- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ ഇന്ധന സ്വിച്ച് ബോധപൂര്‍വം മാത്രമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂ; സംഭവിച്ചത് പൈലറ്റുമാരുടെ പിഴവെന്ന വാദവും ശക്തം; പൈലറ്റുമാരുടെ മെഡിക്കല്‍ ചരിത്രവും പരിശോധിക്കുന്നു; അപകടമുണ്ടായ വിമാനത്തിന്റെ ക്രൂ അംഗങ്ങളിലൊരാള്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍
വിമാനത്തിലെ ഇന്ധന സ്വിച്ച് ബോധപൂര്‍വം മാത്രമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂ
അഹ്‌മദാബാദ്: അഹ്‌മദാബാദ് വിമാനാപകടത്തിന് കാരണമായത് പറന്നുയര്‍ന്ന ഉടനെ രണ്ട് എന്‍ജിനുകളിലെയും ഇന്ധന സ്വിച്ചുകള്‍ റണ്‍ മോഡില്‍നിന്ന് കട്ട് ഓഫിലേക്ക് മാറിയതെന്ന് വ്യക്തമായതോടെ അപകടത്തിലേക്ക് നയിച്ചത് പൈലറ്റുമാരില്‍ ഒരാളുടെ അപകടകരമായ അനാസ്ഥാണെന്ന സാധ്യതകളാണ് സജീവം. ബോയിംങ് വിമാനത്തിന്റെ സ്വിച്ചുകളുടെ തകരാറും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.
അതേസമയം പൈലറ്റുമാരു െവീഴ്ച്ചകളിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോഡിങ്ങില്‍ പതിഞ്ഞ പൈലറ്റുമാരുടെ സംഭാഷണവും ഇന്ധന സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് ഉറപ്പിക്കുന്നതാണ്.
എന്നാല്‍, പൈലറ്റുമാരുടെ പിഴവുമൂലം സംഭവിച്ചതാണോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാകാന്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരെ കാത്തിരിക്കേണ്ടിവരും. വിമാന എന്‍ജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകളാണിത്. രണ്ട് പൊസിഷനുകളാണ് ഇതിനുള്ളത്. വിമാനം പ്രവര്‍ത്തിക്കുമ്പോഴുള്ള 'റണ്‍' മോഡും നിര്‍ത്തുമ്പോഴുള്ള 'കട്ട് ഓഫ്' മോഡും. വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓണാക്കാനും ഓഫാക്കാനും പാലിക്കേണ്ട കാര്യങ്ങളുണ്ട്.
സ്വിച്ചുകള്‍ക്ക് സുരക്ഷയായി ബ്രാക്കറ്റുകളുള്ളതിനാല്‍ കൈ തട്ടിയും മറ്റും അറിയാതെ ഓണ്‍ ആകാനോ ഓഫാകാനോ സാധ്യതയില്ല. ബോയിങ് 787 ഡ്രീംലൈനറില്‍ ത്രസ്റ്റ് ലിവറുകള്‍ക്ക് (കാറിന്റെ ആക്‌സിലറേറ്റര്‍ പോലെ വേഗത കൂട്ടാനും കുറക്കാനുമുള്ള ലിവര്‍) താഴെയാണ് ഇന്ധന സ്വിച്ചുകള്‍. അപകടത്തില്‍പെട്ട എ.ഐ 171 വിമാനത്തിന്റെ ഈ സ്വിച്ചുകള്‍ രണ്ടും ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഓഫ് ചെയ്തത്. പിന്നാലെ അത് ഓണാക്കിയിട്ടുണ്ട്.
വിമാന എന്‍ജിന്‍ ഓണ്‍ ആകുന്നത് രണ്ടുഘട്ട നടപടികളിലൂടെയാണ്. സ്റ്റാര്‍ട്ട് ബട്ടന്‍ ഓണ്‍ ചെയ്ത് ഇന്ധന സ്വിച്ച് റണ്‍ മോഡിലേക്ക് മാറ്റുന്നു. അതിനുപിന്നാലെ ഒരുപാട് കാര്യങ്ങള്‍ സ്വാഭാവികമായി എന്‍ജിനുള്ളില്‍ നടക്കും. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുവെന്നാല്‍ ഇന്ധനം എന്‍ജിനുള്ളിലെത്തുന്നു എന്നുറപ്പാണ്. ബോധപൂര്‍വം മാത്രമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂ.
ഇതോടെ പൈലറ്റുമാരുടെ മെഡിക്കല്‍ ചരിത്രം പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അപകടമുണ്ടായ എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്രൂ അംഗങ്ങളിലൊരാള്‍ ചികിത്സയിലായിരുന്നുവെന്നും അപകടത്തിനുമുമ്പ് ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നെന്നും പല എയര്‍ ഇന്ത്യ പൈലറ്റുമാരും തന്നോട് പറഞ്ഞതായി വ്യോമ മേഖലയിലെ സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍.
ഇത് മുതിര്‍ന്ന മാനേജ്‌മെന്റിന് അറിയില്ലെങ്കില്‍ അത് അത്ഭുതകരമാണ്. പൈലറ്റുമാരുടെ മെഡിക്കല്‍ ചരിത്രം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കാന്‍ പല ഇന്ത്യന്‍ വിമാനക്കമ്പനികളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സും (ഡി.ജി.സി.എ) പോലും തയാറായിട്ടില്ലെന്ന് രംഗനാഥന്‍ ആരോപിച്ചു.
വിമാനത്തിന്റെ ക്യാപ്റ്റന്‍ 'പൈലറ്റ് മോണിറ്ററിങ്' (പി.എം) ആയിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സഹപൈലറ്റായ ഫസ്റ്റ് ഓഫിസര്‍ ക്ലീവ് കുന്ദര്‍ ആയിരുന്നു പൈലറ്റ് ൈഫ്‌ലയിങ് (പി.എഫ്). കുന്ദറിന്റെ രണ്ടു കൈകളും വിമാനത്തിന്റെ കണ്‍ട്രോള്‍ കോളമില്‍ ആയിരുന്നു. പൈലറ്റ് മോണിറ്ററിങ്ങായ സബര്‍വാളിന്റെ രണ്ടു കൈകള്‍ സ്വതന്ത്രവുമായിരുന്നുവെന്നും രംഗനാഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധന സെലക്ടറുകള്‍ സ്ലൈഡിങ് തരത്തിലുള്ളതല്ലാത്തതിനാല്‍ ഓട്ടോമാറ്റിക്കായോ അല്ലെങ്കില്‍ വൈദ്യുതി തകരാര്‍മൂലമോ എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലയ്ക്കില്ല. ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. മാനുവലായി മനപ്പൂര്‍വം ഓഫാക്കിയതാണിത്.' - മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.
പൈലറ്റുമാര്‍ ബോധപൂര്‍വമുണ്ടാക്കുന്ന അപകടങ്ങള്‍ അപൂര്‍വമായി നടന്നിട്ടുണ്ട്. 2015ല്‍ ജര്‍മന്‍ വിങ്‌സ് വിമാനം സഹപൈലറ്റ് ബോധപൂര്‍വം ഫ്രഞ്ച് ആല്‍പ്‌സിലേക്ക് ഇടിച്ചിറക്കി വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടിരുന്നു. ദുരൂഹതയില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370 ഇതുപോലെയുള്ള പ്രവൃത്തിയിലാണ് മറഞ്ഞതെന്ന് അഭിപ്രായമുണ്ട്. 1999ല്‍ ഈജിപ്ത് എയര്‍ വിമാനം (990), 1997ല്‍ സില്‍ക്ക് എയര്‍ വിമാനം (185), 2022ല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം (5735) എന്നിവ അപകടത്തില്‍പെട്ടതും ബോധപൂര്‍വമുള്ള പ്രവൃത്തി വഴിയാണോ എന്ന സംശയം നീങ്ങിയിട്ടില്ല.
ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.