- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്ന് ഹർജി; ലോകായുക്തയിൽ തന്നെ പരാതി നൽകാൻ വാക്കാൽ നിർദ്ദേശിച്ച് ഹൈക്കോടതി; ബില്ലിൽ ഗവർണ്ണർ ഒപ്പിടാത്തത് തിരിച്ചടി; ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം പിണറായിയെ വീഴ്ത്തുമോ?
കൊച്ചി: ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് കേസ് നിർണ്ണായക ഘട്ടത്തിലേക്ക്. ലോകായുക്താ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. ഇതിിടെ മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതിയാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി നൽകാൻ ഹർജിക്കാരന് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ ഹർജിയിൽ ലോകായുക്ത എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. നിലവില നിയമം അനുസരിച്ച് വിധി എതിരായാൽ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും.
വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരേ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വാക്കാലുള്ള നിർദ്ദേശം. ഹർജി ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ വർഷം മാർച്ച് 22-ന് ഉത്തരവിനായി മാറ്റിയ പരാതിയിൽ ഇതുവരെ വിധി പറയാത്ത സാഹചര്യത്തിലായിരുന്നു ഹർജി. ഒരു വർഷമായി വിധിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ഈ വിധിയെ മറികടക്കാനാണ് പുതിയ ഭേദഗതികൾ കൊണ്ടു വന്നത്. എന്നാൽ ആ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടില്ല.
ലോകായുക്തയിൽ പരാതി നൽകിയ തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറാണ് ഹർജിക്കാരൻ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും ഉൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. എൻ.സി.പി. നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എംഎൽഎ. രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്കു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും അനുവദിച്ചതും ചോദ്യം ചെയ്തു.
സിപിഎം. സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ട് മരണപ്പെട്ട സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചതും പരാതിയാണ്. ആർഎസ് ശശികുമാർ ലോകായുക്ത രജിസ്റ്റാറെ എതിർകക്ഷിയാക്കി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെടി ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പു വയ്ക്കാൻ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു.
ഇപ്പോൾ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാൽ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമന അധികാരി ഗവർണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തിൽ മുഖ്യമന്ത്രിയും.
ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവർണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അഥോറിറ്റിയാക്കി. മന്ത്രിമാർക്കെതിരെയുള്ള വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെയുള്ള വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലറ്റ് അഥോറിറ്റി. എന്നാൽ, ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായില്ല.
മറുനാടന് മലയാളി ബ്യൂറോ