- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാനയിൽ മോദി എത്തിയപ്പോൾ പ്രതിപക്ഷ ഐക്യം ഉയർത്തി കെസിആറിന്റെ ബഹിഷ്കരണം; വന്ദേഭാരതിൽ പിണറായിയെ ഒന്നും അറിയിക്കാതെ കേന്ദ്രം നടത്തിയത് സർജിക്കൽ സ്ട്രൈക്ക്; പ്രകോപനത്തിലെ രാഷ്ട്രീയം അറിയാമെങ്കിലും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണക്കില്ല; തിരുവനന്തപുരത്തെ പരിപാടികളിൽ മോദിയ്ക്കൊപ്പം പിണറായിയും എത്തും
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിടുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദി 25നു തിരുവനന്തപുരത്തു 2 പൊതു പരിപാടികളിൽ പങ്കെടുക്കും. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. തുടർന്നു പള്ളിപ്പുറം ടെക്നോസിറ്റിയിലെ പൊതുസമ്മേളനത്തിൽ മംഗലപുരത്തെ കേരള ഡിജിറ്റൽ സയൻസ് പാർക്കിനു തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ട്രെയിൻ എത്തുന്നത് അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എൻ.െക.പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിനു പിന്നിൽ കപട രാഷ്ട്രീയമാണെന്ന വിമർശനവുമായി ഡിവൈഎഫ്െഎയും രംഗത്തെത്തിയിരുന്നു. ഒന്നും അറിയാത്തതിൽ സംസ്ഥാന സർക്കാരിനും അതൃപ്തിയുണ്ട്. എന്നാൽ മോദി എത്തുമ്പോൾ ഇതൊന്നും കേരളം കാട്ടില്ല. എല്ലാ ഔദ്യോഗിക പരിപാടിയുമായും സഹകരിക്കും.
ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമമുണ്ട്. നേരത്തെ തെലുങ്കാനയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ തെലുങ്കാനാ മുഖ്യമന്ത്രി കെസിആർ സഹകരിച്ചിരുന്നില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതു നടക്കുന്നുണ്ട്. എന്നാൽ സിപിഎം ഭരിക്കുന്ന കേരളം മോദിയുടെ ഔദ്യോഗിക വരവിനെ ബഹിഷ്‌കരിക്കില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
മോദിയുടെ യാത്രയിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. എങ്കിലും തിരുവനന്തപുരത്തേത് ഔദ്യോഗിക പരിപാടികൾ മാത്രമാകും. കൊച്ചിയിലാകും രാഷ്ട്രീയ പരിപാടികൾ. തിരുവനന്തപുരത്ത് ഒരു പിടി പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, തിരുവനന്തപുരം ഷൊർണൂർ സെക്ഷനിലെ വേഗം 110 കിലോമീറ്ററാക്കൽ, അമ്പലപ്പുഴ എറണാകുളം സൗത്ത് ഇരട്ടപ്പാതയുടെയും നേമം കോച്ച് ഡിപ്പോയുടെയും തറക്കല്ലിടൽ എന്നിവയും നിർവഹിച്ചേക്കും.
നവീകരിച്ച കൊച്ചുവേളി സ്റ്റേഷൻ, ദിണ്ടിഗൽ പളനി പൊള്ളാച്ചി പാത വൈദ്യുതീകരണം എന്നിവ നാടിനു സമർപ്പിക്കുന്നതും പട്ടികയിലുണ്ടെന്നാണു സൂചന. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം കൂടി ടെക്നോസിറ്റിയിലെ പരിപാടിയിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും മോദിയുടെ ഓഫീസ് പരിഗണിക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ പരിപാടികളിൽ അന്തിമ രൂപമുണ്ടാകും. വന്ദേ ഭാരത് തീവണ്ടി ഉദ്ഘാടനത്തിന് തന്നെയാകും കൂടുതൽ ഊന്നൽ നൽകുക.
അതേസമയം, വന്ദേഭാരത് മലയാളികൾക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണ് ബിജെപി നേതാവും റെയിൽവേ പിഎസ്‌സി ചെയർമാനുമായ പി.കെ കൃഷ്ണദാസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരിട്ട് ഒരുക്കിയ സർപ്രൈസായിരുന്നു കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്‌പ്രസ്. വന്ദേ ഭാരത് എക്സ്‌പ്രസ് ഈ മാസം 25ന് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യാനുള്ള നീക്കത്തിൽ ശരിക്കും ഒരു ടിപ്പിക്കൽ മോദി ടച്ചുണ്ടെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു. അതിനൊപ്പം കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള സർജിക്കൽ സ്‌ട്രൈക്കും.
ട്രെയിൻ അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് കാര്യമായ വിശദാംശങ്ങൾ ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഉദ്ഘാടനം വരെ കാര്യങ്ങൾ എത്തിയ ശേഷമാണ് വിവരം പരസ്യമായത്. വികസന നീക്കത്തിനൊപ്പം നിൽക്കുമ്പോഴും വന്ദേഭാരതിലൂടെ കേരളത്തിൽ ബിജെപി ലക്ഷ്യമിടുന്ന അതിവേഗ നീക്കത്തെ കുതലോടെയാണ് എതിരാളികൾ കാണുന്നത്. പ്രത്യേകിച്ച് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാരിനിക്കെ.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ലോക്‌സഭാ സീറ്റുകളിൽ ഇത്തവണ ബിജെപി വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. വന്ദേ ഭാരത് ട്രെയിൻ െപട്ടെന്ന് എത്തിയതിനു പിന്നിൽ കപടരാഷ്ട്രീയമാണെന്ന ഡിവൈഎഫ്െഎ കുറ്റപ്പെടുത്തൽ ഈ പശ്ചാത്തലത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ