തിരുവനന്തപുരം: ഫിൻലണ്ടിലെ 'വിദ്യാഭ്യാസ പഠനം' ആദ്യം വേണ്ടെന്ന് വച്ചു. കോടിയേരിയെ യാത്രയാക്കി നേരെ ഒട്ടും കളയാതെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യം വിട്ടു. കണ്ണൂരിൽ കണ്ട ഇടർച്ച ഇനി വാക്കുകളിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും ഒപ്പം പുലർച്ചെ 3.45നായിരുന്നു മുഖ്യമന്ത്രി തിരിച്ചത്.

ചെന്നൈ അപ്പോളാ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ ചികിൽസ. തിരുവനന്തപുരത്ത് നിന്നാണ് കോടിയേരി ചികിൽസയ്ക്കായി പോയത്. മരുതൻകുഴിയിൽ വീടുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടു വരുമെന്ന് ഏവരും കരുതി. കോടിയേരി പഠിച്ചതും ജീവിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോൾ ഒഴിച്ച് പ്രധാന തട്ടകം തിരുവനന്തപുരം തന്നെയായിരുന്നു. എന്നാൽ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് എത്തിച്ചില്ല. എകെജി സെന്ററിൽ കോടിയേരി അതുകൊണ്ട് തന്നെ വീണ്ടുമെത്തിയില്ല.

തിരുവനന്തപുരത്തുകൊണ്ടു വന്ന് റോഡുമാർഗ്ഗം കണ്ണൂരിലേക്ക് കൊണ്ടു പോയിരുന്നുവെങ്കിൽ കോടിയേരിക്ക് കേരളത്തിനാകെ അന്തിമോപചാരം അർപ്പിക്കാൻ അവസരം വരുമായിരുന്നു. പല നേതാക്കളുടേയും അന്ത്യയാത്ര അത്തരത്തിൽ നടന്നു. എന്നാൽ സൗകര്യം കണക്കിലെടുത്ത് കണ്ണൂരിൽ കോടിയേരിയുടെ മൃതദേഹം വിമാനത്തിൽ എത്തിച്ചു. എല്ലാത്തിനും പിണറായി നേരിട്ട് നേതൃത്വം നൽകി. അനുശോചന യോഗത്തിൽ പതറി. പക്ഷേ അതിന് ശേഷം യാത്ര വിദേശത്തേക്കുമായി. ഈ യാത്ര വൈകാതിരിക്കാനാണ് തിരുവനന്തപുരത്തേക്ക് കോടിയേരിയുടെ മൃതദേഹം കൊണ്ടു വരാത്തതെന്നും വിമർശനം ഇപ്പോൾ ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ വിലാപ യാത്ര എത്തിയ ശേഷമായിരുന്നു സംസ്‌കാരമെങ്കിൽ ഇന്ന് പുലർച്ചെ പിണറായിക്ക് വിദേശത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് ഇപ്പോൾ പോകുന്നത്. അഞ്ചുമുതൽ ഏഴുവരെ നോർവേയിലും ഒമ്പതുമുതൽ 12 വരെ യു.കെ.യിലുമാണ് സന്ദർശനം. ഫിൻലൻഡിലേക്കു പോകാനിരുന്ന ആദ്യഘട്ട പര്യടനം കോടിയേരിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. വിദ്യാഭ്യാസ മോഡൽ പഠനത്തിനായിരുന്നു ഈ യാത്രയിലൂടെ ലക്ഷ്യമിട്ടത്. യുകെയിൽ നിന്ന് നോർവ്വയിലേക്കും മുഖ്യമന്ത്രി പോകുമെന്ന സൂചനയുണ്ട്.

ഒക്ടോബർ ഒന്നിനാണ് പോകാനിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാർത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടൻ പോകില്ലെന്നും കരുതി. എന്നാൽ വിദേശത്തെ കൂടിയാലോചനകൾ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിൻലൻഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം അനുഗമിക്കുന്നുണ്ടോ എ്‌ന് വ്യക്തമല്ല. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്‌മാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം.

നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം. ഇത് ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.

നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ നോർവീജിയൻ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോർവേയിൽ എത്തുന്നുണ്ട്. ഇംഗ്ലണ്ടിലേക്കും വെയ്ൽസിലേക്കും ആരോഗ്യമന്ത്രി വീണാ ജോർജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേർക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. പതിമൂന്നാം തീയതി വരെയാണ് സന്ദർശനം. ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.