ അദ്ദേഹം മീറ്റിങ്ങിൽ ആണ് ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കൂ എന്നാണ് അറിയിച്ചത്, അദ്ദേഹം ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കാമോ എന്ന് ചോദിച്ചതിന് ലഭിച്ച മറുപടി 'കേരളത്തിലെ സിഎമ്മിന്റെ പൊളിറ്റിക്കൽ സെക്രട്ടറി നിങ്ങളെ തിരിച്ചു വിളിക്കണം എന്നാണോ പറയുന്നത്' എന്ന പുച്ഛത്തോടെ കൂടിയുള്ള മറുപടിയാണ് ലഭിച്ചത്. കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണത്തിന്റെ ജനകീയ മുഖം ഇതാണ് എന്ന് കിഫ വിശ്വസിക്കട്ടെ. മുഖ്യമന്ത്രിയുടെ തന്നെ ചീഫ് പ്രൈവറ്റ് സെക്രട്ടറി കെ എം അബ്രഹാം അവധിയിലാണ് എന്നത് അറിയിച്ചതിനാൽ, മറ്റൊരു അഡിഷണൽ സെക്രട്ടറി പി ഗോപനെ വിളിച്ചപ്പോഴാണ്, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ വിളിക്കണം എന്ന് ആവശ്യപ്പെട്ടത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ഐഎസിനെ പലതവണ വിളിക്കുകയും ഈ കാര്യത്തിൽ കർശനമായ നടപടിയെടുക്കണമെന്ന് ഗൗരവം പറഞ്ഞു മനസ്സിലാക്കി അദ്ദേഹം അത് ഉറപ്പ് നൽകുകയും ചെയ്തതാണ്. എന്നാൽ തലേന്ന് രാത്രി തുടങ്ങിയ വാഗ്ദാനത്തിന് പിറ്റേന്ന് വൈകിട്ട് ആയിട്ടും നടപടിയൊന്നും കാണാത്തതിനാൽ വീണ്ടും വിളിക്കുമ്പോൾ അദ്ദേഹം ഫോൺ എടുക്കുന്നില്ല എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ മറ്റൊരു മികച്ച മുഖം. ഇവരുടെയെല്ലാം കീഴിൽ വരുന്ന വടക്കഞ്ചേരിയിലെ പ്രാദേശിക പൊലീസിൽ നിന്നും എന്ത് നടപടി ഉണ്ടായി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിന്റെ രണ്ടു വാഹനവും അതിൽ എന്ത് ചെയ്യണം എന്നറിയാതെ മുകളിലോട്ട് മിഴിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും ആണ് ഉള്ളത്. കേരളത്തിലെ ഉത്തരവാദിത്വം ഇല്ലാത്ത ഭരണത്തിന്റെ ഏറ്റവും പുതിയ നേർക്കാഴ്ചയാണ് ഈ സംഭവത്തിന്റെ തുടക്കം മുതൽ ഈ നേരം വരെയുള്ള സർക്കാർതലത്തിലുള്ള ഇടപെടലുകൾ കാണുമ്പോൾ മനസ്സിലാക്കേണ്ടത്.
ഈ നാട്ടിലെ സർക്കാർ നിരോധിച്ച ഒരു കാര്യത്തിന്, സർക്കാർ ഉദ്യോഗസ്ഥർ തന്നെ കൈമടക്കു വാങ്ങി യഥേഷ്ടം അനുമതി കൊടുക്കുമ്പോൾ, സാധാരണ പൗരന്മാർ പ്രത്യേകിച്ച് കർഷകർ അത് തടയാൻ ശ്രമിക്കുമ്പോൾ സകല ഉത്തരവാദിത്വവും അവരുടെ തലയിൽ കെട്ടിവച്ച് ഊരാൻ നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥ സംവിധാനം ഈ നാടിന് അപമാനമാണ്. നിലവിൽ തടഞ്ഞിട്ടിരിക്കുന്ന വണ്ടികളുടെ കാവൽ പോലും കർഷകരുടെ ബാധ്യതയായി മാറുന്ന കാഴ്ചയാണ് നവോത്ഥാന കേരളത്തിൽ കാണുന്നത്. കർഷകരുടെ ന്യായമായ നിലനിൽപ്പിനു വേണ്ടി ഉള്ള ശ്രമങ്ങളെ വെറും രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞു തള്ളി കളയാൻ തയ്യാറായി നിൽക്കുന്ന, കപട രാഷ്ട്രീയക്കാരോട്, ഒന്നേ പറയാൻ ഉള്ളൂ, സാധ്യമായ എല്ലാ രീതിയിലും ഈ സർക്കാരിന് കീഴിൽ ഉള്ള വകുപ്പുകളെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഒരു ചെറു വിരൽ പോലും നിങ്ങളുടെ ഭരണ സംവിധാനം ഈ നാട്ടിലെ കർഷകർക്ക് വേണ്ടി ചലിപ്പിച്ചില്ല എന്നത് ഓർമ്മ ഉണ്ടാവണമെന്നും കിഫ പറയുന്നു
കേരളത്തിലെ സാധാരണക്കാരനെ ഒരു മുടിനാരിഴയുടെ പേരിൽ പോലും നിയമത്തിന്റെ നൂലാമാലകളിൽ കുരുക്കിയിട്ട്, രക്തം ഊറ്റി കുടിക്കുന്ന സർക്കാരും, സർക്കാർ വകുപ്പുകളും, സർക്കാർ ഉദ്യോഗസ്ഥരും ഉള്ള ഈ നാട്ടിൽ, എന്തായാലും ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ, ഈ രാജ്യത്തെ നിയമവ്യവസ്ഥയെ മാനിച്ചുകൊണ്ട് നിയമപരമായ പരാതികൾ നൽകിക്കൊണ്ട് തളരാതെ മുന്നോട്ടുപോകാൻ തന്നെയാണ് കിഫയുടെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ