തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങൾ കാരണം മുഖ്യമന്ത്രി പിണറായി വിജയന് റോഡിലൂടെയുള്ള യാത്ര മടുത്തു. പലപ്പോഴും ഹെലികോപ്റ്ററിലാണ് യാത്ര ചെയ്യുന്നത്. ഇത് പലരോടും അഭ്യർത്ഥിച്ചാണ് തയ്യാറാക്കുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും ഹെലികോപ്റ്റർ വാടകയക്ക് എടുക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ. ഖജനാവിൽ പണമില്ലാത്ത അവസ്ഥയിലാണ് ഉയർന്ന മാസവാടക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു വർഷം മുൻപു വേണ്ടെന്നുവച്ച ഹെലികോപ്റ്റർ ഇടപാടുമായി വീണ്ടും സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ വെറ്റ്ലീസ് വ്യവസ്ഥയിൽ (പൈലറ്റ് സഹിതം) വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ ടെൻഡർ വിളിക്കും. മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ യാത്രകൾക്ക് വേണ്ടിയാകും പ്രധാനമായും ഇത് ഉപയോഗിക്കുക. ഇതിലൂടെ റോഡിലെ കരിങ്കൊടികളെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പവൻഹംസ് കമ്പനിയിൽനിന്നു ടെൻഡറില്ലാതെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതു വിവാദമായിരുന്നു. അന്ന് ഖജനാവിൽ നിന്നും വെറുതെ പണം കൊടുക്കുകയായിരുന്നു ചെയ്തത്.

ഒരു വർഷം മുൻപുള്ള ടെൻഡറിൽ ന്യൂഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷനിൽനിന്നു ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ ധാരണയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമായിരുന്നു. അൽപം കൂടി നിരക്കു കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി തള്ളി. ഇത്രയും ഉയർന്ന തുകയ്ക്കു ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതു വിവാദമായതോടെ ഇടപാട് സർക്കാർ മരവിപ്പിക്കുകയായിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പവൻഹംസ് കമ്പനിയിൽനിന്നു ടെൻഡറില്ലാതെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതു വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വർഷത്തേക്കു ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചപ്പോഴാണ് 2021 അവസാനം പുതിയ ടെൻഡർ വിളിച്ചത്. അത് ശരിയായതുമില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള ഹെലികോപ്റ്റർ യാത്രകൾ വിവാദമായിരുന്നു. തൃശൂരിൽ പാർട്ടി സമ്മേളനത്തിൽ നിന്നും പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റർ വാടക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങൾക്ക് എരിവും പുളിയും നൽകി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകൾ സജീവമായത്. വി എസ് സർക്കാരിന്റെ കാലത്ത് സമാനമായ രീതിയിൽ ശുപാർശ വന്നെങ്കിലും അന്ന് ഈ ആവശ്യം വി എസ് തള്ളിക്കളഞ്ഞിരുന്നു. ഖജനാവിന് അധിക ബാധ്യത വരുന്ന തീരുമാനങ്ങൾ എടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് ഈ ശുപാർശ തള്ളിക്കളഞ്ഞത്.

ഈ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു. ഡിജിപി തന്നെയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും. ഈ വിവാദങ്ങൾ വന്നപ്പോൾ 60 കോടി രൂപയുടെ ഹെലികോപ്റ്റർ സർക്കാർ സ്വന്തമായി വാങ്ങാൻ പദ്ധതിയിട്ടിരുന്നു. അന്ന് വാടക അന്വേഷിച്ചപ്പോൾ പ്രതിവർഷം 8 കോടി രൂപ നൽകേണ്ടിവരും എന്നാണ് സർക്കാരിനു മുന്നിൽ വന്നത്. അതിനാലാണ് സ്വന്തമായി ഹെലികോപ്റ്റർ എന്ന ആശയം വന്നത്. അറ്റകുറ്റപ്പണികൾക്ക് ഓരോ മാസവും 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നൽകണ്ടിയും. നാല് പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് ഹെലികോപ്റ്ററിനു വേണ്ട ജീവനക്കാർ. ഇതാണ് അന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതൊന്നും പക്ഷേ നടന്നില്ല.

അതിനിടെ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കടമെടുപ്പ് സർക്കാരിന്റെ ആകെ കടമെടുപ്പു പരിധിയിൽ വരുമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വ്യക്തമാക്കിയിട്ടും പെൻഷൻ കമ്പനിക്കു വേണ്ടി വീണ്ടും കടമെടുക്കാൻ സർക്കാർ. കമ്പനിയുടെ 6000 കോടി രൂപയുടെ കടമെടുപ്പിനു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖജനാവിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ കടമെടുപ്പ്. ഭാവിയിൽ വമ്പൻ പ്രതിസന്ധിയിലേക്ക് ഇത് കാര്യങ്ങളെത്തിക്കും.

ഇക്കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകൾക്കാണ് ഇതിൽ 4200 കോടി രൂപയുടെ ഗാരന്റി നൽകുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയിൽ എടുക്കുന്ന വായ്പയ്ക്കാണ്. പെൻഷൻ നൽകുന്നതിനുള്ള പണം കണ്ടെത്തുന്നതിനെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാർ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്. ഫണ്ട് കണ്ടെത്താൻ പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്കു സെസ് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമേയാണു കടമെടുപ്പിനു ഗാരന്റി നൽകുന്നത്.